ഹിജാബ് ഇസ്‌ലാമിന്റെ അവിഭാജ്യഘടകം, കര്‍ണാടക ഹൈക്കോടതി വിധി പൗരാവകാശം ലംഘിക്കുന്നത്: അല്‍കൗസര്‍ ഉലമാ കൗണ്‍സില്‍

Update: 2022-03-17 14:57 GMT

കൊച്ചി: ഇസ്‌ലാമിന്റെ അവിഭാജ്യഘടകമാണ് ഹിജാബെന്നും കര്‍ണാടക ഹൈക്കോടതി വിധി പൗരാവകാശം ലംഘിക്കുന്നതാണെന്നും അല്‍കൗസര്‍ ഉലമാ കൗണ്‍സില്‍. സ്ത്രീ വീട്ടില്‍ നിന്നും പുറത്തുപോവുമ്പോള്‍ ശരീരഭാഗങ്ങള്‍ മുഴുവനും മറയ്ക്കല്‍ ഇസ്‌ലാമിക ദൃഷ്ട്യാ നിര്‍ബന്ധ ബാധ്യതയാണ്.

വിശുദ്ധ ഖുര്‍ആന്‍ 33/59 ല്‍ ഇക്കാര്യം വളരെ വ്യക്തമായി പരാമര്‍ശിക്കുന്നുണ്ട്. കാര്യം ഇതായിരിക്കെ, ഇസ്‌ലാമില്‍ ഹിജാബ് നിര്‍ബന്ധമില്ലെന്ന നിരീക്ഷണത്തോടെ കര്‍ണാടക സര്‍ക്കാരിന്റെ ഹിജാബ് നിരോധനം ശരിവച്ച ഹൈക്കോടതി വിധി ഇസ്‌ലാമിക വിരുദ്ധവും നഗ്‌നമായ ഭരണഘടനാ ലംഘനവും പൗരാവകാശം ഹനിക്കുന്നതുമാണെന്ന് അല്‍ കൗസര്‍ ഉലമാ കൗണ്‍സില്‍ സംസ്ഥാന സമിതി യോഗം വിലയിരുത്തി.

ഭരണഘടന ഉറപ്പുനല്‍കുന്ന മതസ്വാതന്ത്ര്യവും പൗരാവകാശങ്ങളും സംരക്ഷിക്കേണ്ട കോടതികള്‍ രാജ്യത്തിന്റെ സമാധാനാന്തരീക്ഷവും മതസൗഹാര്‍ദവും തകര്‍ക്കാന്‍ ശ്രമിക്കുന്ന വര്‍ഗീയ ശക്തികള്‍ക്ക് ഒത്താശ ചെയ്യുന്നത് അത്യന്തം നിരാശാജനകവും അപകടകരവുമാണ്. മേല്‍ക്കോടതി ഈ വിഷയത്തില്‍ ശരിയായ ഇടപെടല്‍ നടത്തുമെന്ന് പ്രതീക്ഷിക്കുന്നതോടൊപ്പം ഇത്തരം പ്രവണതകള്‍ നിയന്ത്രിക്കുന്നതിനാവശ്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കുക കൂടി ചെയ്യണമെന്ന് യോഗം ആവശ്യപ്പെട്ടു.

Tags: