130 കോടി രൂപ വിലയുള്ള ഹെറോയിന്‍ കടത്തിയ കേസ്; പ്രതികള്‍ക്ക് 60 വര്‍ഷം തടവ്
തിരുവനന്തപുരം: ആഫ്രിക്കയില്‍ നിന്ന് കടത്തിയ 130 കോടി രൂപ വിലയുള്ള 22.60 കിലോ ഹെറോയിന്‍ പിടികൂടിയ കേസില്‍ നാല് പ്രതികള്‍ക്ക് കഠിന ശിക്ഷ. തിരുവനന്തപുരം ഒന്നാം അഡിഷണല്‍ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്. ജഡ്ജി കെ പി അനില്‍കുമാറാണ് വിധി പ്രസ്താവന നടത്തിയത്.
കേസില്‍ പ്രധാന പ്രതികള്‍ക്ക് 60 വര്‍ഷം തടവാണ് വിധിച്ചിരിക്കുന്നത്. പ്രധാന പ്രതികളായ സന്തോഷ് ലാല്‍ (43), രമേശ് (33) എന്നിവര്‍ക്കാണ് 60 വര്‍ഷം വീതം കഠിനതടവും 4 ലക്ഷം രൂപ വീതം പിഴയും വിധിച്ചത്. മറ്റ് രണ്ട് പ്രതികളായ ബിനുക്കുട്ടന്‍ (46), ഷാജി (57) എന്നിവര്‍ക്ക് 20 വര്‍ഷം വീതം കഠിനതടവും 2 ലക്ഷം രൂപ വീതം പിഴയും വിധിച്ചു.
2022 സെപ്തംബര്‍ 20 ന് വൈകിട്ട് 3 മണിക്ക് തിരുവനന്തപുരം നെയ്യാറ്റിന്‍കരയിലെ ഒരു സ്വകാര്യ ലോഡ്ജ് മുറിയില്‍ നിന്നാണ് ഡിആര്‍ഐ (ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജന്‍സ്) ഉദ്യോഗസ്ഥര്‍ മയക്കുമരുന്ന് പിടികൂടിയത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ ഈ ഓപ്പറേഷന്‍ സംസ്ഥാനത്തെ ഏറ്റവും വലിയ മയക്കുമരുന്ന് വേട്ടകളിലൊന്നായി മാറി.
കോടതിയില്‍ പ്രോസിക്യൂഷന്‍ 13 സാക്ഷികളെ വിസ്തരിച്ചു. 9 ഭൗതിക തെളിവുകളും 119 രേഖകളും തെളിവായി സ്വീകരിച്ചു. സാക്ഷികള്‍ പ്രതികളെയും തെളിവുകളെയും തിരിച്ചറിഞ്ഞ് മൊഴി നല്‍കിയിരുന്നു. സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍മാരായ സാലിഷ് അരവിന്ദാക്ഷന്‍, കിരണ്‍ ഗോപിനാഥ് എന്നിവരാണ് ഡിആര്‍ഐയെ പ്രതിനിധീകരിച്ചത്.
നാര്‍ക്കോട്ടിക് ഡ്രഗ്‌സ് ആന്‍ഡ് സൈക്കോട്രോപിക് സബ്സ്റ്റന്‍സസ് ആക്ട് 1985 ലെ സെക്ഷന്‍ 21(ര), 23(ര), 29(1) എന്നിവ പ്രകാരമാണ് പ്രതികളെ ശിക്ഷിച്ചിരിക്കുന്നത്. അന്താരാഷ്ട്ര മയക്കുമരുന്ന് കടത്തിനെതിരായ കേരളത്തിന്റെ പോരാട്ടത്തില്‍ ഈ വിധി ഒരു നാഴികക്കല്ലായി കണക്കാക്കപ്പെടുന്നു.
