ശക്തമായ കാറ്റിനു സാധ്യത; മൽസ്യത്തൊഴിലാളികള്‍ കടലില്‍ പോവരുതെന്ന് മുന്നറിയിപ്പ്

മൽസ്യബന്ധനത്തിനു പോയിട്ടുള്ളവര്‍ 28നു മുന്‍പ് തിരിച്ചെത്താന്‍ നിര്‍ദേശം

Update: 2019-04-26 12:48 GMT

തിരുവനന്തപുരം: ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ ഭൂമധ്യരേഖാ പ്രദേശത്ത് രൂപംകൊണ്ട ന്യൂനമര്‍ദം ചുഴലിക്കാറ്റായി രൂപപ്പെട്ട് ഏപ്രില്‍ 30ന് തമിഴ്‌നാട്, ആന്ധ്ര തീരത്തെത്താന്‍ സാധ്യതയുണ്ടെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ന്യൂനമര്‍ദത്തിന്റെ പ്രഭാവത്തെത്തുടര്‍ന്ന് കേരള തീരത്ത് ശക്തമായ കാറ്റ് വീശാന്‍ സാധ്യതയുള്ളതിനാല്‍ മൽസ്യത്തൊഴിലാളികള്‍ കടലില്‍ പോവരുതെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.

28ന് രാവിലെ മുതല്‍ മണിക്കൂറില്‍ 30-40 കിലോമീറ്റര്‍ വേഗത്തിലും (ചില അവസരങ്ങളില്‍ 50 കിലോമീറ്റര്‍ വരെ വേഗതയിലും) 29 ന് മണിക്കൂറില്‍ 40 മുതല്‍ 50 വരെ കിലോമീറ്റര്‍ വേഗതയിലും (ചില അവസരങ്ങളില്‍ 60 കിലോമീറ്റര്‍ വരെ വേഗതയിലും) കാറ്റ് വീശാന്‍ സാധ്യതയുണ്ട്. മൽസ്യത്തൊഴിലാളികള്‍ ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ ഭൂമധ്യരേഖാ പ്രദേശത്തിന്റെ കിഴക്കും അതിനോട് ചേര്‍ന്നുള്ള തെക്കന്‍ ബംഗാള്‍ ഉള്‍ക്കടലിന്റെ മധ്യഭാഗത്തും തെക്കുകിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിലും കേരളതീരത്തും ഈ കാലയളവില്‍ മൽസ്യബന്ധനത്തിന് പോവരുത്.

ആഴക്കടലില്‍ മൽസ്യബന്ധനത്തിൽ ഏര്‍പ്പെടുന്നവര്‍ 28ന് മുന്‍പ് തിരിച്ചെത്തണമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം കര്‍ശന മുന്നറിയിപ്പ് നല്‍കി.

Tags:    

Similar News