വാടക വീട്ടില്‍ നിന്നും ഇറക്കി വിട്ടു; യുവതിയും മകനും പെരുവഴിയില്‍

കഴിഞ്ഞ ഏപ്രില്‍ ആദ്യത്തില്‍ സീതയുടെ രണ്ടാം ഭര്‍ത്താവ് കേസിലകപ്പെട്ടതോടെ വീട്ടുടമ വീട് ഒഴിയണമെന്ന്ആവശ്യപ്പെട്ടുകൊണ്ടിരിക്കയായിരുന്നു. രണ്ട് മാസത്തെ വീട്ടുവാടക നല്‍കാനുണ്ട്. ജീവിതം വഴിമുട്ടിയ ഈ സമയത്ത് കഴിക്കാന്‍ ഭക്ഷണം പോലുമില്ലാത്ത അവസ്ഥയാണ്. ഇതിനാലാണ് വാടക നല്‍കാത്തത് എന്നാണ് സീത പറയുന്നത്.

Update: 2019-05-12 15:01 GMT

മാള: വാടക വീട്ടില്‍ നിന്നും ഇറക്കി വിട്ടതിനെ തുടര്‍ന്നു സീതയെന്ന യുവതിയും മകനും റോഡുവക്കില്‍ അഭയം തേടി. കൊച്ചുകടവ് വലിയവീട്ടില്‍ സീതയും മകന്‍ ആദര്‍ശുമാണ് കൊടുങ്ങല്ലൂര്‍ പൂപ്പത്തി എരവത്തൂര്‍ നെടുമ്പാശ്ശേരി എയര്‍പോര്‍ട്ട് റോഡില്‍ കൊച്ചുകടവ് ഷാപ്പുംപടി ബസ്സ് സ്‌റ്റോപ്പിനടുത്ത് അഭയം തേടിയിരിക്കുന്നത്. ഇവിടെ നിന്നും അല്‍പ്പം മാറിയുള്ള കണ്ണാംകുളത്ത് ഒരു വര്‍ഷമായി വാടകക്കാണ് കുടുംബം താമസിച്ചിരുന്നത്. ഇതിനിടെ കഴിഞ്ഞ ഏപ്രില്‍ ആദ്യത്തില്‍ സീതയുടെ രണ്ടാം ഭര്‍ത്താവ് കേസിലകപ്പെട്ടതോടെ വീട്ടുടമ വീട് ഒഴിയണമെന്ന് ആവശ്യപ്പെട്ടുകൊണ്ടിരിക്കയായിരുന്നു. രണ്ട് മാസത്തെ വീട്ടുവാടക നല്‍കാനുണ്ട്. ജീവിതം വഴിമുട്ടിയ ഈ സമയത്ത് കഴിക്കാന്‍ ഭക്ഷണം പോലുമില്ലാത്ത അവസ്ഥയാണ്. ഇതിനാലാണ് വാടക നല്‍കാത്തത് എന്നാണ് സീത പറയുന്നത്.

സീതയുടെ ആദ്യഭര്‍ത്താവിലുള്ള 12 കാരിയായ മകളെ പീഡിപ്പിച്ചെന്ന കേസില്‍ ഭര്‍ത്താവിപ്പോള്‍ കാക്കനാട് സബ്ബ് ജയിലിലാണ്. എന്നാല്‍ തന്റെ പിതാവിന്റെ രണ്ടാം ഭര്യയിലെ മകള്‍ മുഖാന്തിരം കൊടുത്ത പരാതിയിലാണ് ഭര്‍ത്താവ് ജയിലിലായതെന്നും പരാതി വ്യാജമാണെന്നും സീത പറയുന്നു. കള്ളപ്പരാതിയിലാണ് ഭര്‍ത്താവിനെ അകത്താക്കിയത്. ഭര്‍ത്താവ് നിരപരാധിയാണ്. ആളുകള്‍ കൂടി ഭര്‍ത്താവിനെ തല്ലുന്നത് കണ്ട ഒന്‍പത് വയസ്സുകാരനായ മകനു കുഴഞ്ഞു വീണു. ഇപ്പോഴും സാധാരണ നിലയിലായിട്ടില്ലെന്നും സീത പറയുന്നു.

കഴിഞ്ഞ ദിവസമാണ് കട്ടിലും കിടക്കകളും ടി വിയും വീട്ടുപകരണങ്ങളും ഏതാനും ചെറുപ്പക്കാരുടെ സഹായത്തോടെ റോഡുവക്കിലെത്തിച്ചത്. മോളിപ്പോള്‍ കാക്കനാട് ചൈല്‍ഡ് ഹോമിലാണ്. കൈപ്പമംഗലം എം എല്‍ എ ടൈസന്‍ മാസ്റ്റര്‍ മുഖാന്തിരം കിട്ടിയ ഉന്തുവണ്ടിയില്‍ സാധനങ്ങള്‍ ഒന്നുമില്ലാത്തതിനാല്‍ തുറക്കാനാവാത്ത അവസ്ഥയാണ്. അതില്‍ സാധനങ്ങള്‍ ഉണ്ടായിരുന്നുവെങ്കില്‍ അല്‍പ്പം ആശ്വാസമായേനെയെന്നും കാരുണ്ണ്യമുള്ളവര്‍ സഹായിച്ചാല്‍ തനിക്കും മോനും കിടക്കാനിടമായേനെയെന്നുമുള്ള വിശ്വാസത്തിലാണ് സീത. 

Similar News