ഗസയിലെ ഇസ്രായേല്‍ കൂട്ടക്കൊലയ്ക്ക് എഐ സഹായം വരെ നല്‍കി; മൈക്രോസോഫ്റ്റിനെതിരേ മനുഷ്യാവകാശ സംഘടനകള്‍

Update: 2025-12-12 14:24 GMT

വാഷിംഗ്ടണ്‍: ഗസയില്‍ ഇസ്രായേല്‍ നടത്തുന്ന കൂട്ടക്കൊലകള്‍ക്ക് സഹായവും പിന്തുണയും നല്‍കുന്നുവെന്ന് ആരോപിച്ച് ടെക് ഭീമനായ മൈക്രോസോഫ്റ്റിന് ആഗോള നിയമ, മനുഷ്യാവകാശ സംഘടനകളുടെ കത്ത്. ഫലസ്തീന്‍ ജനതയുടെ മാനുഷിക അവകാശങ്ങളെ ഇല്ലാതാക്കുന്ന എല്ലാവിധ സഹായങ്ങളും ഉല്പന്നങ്ങളും അവസാനിപ്പിക്കണമെന്ന് മൈക്രോസോഫ്റ്റ് സിഇഒ സത്യ നദെല്ല, പ്രസിഡന്റ് ബ്രാഡ് സ്മിത്ത്, എ ഐ മേധാവി നദാഷ ക്രാംപ്റ്റണ്‍ എന്നവരോട് സംഘടനകള്‍ കത്തില്‍ ആവശ്യപ്പെട്ടു. കമ്പനിക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന മുന്നറിയിപ്പോടെയാണ് കത്ത്.

ഏതെല്ലാം തരത്തിലാണ് മൈക്രോസോഫ്റ്റ് ഇസ്രായേലിനെ സഹായിക്കുന്നതെന്ന് 19 പേജ് വരുന്ന കത്തില്‍ വ്യക്തമാക്കുന്നുണ്ട്. ഇസ്രായേല്‍ സൈന്യത്തിന് മൈക്രോസോഫ്റ്റ് നല്‍കുന്ന സേവനങ്ങളും ഉല്പന്നങ്ങളും എടുത്തു പറയുന്ന കത്തില്‍, കമ്പനി യുദ്ധക്കുറ്റത്തിന് പിന്തുണയ്ക്കുകയാണെന്നും മാനുഷിക അവകാശങ്ങളെ ഹനിക്കുന്നതാണ് ഈ നടപടിയെന്നും ആരോപിക്കുന്നുണ്ട്. ഫലസ്തീനുനേരെയുള്ള ആക്രമണത്തിനായി 2023 ഒക്ടോബര്‍ മുതല്‍ തന്നെ ഇസ്രയേലിനെ കമ്പനി സഹായിച്ചിരുന്നുവെന്ന് കത്തില്‍ പറയുന്നുണ്ട്.

സെന്റര്‍ ഫോര്‍ കോണ്‍സ്റ്റിറ്റിയൂഷണല്‍ റൈറ്റ്സ്, ദി യൂറോപ്യന്‍ ലീഗല്‍ സപ്പോര്‍ട്ട് സെന്റര്‍, ഗ്ലോബല്‍ ലീഗല്‍ ആക്ഷന്‍ നെറ്റ്വര്‍ക്ക് തുടങ്ങിയ പ്രമുഖ സംഘടനകളും ഈ കത്തില്‍ ഒപ്പുവെച്ചിട്ടുണ്ട്. ഗസയിലെ ആക്രമണങ്ങള്‍ക്കായി ഇസ്രയേലിന് നിര്‍മിത ബുദ്ധിയുടെ സഹായം മൈക്രോസോഫ്റ്റ് നല്‍കിയെന്ന് ജീവനക്കാരും ആരോപിച്ചിരുന്നു. മൈക്രോസോഫ്റ്റിന്റെ 50ാം വാര്‍ഷികത്തില്‍ ഇക്കാര്യം ചൂണ്ടിക്കാട്ടി ജീവനക്കാര്‍ പ്രതിഷേധിക്കുകയും ചെയ്തിരുന്നു.



ഗസയിലും ലെബനനിലും നടന്ന യുദ്ധങ്ങളില്‍ ബോംബ് വര്‍ഷിക്കാനുള്ള ലക്ഷ്യസ്ഥാനങ്ങള്‍ തിരഞ്ഞെടുക്കുന്നതിന് മൈക്രോസോഫ്റ്റിന്റെയും ഓപ്പണ്‍ എഐയുടെയും എഐ മോഡലുകള്‍ ഉപയോഗിച്ചതായി അസോസിയേറ്റ് പ്രസിന്റെ അന്വേഷണ റിപോര്‍ട്ടില്‍ പറഞ്ഞിരുന്നു. 2023ല്‍ ഒരു ലെബനന്‍ കുടുംബത്തിന് നേരെ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തിന്റെ വിശദാംശങ്ങള്‍ പങ്കുവെച്ചായിരുന്നു ഈ റിപ്പോര്‍ട്ട്.