സംസ്ഥാനത്ത് പരക്കെ മഴ; ഒമ്പത് ജില്ലകളിൽ മഞ്ഞ അലർട്ട്

ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട 'അംപൻ' ചുഴലിക്കാറ്റ് മണിക്കൂറിൽ 14 കിലോമീറ്റർ വേഗതയിൽ വടക്ക്-കിഴക്ക് ദിശയിലായി കഴിഞ്ഞ 6 മണിക്കൂറായി സഞ്ചരിച്ചു കൊണ്ടിരിക്കുകയാണ്.

Update: 2020-05-19 06:00 GMT

തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട 'അംപൻ' ചുഴലിക്കാറ്റ് മണിക്കൂറിൽ 14 കിലോമീറ്റർ വേഗതയിൽ വടക്ക്-കിഴക്ക് ദിശയിലായി കഴിഞ്ഞ 6 മണിക്കൂറായി സഞ്ചരിച്ചു കൊണ്ടിരിക്കുകയാണെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്ന് രാവിലെ 5.30 ന് 15.6°N അക്ഷാംശത്തിലും 86.7°E രേഖാംശത്തിലും എത്തിയിരിക്കുന്നു. ഒഡീഷയിലെ പരാദീപ്‌ തീരത്ത് നിന്ന് ഏകദേശം 520 കി.മീയും പശ്ചിമ ബംഗാളിലെ ദക്ഷിണ ദിഖയിൽ നിന്ന് 670 കി.മീയും ദൂരെയാണിത്.

അടുത്ത മണിക്കൂറുകളിൽ തീവ്രത കുറഞ്ഞു 'ഉം-പുൻ' വീണ്ടും അതിതീവ്ര ചുഴലിക്കാറ്റ് കാറ്റഗറി ചുഴലിക്കാറ്റായി മാറുമെന്നാണ് പ്രതീക്ഷ. നാളെ ഉച്ചയോടെ പശ്ചിമ ബംഗാളിലെ ദിഖ, ബംഗ്ലാദേശിലെ ഹത്തിയ ദ്വീപുകൾ എന്നിവക്കിടയിലൂടെ കരയിലേക്ക് കാറ്റ് പ്രവേശിക്കുമെന്നും തീരപതന സമയത്ത് മണിക്കൂറിൽ 155 മുതൽ 185 കിമീ വരെ വേഗതയുണ്ടാകുമെന്നും കണക്കാക്കുന്നു.

ചുഴലിക്കാറ്റിന്റെ വികാസവും സഞ്ചാരപഥവും അതുമായി ബന്ധപ്പെട്ട് ഉണ്ടാകാൻ സാധ്യതയുള്ള മോശം കാലാവസ്ഥയും കേന്ദ്ര കാലാവസ്ഥ വകുപ്പും ദുരന്ത നിവാരണ അതോറിറ്റിയും സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ്. കാലാവസ്ഥ വകുപ്പിന്റെയും ദുരന്ത നിവാരണ അതോറിറ്റിയുടെയും നിർദേശങ്ങൾ പാലിക്കണം. മത്സ്യത്തൊഴിലാളികൾ ജാഗ്രത നിർദേശം കർശനമായി പാലിക്കണം. അടുത്ത 24 മണിക്കൂറിൽ കേരള തീരത്ത് നിന്ന് മൽസ്യ ബന്ധനത്തിനായി കടലിൽ പോകാൻ പാടുള്ളതല്ല.

കേരളത്തിൽ ചിലയിടങ്ങളിൽ ശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്. രാവിലെ തന്നെ സംസ്ഥാനത്ത് പരക്കെ മഴ പെയ്തു. ചുഴലിക്കാറ്റിന്റെ സ്വാധീനം കൂടി പരിഗണിച്ച് കൊണ്ട് കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയും 'യെല്ലോ' അലർട്ടും കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. 24 മണിക്കൂറിൽ 64.5 മുതൽ 115.5 മി.മീ വരെയുള്ള മഴയാണ് ലഭിക്കുക.  

അടുത്ത മൂന്ന് മണിക്കൂറിനിടെ ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട് എന്നീ ‌ജില്ലകളിൽ ചിലയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വേഗതയിൽ വീശിയടിക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Tags:    

Similar News