ഇന്ത്യ- വെസ്‌റ്റ് ഇന്‍ഡീസ് ട്വന്‍റി-20: ഒരുക്കങ്ങൾ പൂർത്തിയായി

നാളെ തിരുവനന്തപുരത്ത് എത്തുന്ന ഇരു ടീമുകൾക്കും വൻസ്വീകരണം നല്‍കും. കർശനമായ സുരക്ഷാ സംവിധാനങ്ങൾ ഏർപ്പെടുത്തിയതായും മന്ത്രി പറഞ്ഞു.

Update: 2019-12-06 09:57 GMT

തിരുവനന്തപുരം: ഞായറാഴ്ച തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടക്കുന്ന ഇന്ത്യ-വെസ്‌റ്റ് ഇന്‍ഡീസ് ട്വന്‍റി-20 മത്സരത്തിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി മന്ത്രി കടകംപള്ളി സുരേന്ദ്രൻ. തിരുവനന്തപുരത്ത് വാർത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നാളെ തിരുവനന്തപുരത്ത് എത്തുന്ന ഇരു ടീമുകൾക്കും വൻസ്വീകരണം നല്‍കും. കർശനമായ സുരക്ഷാ സംവിധാനങ്ങൾ ഏർപ്പെടുത്തിയതായും മന്ത്രി പറഞ്ഞു. ഞായറാഴ്ച വൈകിട്ട് അഞ്ച് മണി മുതൽ കാണികളെ സ്‌റ്റേഡിയത്തിലേക്ക് കയറ്റി വിടും. മത്സരം കാണാൻ എത്തുന്ന എല്ലാവരും തിരിച്ചറിയൽ രേഖകൂടി ഹാജരാക്കണമെന്നും മന്ത്രി അറിയിച്ചു. മത്സരശേഷം കെഎസ്ആർടിസി സ്‌റ്റേഡിയത്തില്‍ നിന്നും പ്രത്യേക സർവീസുകൾ നടത്തും.

ഗ്രീൻ പ്രോട്ടോകോളിലാകും മത്സരം നടക്കുക. ഭക്ഷണവും കുടിവെള്ളവും വിതരണം ചെയ്യാന്‍ പുനരുപയോഗിക്കാവുന്ന പാത്രങ്ങളോ പ്രകൃതി സൗഹൃദ വസ്തുക്കളോ മാത്രം ഉപയോഗിക്കാന്‍ ലൈസന്‍സികള്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കും. പ്ലാസ്റ്റിക് പാക്കറ്റുകളിലുള്ള ഐസ്‌ക്രീം വിതരണം ഒഴിവാക്കാന്‍ മില്‍മയോട് നിര്‍ദേശിച്ചു. ബിസ്‌ക്കറ്റ് കോണില്‍ ഐസ്‌ക്രീം വിതരണം ചെയ്യും. പരമാവധി കുപ്പിവെള്ളം ഒഴിവാക്കാനും ഫ്‌ളക്‌സുകള്‍ കൊണ്ടു വരുന്നത് ഒഴിവാക്കാനും അധികൃതര്‍ ആരാധകരോട് അഭ്യര്‍ഥിച്ചു. സാധാരണഗതിയില്‍ മത്സരം കഴിയുമ്പോള്‍ വലിയ മാലിന്യ നിക്ഷേപമാണ് സ്‌റ്റേഡിയത്തില്‍ ഉണ്ടാകുക. ഇത് പരമാവധി കുറയ്ക്കാനാണ് ഗ്രീന്‍പ്രോട്ടോക്കോള്‍ കൊണ്ട് അധികൃതര്‍ ഉദ്ദേശിക്കുന്നത്. മത്സരശേഷം സ്റ്റേഡിയം ശുചീകരിക്കാനുമുള്ള ചുമതല നഗരസഭയ്ക്കാണ്. ഇതിനുള്ള ചെലവ് കേരള ക്രിക്കറ്റ് അസോസിസേയഷന്‍ വഹിക്കും.

Tags:    

Similar News