റഷ്യന്‍ കൂലി പട്ടാളത്തിലേക്ക് മനുഷ്യക്കടത്ത്; മുഖ്യപ്രതികള്‍ കസ്റ്റഡിയില്‍
തൃശൂര്‍: റഷ്യന്‍ കൂലി പട്ടാളത്തിലേക്ക് മനുഷ്യക്കടത്ത് നടത്തിയ കേസില്‍ മുഖ്യപ്രതികള്‍ കസ്റ്റഡിയില്‍. മുഖ്യ ഏജന്റ് റഷ്യന്‍ പൗരത്വമുള്ള മലയാളിയായ സന്ദീപ് തോമസ്, അയാളുടെ സഹായി സുമേഷ് ആന്റണി, തയ്യൂര്‍ സ്വദേശി സിബി എന്നിവരാണ് കസ്റ്റഡിയിലുള്ളത്. കൊച്ചിയില്‍ നിന്നും തൃശൂരില്‍ നിന്നുമായാണ് ഇവരെ വടക്കാഞ്ചേരി പോലിസ് ഇവരെ കസ്റ്റഡിയിലെടുത്തത്. ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തി. ഇവരെ ചോദ്യം ചെയ്യുകയാണ്. റഷ്യയില്‍ യുദ്ധത്തിനിടെ കൊല്ലപ്പെട്ട ബിനില്‍ ബാബുവിനേയും സന്ദീപ് ചന്ദ്രനേയും ഉള്‍പ്പടെ നിരവധി പേരെ റഷ്യയിലെ കൂലി പട്ടാളത്തിലേക്ക് എത്തിച്ച കേസിലെ പ്രതികളെയാണ് ശനിയാഴ്ച പുലര്‍ച്ചെ കസ്റ്റഡിയിലെടുത്തത്.
കൊല്ലപ്പെട്ട ബിനില്‍ ബാബുവിന്റെ ഭാര്യ ജോയ്‌സി ജോണ്‍, മോസ്‌കോയില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ജെയിന്‍ കുര്യന്റെ പിതാവ് കുര്യന്‍ എന്നിവര്‍ മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്. ശനിയാഴ്ച പുലര്‍ച്ചെ എറണാകുളം, തൃശൂര്‍ എന്നിവിടങ്ങളില്‍ നിന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. 2024 ഏപ്രില്‍ ആറിനാണ് കൊല്ലപ്പെട്ട സന്ദീപ് ചന്ദ്രനും ബിനില്‍ ബാബുവും ഉള്‍പ്പടെ ആറംഗ സംഘത്തെ മോസ്‌കോയില്‍ എത്തിച്ചത്.അലുമിനിയം ഫ്രാബിക്കേഷന്‍, പ്ലംബിങ്ങ് ജോലികള്‍ക്ക് എന്നു പറഞ്ഞാണ് കൊണ്ടുപോയത്. 1.5 മുതല്‍ 2.5 ലക്ഷം രൂപവരെ ഓരോരുത്തരില്‍ നിന്നും പ്രതികള്‍ വാങ്ങിയിരുന്നു. രണ്ട് ലക്ഷം രൂപ പ്രതിമാസം ശമ്പളം ലഭിക്കുമെന്നാണ് പ്രതികള്‍ ഇവരോട് പറഞ്ഞിരുന്നത്.
പരുക്കേറ്റ് മോസ്‌കോയില്‍ ചികിത്സയില്‍ കഴിയുന്ന ജെയിന്‍ കുര്യന്റെ ബന്ധുവാണ് ഇപ്പോള്‍ കസ്റ്റഡിയിലുള്ള സിബി. റഷ്യ സുരക്ഷിതമാണെന്ന് പറഞ്ഞ് ഇവരെ ഇങ്ങോട്ടു വരാന്‍ പ്രേരിപ്പിച്ചത് സിബിയാണ്. മോസ്‌കോയിലെത്തി ദിവസങ്ങള്‍ക്കകം സന്ദീപ് ചന്ദ്രന്‍ യുദ്ധമുഖത്ത് വെച്ച് കൊല്ലപ്പെട്ടു. തുടര്‍ന്ന് മനുഷ്യക്കടത്തിന്റെ വാര്‍ത്തകള്‍ പുറത്തുന്നവന്നതോടെ റിനില്‍ തോമസ്, സന്തോഷ് ഷണ്‍മുഖം, സിബി ബാബു എന്നിവരെ നാട്ടിലെത്തിച്ചു. കൊല്ലപ്പെട്ട ബിനില്‍ ബാബുവിനും ജെയിന്‍ കുര്യനും നാട്ടിലെത്താന്‍ സാധിച്ചില്ല. ജനുവരി 13 നാണ് ബിനില്‍ ബാബു കൊല്ലപ്പെട്ടുവെന്ന് കുടുംബത്തിന് ഔദ്യോഗികമായി അറിയിപ്പ് ലഭിച്ചത്.

