വട്ടിപ്പലിശക്കാരൻ വീട്ടമ്മയെ മർദ്ദിച്ചതായി പരാതി

പാറശ്ശാല മഞ്ചാടി സ്വദേശിനി മായ ജയകുമാറിനാണ് മർദ്ദനമേറ്റത്.

Update: 2020-03-05 10:00 GMT

തിരുവനന്തപുരം: പാറശാല മഞ്ചാടിയിൽ വട്ടിപ്പലിശക്കാരൻ വീട്ടമ്മയെ മർദ്ദിച്ചതായി പരാതി. പരിക്കേറ്റ വീട്ടമ്മ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പാറശ്ശാല മഞ്ചാടി സ്വദേശിനി മായ ജയകുമാറിനാണ് മർദ്ദനമേറ്റത്. മഞ്ചാടി സ്വദേശി യേശുദാസ് ആണ് ഇവരെ മർദ്ദിച്ചതെന്നാണ് ആരോപണം.

വിധവയും വികലാംഗയുമായ മായാ ജയകുമാർ നാലുവർഷം മുമ്പ് വീട് നിർമാണ പ്രവർത്തനങ്ങൾക്കായി യേശുദാസിൽ നിന്ന് രണ്ട് ലക്ഷം രൂപ കൈവായ്പ എടുത്തിരുന്നു. പ്രതിമാസം 8500 രൂപ വീതമാണ് പലിശ ഇനത്തിൽ നൽകി വന്നത്. ഏഴ് മാസം മുമ്പ് മായയുടെ മകൻ മരിച്ചതോടെ പലിശ നൽകുന്നതിൽ വീഴ്ച വന്നതാണ് മർദ്ദനത്തിന് പിന്നിലെന്നാണ് മായ പറയുന്നത്. പരാതി ലഭിക്കുന്ന മുറക്ക് സംഭവത്തെക്കുറിച്ച് അന്വേഷിച്ച് നടപടി സ്വീകരിക്കുമെന്ന് പാറശാല പോലിസ് പറഞ്ഞു.

Tags: