അധ്യാപകനിയമനം; യു.ജി.സിയെ മറികടന്ന് ഉന്നത വിദ്യാഭ്യാസവകുപ്പിന്റെ നടപടി

എം.എസ്.സി ബയോ ടെക്നോളജി പാസായവര്‍ക്ക് എം.എസ്.സി സൂവോളജി, ബോട്ടണി അധ്യാപക തസ്തികയിലേക്ക് അപേക്ഷിക്കാന്‍ അനുമതി നല്‍കി ഉത്തരവിറക്കി.

Update: 2020-02-29 05:30 GMT

തിരുവനന്തപുരം; എം.ജി, കേരള സര്‍വകലാശാലകളില്‍ അധ്യാപക നിയമനത്തിനായി യു.ജി.സി മാനദണ്ഡങ്ങള്‍ മറികടന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ ഇടപെടല്‍. എം.എസ്.സി ബയോ ടെക്നോളജി പാസായവര്‍ക്ക് എം.എസ്.സി സൂവോളജി, ബോട്ടണി അധ്യാപക തസ്തികയിലേക്ക് അപേക്ഷിക്കാന്‍ അനുമതി നല്‍കി ഉത്തരവിറക്കി. സര്‍വകലാശാലകള്‍ എതിര്‍ത്തപ്പോള്‍ ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ വിളിച്ചു ചേര്‍ത്ത് അനുകൂല റിപ്പോര്‍ട്ട് ലഭ്യമാക്കിയാണ് ഉത്തരവിറക്കിയത്.

എം.എസ്.സി ബയോ ടെക്നോളജി പാസായവരെ എം.എസ്.സി സൂവോളജി, ബോട്ടണി അധ്യാപക തസ്തികയിലേക്ക് അപേക്ഷിക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് രണ്ടു പേര്‍ നല്‍കിയ അപേക്ഷയിലാണ് വിവാദ ഉത്തരവ്. ഉത്തരവിലൂടെ എം.എസ്.സി ബയോ ടെക്നോളജി കോഴ്സും എം.എസ്.സി സുവോളജി, ബോട്ടണി കോഴ്സുകളും തുല്യമാക്കി. ഇതേ അപേക്ഷ എം.ജി സര്‍വകലാശാലയ്ക്കാണ് ആദ്യം ലഭിച്ചത്. അക്കാദമിക് കൗണ്‍സില്‍ അപേക്ഷ പരിഗണിച്ചെങ്കിലും ബയോ ടെക്നോളജി കോഴ്സും സൂവോളജി, ബോട്ടണി കോഴ്സുകളുമായി ഒരു ബന്ധവുമില്ലെന്ന് കണ്ടെത്തിയതോടെ നിരസിച്ചു.

വിവിധ പാഠ്യ പദ്ധതികള്‍ തമ്മില്‍ 75 ശതമാനത്തിലേറെ സാദൃശ്യമുണ്ടെങ്കിലാണ് കോഴ്സുകള്‍ തുല്യമാക്കുക. ബയോ ടെക്നോളജി, സൂവോളജി, ബോട്ടണി കോഴ്സുകളില്‍ ഒരൊറ്റ കോമണ്‍ പേപ്പര്‍ പോലുമില്ല. ഇതേ തുടര്‍ന്നാണ് അപേക്ഷ തള്ളിയത്. കേരള സര്‍വകലാശയും ആവശ്യം നിരസിച്ചതോടെയാണ് അപേക്ഷകര്‍ ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ ഓഫിസിനെ സമീപിച്ചത്. വിഷയം ഉന്നത വിദ്യാഭ്യാസ കൗണ്‍സിലിന്റെ പരിഗണനയ്ക്ക് വിട്ടു. സര്‍വകലാശാലകള്‍ എതിര്‍പ്പ് അറിയിച്ചുവെങ്കിലും അത് മറികടന്നാണ് ഉത്തരവിറങ്ങിയത്.

ശാസ്ത്ര വിഷയുമായി ബന്ധമില്ലാത്തവരാണ് കൗണ്‍സിലില്‍ അംഗങ്ങളായുള്ളത്. കോഴ്സുകള്‍ പരിഷ്‌കരിക്കാനും മറ്റും അക്കാദമിക് കൗണ്‍സിലിനാണ് പരമാധികാരം. അക്കാദമിക് കൗണ്‍സില്‍ ഉള്‍പ്പെടെ തള്ളിയ അപേക്ഷയാണ് ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ ഓഫിസ് ഇടപ്പെട്ട് സാധൂകരിച്ച് നല്‍കിയത്. സ്വാശ്രയ കോളജുകളിലാണ് ബയോ ടെക്നോളജി കോഴ്സുകള്‍ നിലവിലുള്ളതെന്നതും ദുരൂഹതയുടെ ആഴം വര്‍ധിപ്പിക്കുന്നു. സര്‍ക്കാര്‍ തീരുമാനത്തിനെതിരെ ഇടത് അധ്യാപക സംഘടനയും രംഗത്തെത്തിയിട്ടുണ്ട്. ഉത്തരവിനെതിരെ ആക്ഷന്‍ കൗണ്‍സില്‍ രൂപികരിച്ച് സമരത്തിനിറങ്ങാന്‍ വിദ്യാര്‍ത്ഥികളും നീക്കം ആരംഭിച്ചു. 

Tags:    

Similar News