അഞ്ചു ദിവസത്തേക്ക് കേരള തീരത്ത് മൽസ്യബന്ധനത്തിന് വിലക്ക്

19ന് രാത്രി 11.30 വരെയുള്ള സമയത്ത് പൊഴിയൂർ മുതൽ കാസർഗോഡ് വരെയുള്ള കേരള തീരത്ത് 2.5 മുതൽ 3.8 മീറ്റർ വരെ ഉയരത്തിൽ തിരമാലക്ക് സാധ്യതയുണ്ട്.

Update: 2020-07-18 11:00 GMT

തിരുവനന്തപുരം: അടുത്ത 5 ദിവസത്തേക്ക് കേരള തീരത്ത് മൽസ്യ ബന്ധനത്തിന് പോകരുതെന്ന് മുന്നറിയിപ്പ്. ഇന്നു മുതൽ 22 വരെ കേരള തീരത്ത് അറബിക്കടലിൽ മണിക്കൂറിൽ 40 മുതൽ 50 കിമി വരെ വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇതേ കാലയളവിൽ തെക്ക്-പടിഞ്ഞാറൻ, മധ്യ-പടിഞ്ഞാറൻ അറബിക്കടൽ എന്നീ സമുദ്ര പ്രദേശങ്ങളിൽ മണിക്കൂറിൽ 50 മുതൽ 60 കിമി വരെ വേഗതയിൽ ശക്തമായ കാറ്റിന് സാധ്യത.

കർണാടക, കേരള, ലക്ഷദ്വീപ്, അതിനോട് ചേർന്നുള്ള തെക്ക്-കിഴക്കൻ അറബിക്കടൽ മേഖലകളിൽ മണിക്കൂറിൽ 40 മുതൽ 50 കി മി വരെ വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുണ്ട്. മധ്യ-കിഴക്കൻ അറബിക്കടലിൽ മണിക്കൂറിൽ 40 മുതൽ 50 കിമി വരെ വേഗതയിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ട്. ഈ കാലയളവിൽ മേൽപറഞ്ഞ പ്രദേശങ്ങളിൽ മത്സ്യതൊഴിലാളികൾ മത്സ്യ ബന്ധനത്തിന് പോകാൻ പാടുള്ളതല്ല.

ഉയർന്ന തിരമാല സാധ്യത മുന്നറിയിപ്പ്

19ന് രാത്രി 11.30 വരെയുള്ള സമയത്ത് പൊഴിയൂർ മുതൽ കാസർഗോഡ് വരെയുള്ള കേരള തീരത്ത് 2.5 മുതൽ 3.8 മീറ്റർ വരെ ഉയരത്തിൽ തിരമാലക്ക് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതി പഠന കേന്ദ്രം (INCOIS) അറിയിച്ചു. തീരദേശവാസികൾ ജാഗ്രത പാലിക്കണം.

മൽസ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം. മൽസ്യബന്ധന യാനങ്ങൾ (ബോട്ട്, വള്ളം etc) ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക.

Tags: