ശുചീകരണ തൊഴിലാളികള്‍ക്കെതിരായ റെയില്‍വേയുടെ ചൂഷണം; അന്വേഷണത്തിന് മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവ്

ഡിവിഷണല്‍ റയില്‍വേ മാനേജരും ചീഫ് മെഡിക്കല്‍ സൂപ്രണ്ടും പരാതിയെ കുറിച്ച് അന്വേഷിച്ച് നാലാഴ്ചയ്ക്കകം റിപോര്‍ട്ട് നല്‍കാനാണ് ഉത്തരവ്. മെയില്‍ എറണാകുളത്ത് നടക്കുന്ന സിറ്റിംഗില്‍ കേസ് പരിഗണിക്കും.

Update: 2019-03-22 06:45 GMT

കൊച്ചി: ശമ്പളം കൃത്യമായി നല്‍കാതെയും പി എഫ്, ഇ എസ് ഐ ആനുകൂല്യങ്ങള്‍ നിഷേധിച്ചും റയില്‍വേ ശുചീകരണ തൊഴിലാളികളെ ചൂഷണം ചെയ്യുന്ന നടപടികളെ കുറിച്ച് വിശദമായി അന്വേഷിച്ച് റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക്ക് ഉത്തരവിട്ടു.ഡിവിഷണല്‍ റയില്‍വേ മാനേജരും ചീഫ് മെഡിക്കല്‍ സൂപ്രണ്ടും പരാതിയെ കുറിച്ച് അന്വേഷിച്ച് നാലാഴ്ചയ്ക്കകം റിപോര്‍ട്ട് നല്‍കാനാണ് ഉത്തരവ്. മെയില്‍ എറണാകുളത്ത് നടക്കുന്ന സിറ്റിംഗില്‍ കേസ് പരിഗണിക്കും.

വിവിധ റയില്‍വേ സ്റ്റേഷനുകളില്‍ നിലവിലുള്ള റയില്‍വേ ശുചീകരണ കരാറുകളിലെ വ്യാപക അഴിമതി കാരണമാണ് സ്ത്രീകളായ ശുചീകരണ തൊഴിലാളികള്‍ക്കെതിരെ മനുഷ്യാവകാശ ലംഘനങ്ങള്‍ നടക്കുന്നത്. കരാറുകാര്‍ നാമമാത്രമായ ശമ്പളം നല്‍കി ബാക്കി കൈക്കലാക്കുന്നു. പി എഫ്, ഇ എസ് ഐ ആനുകൂല്യങ്ങള്‍ ലഭിക്കാന്‍ വിഹിതം അടച്ചതായി രേഖയില്ല. റെയില്‍വേ ആരോഗ്യവിഭാഗത്തിലെ ഉദ്യോഗസ്ഥര്‍ ഇക്കാര്യത്തില്‍ ഒളിച്ചുകളി നടത്തുന്നതായി പരാതിയുണ്ട്. ശമ്പളം ചോദിച്ചാല്‍ പിരിച്ചുവിടുമെന്നതിനാല്‍ ആരും കരാറുകാര്‍ക്കെതിരെ ശബ്ദമുയര്‍ത്താറില്ല. ഇതിന്റെ പേരില്‍ ശുചീകരണ തൊഴിലാളികള്‍ സമരം ചെയ്തിരുന്നു.കരാര്‍ പാലിച്ചില്ലെങ്കില്‍ കരാര്‍ റദ്ദാക്കാമെന്നിരിക്കെ അത് ചെയ്യാതെ റയില്‍വേ കരാറുകാരെ സഹായിക്കുകയാണെന്നും പരാതിയുണ്ട്. കൊച്ചി നഗരസഭാ കൗണ്‍സിലറും മനുഷ്യാവകാശ പ്രവര്‍ത്തകനുമായ തമ്പി സുബ്രഹ്മണ്യനാണ് കമ്മീഷനെ പരാതിയുമായി സമീപിച്ചത്.




Tags:    

Similar News