അംഗപരിമിതന് പോലീസ് മര്‍ദ്ദനം; ഉന്നതതല അന്വേ ഷണത്തിന് മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവ്

തൃശൂര്‍ ജില്ലാ (റൂറല്‍) പോലീസ് മേധാവിക്കാണ് കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കിയത്. അനേ്വഷണത്തിന് ശേഷം ഉചിതമായ നടപടി സ്വീകരിക്കണമെന്നും ഉത്തരവില്‍ പറയുന്നു.അങ്കമാലി കിടങ്ങൂര്‍ സ്വദേശി സനീഷ് ഗോപി സമര്‍പ്പിച്ച പരാതിയിലാണ് ഉത്തരവ്.

Update: 2019-02-19 13:59 GMT

കൊച്ചി: കൊരട്ടി പള്ളി തിരുനാളിനോട് അനുബന്ധിച്ച് പള്ളിക്ക് മുന്നിലുള്ള റോഡില്‍ മെഴുകുതിരി വിറ്റുകൊണ്ടിരുന്ന അംഗപരിമിതനെ കൊരട്ടി എസ് ഐയും സംഘവും അതിക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ ഉന്നതതല അന്വേഷണത്തിന്സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക് ഉത്തരവിട്ടു.തൃശൂര്‍ ജില്ലാ (റൂറല്‍) പോലീസ് മേധാവിക്കാണ് കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കിയത്. അനേ്വഷണത്തിന് ശേഷം ഉചിതമായ നടപടി സ്വീകരിക്കണമെന്നും ഉത്തരവില്‍ പറയുന്നു.അങ്കമാലി കിടങ്ങൂര്‍ സ്വദേശി സനീഷ് ഗോപി സമര്‍പ്പിച്ച പരാതിയിലാണ് ഉത്തരവ്. കമ്മീഷന്‍ ചാലക്കുടി ഡി വൈ എസ് പിയില്‍ നിന്നും അനേ്വഷണ റിപോര്‍ട്ട് വാങ്ങിയിരുന്നു.

2018 ഒക്‌ടോബര്‍ 21 ന് രാത്രിയാണ് സംഭവം. പള്ളിയില്‍ നിന്നും കപ്പേളയിലേക്ക് പോകുന്ന വഴിയില്‍ അംഗപരിമിതനായ പരാതിക്കാരന്‍ ലഹരിക്ക് അടിമപ്പെട്ട് ഭക്തരെ ശല്യം ചെയ്യുന്ന വിവരം അറിഞ്ഞയുടനെ കൊരട്ടി എസ് ഐ. സുബീഷ് മോനും ചില പോലീസുമാരും അവിടെ എത്തിയതായി ചാലക്കുടി ഡി വൈ എസ് പിയുടെ റിപോര്‍ട്ടില്‍ പറയുന്നു. പരാതിക്കാരന്‍ റോഡില്‍ കിടന്ന് അസഭ്യം പറയുന്നത് തടയാന്‍ ശ്രമിച്ചപ്പോള്‍ അംഗപരിമിതനായ തനിക്കും ജീവിക്കണം എന്ന് പറഞ്ഞ് പരാതിക്കാരന്‍ മാറികിടക്കാന്‍ തയ്യാറായില്ലെന്ന് റിപോര്‍ട്ടിലുണ്ട്. തുടര്‍ന്ന് പരാതിക്കാരന്‍ കിടന്ന ഫ്‌ളക്‌സ് വലിച്ചുമാറ്റി ഒരു വശത്തേക്ക് മാറ്റി കിടത്തിയതായും പരാതിക്കാരനെ ദേഹോപദ്രവം ഏല്‍പ്പിച്ചിട്ടില്ലെന്നും റിപോര്‍ട്ടില്‍ പറയന്നു.

എന്നാല്‍ താന്‍ മെഴുകുതിരി വില്‍ക്കുകയായിരുന്നുവെന്ന് പരാതിക്കാരന്‍ കമ്മീഷനില്‍ ഹാജരായി പറഞ്ഞു. തന്റെ ഉപജീവനം തടസ്സപ്പെടുത്തിയതു കൊണ്ടാണ് സ്ഥലത്ത് നിന്നും മാറാത്തത്. എസ്.ഐ. സുബീഷ്‌മോനും മൂന്ന് സിവില്‍ പോലീസ് ഓഫീസര്‍മാരും ചേര്‍ന്ന് തന്റെ കാലിലും തുടയിലും അടിവയറ്റിലും പള്ളക്കും ചവിട്ടി. കണ്ണില്‍ കുരുമുളക് സ്‌പ്രെ ചെയ്തു. സംഭവം കണ്ടുനിന്ന രണ്ട് വിദ്യാര്‍ഥികള്‍ ഇത് ചോദ്യം ചെയ്തപ്പോള്‍ അവര്‍ക്കെതിരെ പോലീസ് തിരിഞ്ഞു. തുടര്‍ന്ന് അവരെ സ്റ്റേഷനിലെത്തിച്ച് മര്‍ദ്ദിച്ചതായി പരാതിയില്‍ പറയുന്നു.പരാതിയും റിപ്പോര്‍ട്ടും പരിശോധിച്ചതില്‍ സംഭവത്തില്‍ കൂടുതല്‍ അനേ്വഷണം വേണമെന്ന് ബോധ്യപ്പെട്ടതായി കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക് ഉത്തരവില്‍ പറഞ്ഞു. 

Tags:    

Similar News