കെപിസിസി അംഗത്വ പട്ടികയ്ക്ക് ഹൈക്കമാന്‍ഡ് അംഗീകാരം, 280 അംഗ പട്ടികയില്‍ 75 ഓളം പുതുമുഖങ്ങള്‍

അംഗീകരിച്ചത് കൂടുതല്‍ പുതുമുഖങ്ങളെ ഉള്‍പ്പെടുത്തി അയച്ച പട്ടികയാണ്. പുതിയ പട്ടികയില്‍ 75 ഓളം പുതുമുഖങ്ങളുണ്ട്.

Update: 2022-09-10 15:09 GMT

തിരുവനന്തപുരം: കെപിസിസി അംഗത്വപട്ടികക്ക് അംഗീകാരം നല്‍കി ഹൈക്കമാന്‍ഡ്. 280 അംഗ പട്ടികക്കാണ് അംഗീകാരം. നേരത്തെ അയച്ച പട്ടിക പരാതിമൂലം ഹൈക്കമാന്‍ഡ് തള്ളിയിരുന്നു. അംഗീകരിച്ചത് കൂടുതല്‍ പുതുമുഖങ്ങളെ ഉള്‍പ്പെടുത്തി അയച്ച പട്ടികയാണ്. പുതിയ പട്ടികയില്‍ 75 ഓളം പുതുമുഖങ്ങളുണ്ട്.

ജയ്പൂര്‍ ചിന്തന്‍ ശിബരത്തിന്റെ പ്രഖ്യാപനങ്ങള്‍ക്ക് വിരുദ്ധമായ രീതിയില്‍ ആയിരുന്നു നേരത്തെ പട്ടിക തയ്യാറാക്കിയത്. ഇതില്‍ യുവാക്കള്‍ക്കും സ്ത്രീകള്‍ക്കും മതിയായ പ്രാധിനിധ്യമില്ലന്ന് ചൂണ്ടിക്കാട്ടി ഹൈക്കമാന്‍ഡ് ആ പട്ടിക തിരിച്ചയക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് വീണ്ടും പട്ടിക തിരുത്തി നല്‍കി. അതാണ് ഹൈക്കമാന്‍ഡ് അംഗീകരിച്ചത്. പട്ടിക കെപിസിസി പ്രസിഡന്റ് കെ സുധാകരന് ഹൈക്കമാന്‍ഡ് നല്‍കിയിട്ടുണ്ട്.

75 പുതുമുഖങ്ങളാണ് പട്ടികയില്‍ ഉള്ളത്. നേരത്തെയുള്ള പട്ടികയില്‍ നിന്ന് മരിച്ചവരടക്കമുള്ള 47 പേരെ നീക്കം ചെയ്തിരുന്നു. ഈ പുതിയ 280 അംഗ പട്ടികയിലുള്ളവര്‍ക്കാണ് കോണ്‍ഗ്രസ് അധ്യക്ഷനെ തിരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പില്‍ വോട്ട് ചെയ്യാന്‍ അവകാശമുള്ളത്.