'ലോക' സിനിമയ്‌ക്കെതിരേ ഹിന്ദുത്വവാദികള്‍; 'ഹിന്ദുഫോബിയ ഇല്ലാതെ മലയാളത്തിന് സിനിമ ചെയ്യാന്‍ കഴിയില്ല'

Update: 2025-08-31 14:43 GMT

കൊച്ചി: മലയാള സിനിമ 'ലോക ചാപ്റ്റര്‍ വണ്‍: ചന്ദ്ര'യ്ക്ക് എതിരെ സൈബര്‍ ആക്രമണവുമായി ഹിന്ദുത്വവാദികള്‍. ഹിന്ദുഫോബിയ ഇല്ലാതെ മലയാളത്തില്‍ സിനിമകളുണ്ടാക്കാനാകില്ലെന്നും 'ലോക'യില്‍ ഹിന്ദു വിരുദ്ധതയാണെന്നുമാണ് പോസ്റ്റുകളില്‍ പറയുന്നത്. ചിത്രത്തിന്റെ സംവിധായകന്‍ ക്രിസ്ത്യാനിയും നിര്‍മാതാവ് മുസ്‌ലിം ആണെന്നും പോസ്റ്റുകളിലുണ്ട്.

Revebge Mode എന്ന എക്‌സ് അക്കൗണ്ടില്‍ നിന്നാണ് പോസ്റ്റ് പങ്കുവച്ചിട്ടുള്ളത്. ഹിന്ദുഫോബിയ ഇല്ലാതെ മലയാളത്തിന് സിനിമ ചെയ്യാന്‍ കഴിയില്ല എന്നാണ് പോസ്റ്റിന്റെ തലക്കെട്ട്. എന്തുകൊണ്ട് 'ലോക' ഹിന്ദുവിരുദ്ധമാകുന്നു എന്നും പോസ്റ്റില്‍ പറയുന്നു. 'ഹിന്ദു രാജാവ് ഹിന്ദു ക്ഷേത്രം കത്തിക്കുന്നു, ക്രിസ്ത്യന്‍ മിഷനറിമാരെ രക്ഷകരായി ചിത്രീകരിക്കുന്നു. വിനായക വിഗ്രഹം കാണുമ്പോള്‍ നടിയുടെ മുഖത്ത് വെറുപ്പുളവാക്കുന്ന ഭാവമാണ് സിനിമയില്‍ കാണിക്കുന്നത് എന്നാണ് പോസ്റ്റിലുള്ളത്. ഈ പോസ്റ്റ് വ്യാപകമായി ഷെയര്‍ ചെയ്തിട്ടുണ്ട്.

ഇതിനെതിരെ മലയാളികള്‍ തന്നെ എക്‌സില്‍ പ്രതിരോധം തീര്‍ക്കുന്നുണ്ട്. ബ്രോ, നിങ്ങളുടെ ഹിന്ദുഫോബിയ കോമാളിത്തരങ്ങള്‍ കേരളത്തില്‍ നടപ്പാകില്ല. നിങ്ങളുടെ സ്വന്തം സന്തോഷത്തിന് കേരള സ്റ്റോറി പോലുള്ള ഇരുന്ന് കാണുന്നതാണ് എന്നാണ് മലയാളികളുടെ പോസ്റ്റ്.

''ലോക'' എന്ന് പേരുള്ള ഒരു സൂപ്പര്‍ ഹീറോ സിനിമാറ്റിക് യൂണിവേഴ്‌സിലെ ആദ്യ ചിത്രമാണ് ചന്ദ്ര. ഡൊമിനിക് അരുണ്‍ സംവിധാനം ചെയ്ത ചിത്രം നിര്‍മിച്ചത് ദുല്‍ഖര്‍ സല്‍മാന്റെ വേഫെറര്‍ ഫിലിംസ് ആണ്. സൂപ്പര്‍ഹീറോ ആയ ''ചന്ദ്ര'' എന്ന് പേരുള്ള കഥാപാത്രമായി കല്യാണി പ്രിയദര്‍ശന്‍ വേഷമിട്ടിരിക്കുന്ന ചിത്രത്തില്‍ ''സണ്ണി'' എന്നാണ് നസ്ലന്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. മലയാളത്തിനൊപ്പം തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളില്‍ ഒന്നിച്ചാണ് ചിത്രം പ്രദര്‍ശനത്തിനെത്തിയിട്ടുള്ളത്.