ഇടിച്ച വാഹനം കണ്ടെത്താന്‍ കഴിഞ്ഞില്ല ; പോലീസിനെതിരെ അന്വേഷണത്തിന് മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവ്

അപകടത്തില്‍ ഗുരുതരമായ പരിക്കേറ്റ കണയന്നൂര്‍ പ്ലാപ്പിള്ളി സ്വദേശിനി അജിതകുമാരി നല്‍കിയ പരാതിയിലാണ് നടപടി. കമ്മീഷന്‍ എറണാകുളം റൂറല്‍ ജില്ലാ പോലീസ് മേധാവിയില്‍ നിന്നും റിപോര്‍ട് വാങ്ങി. അപകടം നേരില്‍ കണ്ടയാളുടെ മൊഴിപ്രകാരം കാര്‍ ഡ്രൈവര്‍ക്കെതിരെപോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെങ്കിലും പറഞ്ഞ നമ്പര്‍ ബൈക്കിന്റേതെന്നും കണ്ടെത്തി

Update: 2019-02-08 15:16 GMT

കൊച്ചി : അരയന്‍കാവ് വളവുങ്കലില്‍ ഉച്ചയ്ക്ക് നടന്ന വാഹനാപകടത്തില്‍ ഇടിച്ച വാഹനം കണ്ടെത്താന്‍ കഴിയാത്ത പോലീസ് വീഴ്ചയ്‌ക്കെതിരെ വകുപ്പുതല അന്വേഷണത്തിന്സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക് ഉത്തരവിട്ടു. സംസ്ഥാന പോലീസ് മേധാവിക്കാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. 2010 ജൂണ്‍ 20 ന് ഉച്ചക്ക് 1.45 നാണ് സംഭവം. അപകടത്തില്‍ ഗുരുതരമായ പരിക്കേറ്റ കണയന്നൂര്‍ പ്ലാപ്പിള്ളി സ്വദേശിനി അജിതകുമാരി നല്‍കിയ പരാതിയിലാണ് നടപടി. കമ്മീഷന്‍ എറണാകുളം റൂറല്‍ ജില്ലാ പോലീസ് മേധാവിയില്‍ നിന്നും റിപോര്‍ട് വാങ്ങി. അപകടം നേരില്‍ കണ്ടയാളുടെ മൊഴിപ്രകാരം കെ എന്‍ 64650 എന്ന നമ്പര്‍ കാര്‍ ഡ്രൈവര്‍ക്കെതിരെ മുളന്തുരുത്തി പോലീസ് ക്രൈം 580/10 ആയി കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് റിപോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ ഈ രജിസ്‌ട്രേഷന്‍ നമ്പര്‍ ഒരു ബൈക്കിന്റേതാണെന്ന് പിന്നീട് കണ്ടെത്തി. അപകടത്തില്‍പ്പെട്ട വാഹനത്തിന്റെ യാതൊരു വിവരങ്ങളും അനേ്വഷണത്തില്‍ ലഭ്യമായില്ല. കേസില്‍ സാവകാശം അനേ്വഷണം നടത്തുതിനുള്ള അനുമതിക്കായി കോടതിയെ സമീപിച്ചിട്ടുണ്ടെന്നും റിപോര്‍ട്ടില്‍ പറയുന്നു.

അപകടം നടന്ന സ്ഥലത്ത് നിന്ന് നാട്ടുകാരുടെ സഹായത്തോടെയാണ് അബോധാവസ്ഥയിലായ പരാതിക്കാരിയെ ആശുപത്രിയില്‍ എത്തിച്ചതെന്ന്് കമ്മീഷന്‍ ഉത്തരവില്‍ പറഞ്ഞു. ഗുരുതരമായി പരിക്കേറ്റ അജിതകുമാരിയെ ഇടപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിലെ വെന്റിലേറ്ററില്‍ ദിവസങ്ങളോളം കിടത്തി ചികില്‍സിച്ചു. ഇപ്പോഴും പരാതിക്കാരിക്ക് പരസഹായമില്ലാതെ ജീവിക്കാനാവുന്നില്ല. ചികില്‍സയ്ക്ക് വന്‍ തുക ചെലവായിട്ടുള്ളതായും കമ്മീഷന്‍ കണ്ടെത്തി. ഇക്കാര്യങ്ങള്‍ പോലീസ് റിപോര്‍ട്ടില്‍ സമ്മതിക്കുന്നുമുണ്ട്. പട്ടാപ്പകല്‍ ഏറെ ദൃക്‌സാക്ഷികളുടെ സാന്നിധ്യത്തില്‍ നടന്ന അപകടത്തില്‍ ഉള്‍പ്പെട്ട വാഹനം കണ്ടെത്താന്‍ കഴിയാത്തത് പോലീസിന്റെ ഭാഗത്ത് നിന്നുള്ള വീഴ്ചയാണെ് ജസ്റ്റിസ് ആന്റണി ഡൊമിനിക് വിലയിരുത്തി. ഈ പശ്ചാത്തലത്തിലാണ് വകുപ്പുതല അനേ്വഷണം നടത്തി തുടര്‍ നടപടികള്‍ സ്വീകരിക്കാന്‍ കമ്മീഷന്‍ ഉത്തരവിട്ടത്. 

Tags: