തിരുവനന്തപുരം: സംസ്ഥാനത്തെ ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷാഫലം മേയ് 21 ന് പ്രഖ്യാപിക്കും. ഹയര്‍ സെക്കന്‍ഡറി പരീക്ഷയുടെ മൂല്യനിര്‍ണയം പൂര്‍ത്തിയായതായി മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു. 4,44,707 വിദ്യാര്‍ഥികളാണ് രണ്ടാം വര്‍ഷ പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്തത്. ടാബുലേഷന്‍ പ്രവൃത്തികള്‍ നടന്നു വരികയാണ്. മേയ് 14 ന് ബോര്‍ഡ് മീറ്റിംഗ് കൂടി മേയ് 21 ന് പരീക്ഷാ ഫലം പ്രസിദ്ധീകരിക്കും.
ഒന്നാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി പരീക്ഷയുടെ മൂല്യനിര്‍ണയവും നടന്നു വരികയാണ്. 4,13,581 വിദ്യാര്‍ഥികളാണ് ഒന്നാം വര്‍ഷ പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്തത്. ടാബുലേഷന്‍ പ്രവൃത്തികള്‍ പൂര്‍ത്തിയാക്കി ഒന്നാം വര്‍ഷ പരീക്ഷാ ഫലം ജൂണില്‍ പ്രസിദ്ധീകരിക്കുന്നതാണെന്നും മന്ത്രി അറിയിച്ചു.
2025 മേയ് 14 മുതല്‍ പ്ലസ് വണ്‍ പ്രവേശനത്തിനായി അപേക്ഷകള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കാവുന്നതാണ്. അപേക്ഷ ഓണ്‍ലൈനായി സമര്‍പ്പിക്കുവാനുള്ള അവസാന തീയതി മേയ് 20 ആയിരിക്കുന്നതാണ്.
മേയ് 24ന് ട്രയല്‍ അലോട്ട്മെന്റ് നടക്കും. ആദ്യ അലോട്ട്മെന്റ് ജൂണ്‍ രണ്ടിനും രണ്ടാം അലോട്ട്മെന്റ് ജൂണ്‍ പത്തിനും മൂന്നാം അലോട്ട്മെന്റ് ജൂണ്‍ 16നുമാണ്. മുഖ്യ ഘട്ടത്തിലെ മൂന്ന് അലോട്ട്മെന്റുകളിലൂടെ ഭൂരിഭാഗം സീറ്റുകളില്‍ പ്രവേശനം ഉറപ്പാക്കി 2025 ജൂണ്‍ 18ന് പ്ലസ് വണ്‍ ക്ലാസുകള്‍ ആരംഭിക്കുന്നതാണെന്നും മന്ത്രി അറിയിച്ചു.
