ഹയര്‍ സെക്കന്‍ഡറി, എസ്എസ്എല്‍സി പരീക്ഷകള്‍ ഒരുമിച്ച് നടത്തില്ല

എസ്എസ്എല്‍സിക്ക് കണക്ക് പരീക്ഷയുടെ തലേന്ന് അവധി നല്‍കും. ഇതനുസരിച്ച് ടൈംടേബിളിലും മാറ്റംവരുത്തി. 25ന് സോഷ്യല്‍ സ്റ്റഡീസ്, 26ന് അവധി, 27ന് കണക്ക്, 28ന് ബയോളജി എന്നിങ്ങനെയാണ് പുതുക്കിയ ടൈംടേബിള്‍.

Update: 2019-01-24 06:39 GMT

തിരുവനന്തപുരം: ഹയര്‍ സെക്കന്‍ഡറി പരീക്ഷയ്‌ക്കൊപ്പം എസ്എസ്എല്‍സി പരീക്ഷയും നടത്താമെന്ന നിര്‍ദേശം ഈവര്‍ഷം നടപ്പാക്കില്ല. ഹയര്‍ സെക്കന്‍ഡറി പരീക്ഷ രാവിലെയും എസ്എസ്എല്‍സി പരീക്ഷ ഉച്ചയ്ക്ക് ശേഷവും നടത്താന്‍ ഡിപിഐയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഗുണമേന്മാപരിശോധനാ സമിതി തീരുമാനിച്ചു. ഇരുപരീക്ഷകളും ഒരുമിച്ച് നടത്താന്‍ 263 സ്‌കൂളുകളില്‍ സൗകര്യമില്ലെന്നു കണ്ടെത്തിയ പശ്ചാത്തലത്തിലാണ് തീരുമാനം. 66 വിഎച്ച്എസ്ഇ സ്‌കൂളുകളിലും സൗകര്യക്കുറവുണ്ട്. എസ്എസ്എല്‍സിക്ക് കണക്ക് പരീക്ഷയുടെ തലേന്ന് അവധി നല്‍കും. ഇതനുസരിച്ച് ടൈംടേബിളിലും മാറ്റംവരുത്തി. 25ന് സോഷ്യല്‍ സ്റ്റഡീസ്, 26ന് അവധി, 27ന് കണക്ക്, 28ന് ബയോളജി എന്നിങ്ങനെയാണ് പുതുക്കിയ ടൈംടേബിള്‍. എസ്എസ്എല്‍സി. മോഡല്‍ പരീക്ഷ ഫെബ്രുവരി 18 മുതല്‍ 27 വരെ നടക്കും. എല്‍പി, യുപി ടൈംടേബിള്‍ പിന്നീട് തീരുമാനിക്കും.

മാര്‍ച്ചില്‍ നടക്കുന്ന ഹയര്‍സെക്കന്‍ഡറി വാര്‍ഷിക പരീക്ഷകളുടെ ടൈംടേബിളില്‍ മാറ്റം വരുത്തിയേക്കുമെന്ന സൂചനകള്‍ നേരത്തെ പുറത്തുവന്നിരുന്നു. ഒന്നാംവര്‍ഷത്തിലെ പാര്‍ട്ട്-ഒന്ന് ഇംഗ്ലീഷ് പരീക്ഷയും രണ്ടാംവര്‍ഷത്തിലെ പാര്‍ട്ട് രണ്ട് സെക്കന്റ് ലാംഗ്വേജ് പരീക്ഷകളും ഒരേസമയം നടത്താനാണ് നീക്കമുണ്ടായത്. രണ്ട് പരീക്ഷകളും ഓരോ സ്‌കൂളിലും നടത്താന്‍ ആവശ്യമായ ക്ലാസ് മുറികളുടെ എണ്ണം, സ്‌കൂള്‍ കാംപസില്‍ ലഭ്യമായ ക്ലാസ് മുറികളുടെ എണ്ണം (ഹയര്‍ സെക്കന്‍ഡറി, ഹൈസ്‌കൂള്‍, യുപി സ്‌കൂള്‍, എല്‍പി സ്‌കൂള്‍) എന്നിവ തിട്ടപ്പെടുത്തി അതത് പ്രിന്‍സിപ്പല്‍മാര്‍/ചീഫ് സൂപ്രണ്ടുമാര്‍ സാഹചര്യം വിലയിരുത്തി വിവരമറിയിക്കാന്‍ നിര്‍ദേശമുണ്ടായിരുന്നു. ഹയര്‍സെക്കന്‍ഡറി പരീക്ഷയോടൊപ്പം എസ്എസ്എല്‍സി പരീക്ഷയും നടത്താനുള്ള നീക്കത്തിന്റെ ഭാഗമാണിതെന്ന് അധ്യാപക സംഘടനകള്‍ ആരോപിച്ചിരുന്നു.

Tags: