കൊച്ചി: ബിജെപി നേതാവും ഗുരുവായൂരിലെ എന്‍ഡിഎ സ്ഥാനാര്‍ഥിയുമായ ബി ഗോപാലകൃഷ്ണന്റെ വിദ്വേഷ പരാമര്‍ശത്തില്‍ കടുത്ത വിമര്‍ശനവുമായി ഹൈക്കോടതി. വിദ്വേഷ പരാമര്‍ശത്തില്‍ എന്ത് നടപടിയാണ് എടുത്തതെന്ന് ഹൈക്കോടതി ചോദിച്ചു. രാജ്യത്തിനും സമൂഹത്തിനും സംഭവിച്ച ആഘാതം എങ്ങനെ മറികടക്കുമെന്നും അതു മറികടക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ എന്ത് ചെയ്തുവെന്നും ഹൈക്കോടതി ചോദിച്ചു. മാതൃകാ പെരുമാറ്റച്ചട്ടം നിലനില്‍ക്കെയുള്ള ഇത്തരം പരാമര്‍ശങ്ങളില്‍ എന്ത് നടപടിയാണ് സ്വീകരിക്കുകയെന്നും കോടതി ആരാഞ്ഞു. ഗോപാലകൃഷ്ണന്റെ വിദ്വേഷ പരാമര്‍ശത്തില്‍ രണ്ട് മാസത്തിനുള്ളില്‍ ഉചിതമായ നടപടിയെടുക്കാന്‍ കമ്മീഷന് കോടതി നിര്‍ദ്ദേശം നല്‍കി.
വിദ്വേഷ പരാമര്‍ശത്തില്‍ ഇതിനോടകം തന്നെ നടപടികള്‍ ആരംഭിച്ചതായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ കോടതിയെ അറിയിച്ചു. വിവാദമായ വീഡിയോ സമൂഹമാധ്യമങ്ങളില്‍ നിന്ന് നീക്കം ചെയ്തിട്ടുണ്ടെന്നും കമ്മീഷന്‍ വ്യക്തമാക്കി. പരാമര്‍ശത്തിന്റെ ഗൗരവം കണക്കിലെടുത്ത് നിയമപരമായ തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും കമ്മീഷന്‍ കോടതിയില്‍ ഉറപ്പുനല്‍കി. വോട്ടര്‍മാര്‍ക്കിടയില്‍ വിദ്വേഷം പടര്‍ത്തുന്ന രീതിയിലുള്ള പ്രസംഗങ്ങള്‍ക്കെതിരെ കര്‍ശന നിലപാട് സ്വീകരിക്കാനാണ് കോടതിയുടെ നിര്‍ദ്ദേശം. കെ എസ് യു ജില്ലാ പ്രസിഡന്റ് ഗോകുല്‍ സമര്‍പ്പിച്ച ഹരജിയിലാണ് ഹൈക്കോടതി നടപടി.
അന്തര്‍ദേശീയ തീര്‍ത്ഥാടന കേന്ദ്രമായ ഗുരുവായൂരില്‍ എന്തുകൊണ്ട് ഹിന്ദു എംഎല്‍എ ഉണ്ടായില്ല. കൊടുങ്ങല്ലൂര്‍ അമ്മയുടെ നടയില്‍ നിന്ന് ഗുരുവായൂപ്പന്റെ നടയിലേക്കുള്ള എന്റെ വരവ് ഭഗവാന്‍ ഗുരുവായൂരപ്പന്‍ വിളിച്ചിട്ടാണ്. കഴിഞ്ഞ അരനൂറ്റാണ്ടായി അമ്പലക്കൊള്ളക്കാരുടെ തടവറയിലായ ഗുരുവായൂരിന്റെ മണ്ണിനെ മോചിപ്പിക്കാനാണ് ഞാന്‍ വന്നിരിക്കുന്നത്. 48 ശതമാനം ഹൈന്ദവ ജനസംഖ്യയുള്ള ഗുരുവായൂരില്‍ കഴിഞ്ഞ അന്‍പത് വര്‍ഷമായി ഒരു ഹിന്ദു എംഎല്‍എ ഇല്ലെന്നും ഇടത്-വലത് പക്ഷങ്ങള്‍ ഹിന്ദു വിഭാഗങ്ങളില്‍ നിന്നുള്ളവരെ സ്ഥാനാര്‍ഥിയായി പരിഗണിക്കുന്നില്ലെന്നുമായിരുന്നു ബി ഗോപാലകൃഷ്ണന്‍ പറഞ്ഞത്.
ഗോപാലകൃഷ്ണന്റെ പരാമര്‍ശം വിവാദമായതോടെ രത്തന്‍ യു ഖേല്‍ക്കര്‍ ജില്ലാ കളക്ടറോട് റിപോര്‍ട്ട് തേടിയിരുന്നു. ഗുരുവായൂര്‍ മണ്ഡലം ഭരണാധികാരി ഷീബ എസ് നല്‍കിയ പരാതിയില്‍ ഗോപാലകൃഷ്ണനെതിരെ എഫ്‌ഐആര്‍ ചുമത്തിയിരുന്നു. കേരള പീപ്പിള്‍സ് റെപ്രസന്റേഷന്‍ ആക്ട് 125, ബിഎന്‍എസ് 192 വകുപ്പുകള്‍ ചുമത്തിയാണ് കേസ് എടുത്തത്. ജനപ്രാതിനിധ്യ നിയമം അനുസരിച്ച് മൂന്ന് വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് ചുമത്തിയത്. വിവിധ സമൂഹങ്ങള്‍ തമ്മിലുള്ള സൗഹാര്‍ദ്ദം തകര്‍ത്ത് വിഭാഗീയത ഉണ്ടാക്കാന്‍ ശ്രമം, മതവികാരം ഉദ്ദീപിപ്പിച്ച് തിരഞ്ഞെടുപ്പ് പ്രചരണം നടത്തി എന്നിങ്ങനെയുള്ള കുറ്റങ്ങളാണ് എഫ്‌ഐആറില്‍ ചുമത്തിയത്.

