മനുഷ്യാവകാശ കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം പി മോഹനദാസ് വിരമിക്കുന്നു

Update: 2021-01-09 18:19 GMT

തിരുവനന്തപുരം: സംസ്ഥാന മുനുഷ്യാവകാശ കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം പി മോഹനദാസ് അഞ്ചുവര്‍ഷത്തെ ഔദ്യോഗിക കാലാവധി പൂര്‍ത്തിയാക്കി തിങ്കളാഴ്ച വിരമിക്കും. ജുഡീഷ്യല്‍ സര്‍വീസില്‍ 27 വര്‍ഷത്തെ പരിചയമുള്ള പി മോഹനദാസ് ഇതില്‍ 13 വര്‍ഷം ജില്ലാ ജഡ്ജിയായി പ്രവര്‍ത്തിച്ചിരുന്നു. എറണാകുളം കുടുംബകോടതി ജഡ്ജിയായിരിക്കെ ഒന്നരവര്‍ഷം കൊണ്ട് 6,200 കേസുകള്‍ തീര്‍പ്പാക്കി റെക്കോര്‍ഡ് സ്യഷ്ടിച്ചിരുന്നു. കേരള ലീഗല്‍ സര്‍വീസ് അതോറിറ്റി മെംബര്‍ സെക്രട്ടറിയായിരിക്കെ സാധാരണക്കാര്‍ക്കിടയില്‍ നിയമാവബോധം കൊണ്ടുവരാന്‍ നിരന്തരം ശ്രമിച്ചു.

പ്രവര്‍ത്തനമികവിന്റെ അടിസ്ഥാനത്തില്‍ പിന്നീട് അതോറിറ്റി അംഗമായി സ്ഥാനക്കയറ്റം ലഭിച്ചു.സര്‍ക്കാര്‍ ഉദ്യോഗസ്ഥരും പോലിസുകാരും സാധാരണക്കാരോട് നടത്തുന്ന നീതി നിഷേധത്തിനെതിരേ പി മോഹനദാസ് കര്‍ശന നിലപാട് സ്വീകരിച്ചിരുന്നു. വരാപ്പുഴ ശ്രീജിത്തിന്റെ കസ്റ്റഡി മരണം പുറം ലോകത്തെത്തിച്ചത് അദ്ദേഹത്തിന്റെ ശക്തമായ ഇടപെടല്‍ വഴിയാണ്. മൃഗീയമായി മര്‍ദ്ദനമേറ്റ് കൊച്ചിയിലെ സ്വകാര്യാശുപത്രിയില്‍ പ്രവേശിക്കപ്പെട്ട ശ്രീജിത്തിനെ മരണത്തിന് മുമ്പ് പി മോഹനദാസ് സന്ദര്‍ശിച്ചിരുന്നു. തുടര്‍ന്ന് മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു.

കുറ്റക്കാരായ പോലിസുദ്യോഗസ്ഥര്‍ക്ക് ശിക്ഷ വാങ്ങി നല്‍കാന്‍ അദ്ദേഹം നിയമപരമായ പോരാട്ടം നടത്തി. കസ്റ്റഡിയില്‍ മരിക്കുന്നവരുടെ ബന്ധുക്കള്‍ക്കും മര്‍ദ്ദനമേല്‍ക്കുന്നവര്‍ക്കും കുറ്റക്കാരായ ഉദ്യോഗസ്ഥരുടെ ശമ്പളത്തില്‍നിന്ന് നഷ്ടപരിഹാരം ഈടാക്കി നല്‍കണമെന്നതായിരുന്നു മോഹനദാസിന്റെ നിലപാട്.

Tags:    

Similar News