സംസ്ഥാനത്ത് മഴ കനത്തു; വ്യാപക നാശം; തീവണ്ടികള്‍ വൈകി ഓടുന്നു

Update: 2024-08-21 04:40 GMT

കോട്ടയം: സംസ്ഥാനത്ത് ഇന്ന് വീണ്ടും മഴ ശക്തമായി. തെക്കന്‍ ജില്ലകളില്‍ മഴയ്‌ക്കൊപ്പം ശക്തമായ കാറ്റും അനുഭവപ്പെടുന്നുണ്ട്. കോട്ടയം പള്ളത്ത് ശക്തമായ കാറ്റില്‍ മരം വീണ് വീട് ഭാഗികമായി തകര്‍ന്നു. ബുക്കാന പുതുവലില്‍ ഷാജിയുടെ വീടാണ് തകര്‍ന്നത്. പള്ളം, പുതുപ്പള്ളി , എംജി യൂണിവേഴ്‌സിറ്റി, കിടങ്ങൂര്‍ ഭാഗങ്ങളിലും മരം വീണു. ഫയര്‍ഫോഴ്‌സിന്റെ നേതൃത്വത്തില്‍ മരങ്ങള്‍ മുറിച്ചുമാറ്റുന്നതിനുള്ള ശ്രമങ്ങള്‍ നടന്നുവരുകയാണ്. കോട്ടയം കെ.എസ്.ആര്‍.ടി.സി. ഡിപ്പോ പരിസരത്ത് മരം വീണ് പാര്‍ക്ക് ചെയ്തിരുന്ന ഇരുചക്ര വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു.

കനത്ത കാറ്റില്‍ പലയിടത്തും മരങ്ങള്‍ പാളത്തിലേക്ക് വീണതിനെ തുടര്‍ന്ന് കോട്ടയം, ആലപ്പുഴ വഴിയുള്ള തീവണ്ടി ഗതാഗതം തടസപ്പെട്ടു. തകഴിയില്‍ പാളത്തിന് കുറുകെ മരം വീണതിനാല്‍ 06014 കൊല്ലം-ആലപ്പുഴ മെമു ഹരിപ്പാട് പിടിച്ചിട്ടു. തുമ്പോളിയിലും ട്രാക്കിലേക്ക് മരം വീണ് തീവണ്ടികള്‍ വൈകുകയാണ്.

ട്രാക്കില്‍ മരം വീണതിനാല്‍ ആലപ്പുഴ വഴിയും കോട്ടയം വഴിയും എറണാകുളം ഭാഗത്തേക്ക് പോകുന്ന തീവണ്ടികളാണ് വൈകിയോടുന്നത്. എറണാകുളം - തിരുവനന്തപുരം, കോട്ടയം - തിരുവനന്തപുരം, ആലപ്പുഴ - തിരുവനന്തപുരം ഭാഗത്തേക്ക് ട്രെയിനുകള്‍ കുഴപ്പമില്ലാതെ ഓടുന്നുണ്ട്. കോട്ടയം വഴിയുള്ള പാലരുവി എക്‌സ്പ്രസ് രാവിലെ ഓച്ചിറയില്‍ ദീര്‍ഘനേരം പിടിച്ചിട്ടിരുന്നു. കൊല്ലം പരവൂര്‍ ഭാഗത്തും പാളത്തില്‍ മരംവീണിട്ടുണ്ട്.

തീവ്രമഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ബുധനാഴ്ച പത്തനംതിട്ട, കോട്ടയം, ഇടുക്കി, കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മറ്റു എട്ട് ജില്ലകളിലും ശക്തമായ മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് മഞ്ഞ മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. വ്യാഴാഴ്ച മുതല്‍ മഴയ്ക്ക് ശക്തി കുറയുമെന്നാണ് പ്രവചനം.




Tags: