വയനാട്ടില്‍ അതിശക്തമായ മഴ; മലവെള്ളപ്പാച്ചിലിന് സാധ്യത

Update: 2024-08-12 17:59 GMT

കല്‍പ്പറ്റ: ഇന്ന് ഉച്ച മുതല്‍ വയനാട്ടില്‍ മഴ കനത്തു. രണ്ട് ദിവസത്തെ ശമനത്തിന് ശേഷം ഇന്ന് ഉച്ച മുതല്‍ അതിശക്തമായ മഴ പെയ്യുകയായിരുന്നു. ജില്ലയില്‍ അഞ്ച് പഞ്ചായത്തുകളില്‍ അതിതീവ്ര മഴ പെയ്തുകൊണ്ടിരിക്കുകയാണ്. വയനാട് ദുരന്തം നടന്ന മേപ്പാടി, മൂപ്പൈനാട്, പഞ്ചായത്തുകളിലാണ് ഏറ്റവും കൂടുതല്‍ മഴ പെയ്യുന്നത്. കടച്ചിക്കുന്ന്, വടുവന്‍ചാല്‍ മേഖലയില്‍ മൂന്ന് മണിക്കൂറിനിടെ 100 മില്ലിമീറ്റര്‍ മഴ പെയ്‌തെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമായ ഹ്യൂം അറിയിച്ചിട്ടുണ്ട്. കുറുമ്പാലക്കോട്ടയില്‍ അതിശക്തമായ മഴയാണ്. മലവെള്ളപ്പാച്ചിലിന് സാധ്യതയുണ്ടെന്നും ഹ്യൂമിന്റെ അറിയിപ്പില്‍ പറയുന്നു.

സംസ്ഥാനത്ത് ഇന്ന് 12 ജില്ലകളില്‍ മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. ഇതില്‍ വയനാട്ടില്‍ തീവ്ര മഴ മുന്നറിയിപ്പാണ് പുറപ്പെടുവിച്ചത്. പത്തനംതിട്ട, ഇടുക്കി, മലപ്പുറം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ആലപ്പുഴയും കാസര്‍കോടും മഴ പെയ്യുമെങ്കിലും തീവ്ര മുന്നറിയിപ്പില്ല. തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂര്‍ എന്നീ ഒന്‍പത് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് നാളെയും തുടരും. മറ്റ് ജില്ലകളിലും മഴ മുന്നറിയിപ്പ് നാളെയുണ്ട്. എന്നാല്‍ കോട്ടയം, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്. മറ്റ് ജില്ലകളില്‍ നേരിയതോ മിതമായ നിലയിലോ മഴ പെയ്യുമെന്നും അറിയിപ്പില്‍ പറയുന്നു.




Tags: