കനത്ത മഴ: രണ്ട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി
കാസര്‍കോട് ജില്ലയിലെ എല്ലാ സ്‌കൂളുകള്‍ക്കും അംഗനവാടികള്‍ക്കും നാളെ (തിങ്കളാഴ്ച) അവധി പ്രഖ്യാപിച്ചു. കോളജുകള്‍ക്ക് അവധി ബാധകമല്ല.
കാസർകോട്: കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ കാസര്‍കോട് ജില്ലയിലെ എല്ലാ സ്‌കൂളുകള്‍ക്കും അംഗനവാടികള്‍ക്കും നാളെ (തിങ്കളാഴ്ച) അവധി പ്രഖ്യാപിച്ചു. കോളജുകള്‍ക്ക് അവധി ബാധകമല്ല.
വയനാട് ജില്ലയില്‍ പ്രൊഫഷണല്‍ കോളേജ് ഉള്‍പ്പടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ (തിങ്കളാഴ്ച) അവധി പ്രഖ്യാപിച്ചിട്ടുണ്ട്. അംഗനവാടികള്‍, കേന്ദ്രീയ വിദ്യാലയങ്ങള്‍, സിബിഎസ് സി/ഐസിഎസ്ഇ സ്‌കൂളുകള്‍, പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമാണ്.
കേരളത്തില്‍ മഴ വീണ്ടും ശക്തമാകുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്. എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു. കോഴിക്കോട്, വയനാട്, കണ്ണൂര്‍ കാസര്‍കോട് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള മറ്റ് ജില്ലകളില്‍ യെല്ലോ അലര്‍ട്ടായിരിക്കും.
ബുധനാഴ്ചയോടെ മഴ വീണ്ടും ശക്തമാകുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ വിലയിരുത്തല്‍. തെക്കന്‍ ഒഡിഷക്കും മുകളിലായുള്ള ന്യൂനമര്‍ദ്ദവും ഗുജറാത്ത് തീരം മുതല്‍ കര്‍ണാടക തീരം വരെ നിലനില്‍ക്കുന്ന ന്യൂനമര്‍ദ്ദ പാത്തിയുമാണ് കാലവര്‍ഷക്കാറ്റുകളെ ശക്തമാക്കുന്നത്. രൂക്ഷമായ കടലാക്രമണ സാധ്യത ഉള്ളതിനാല്‍ മൽസ്യത്തൊഴിലാളികള്‍ കടലില്‍ പോകരുത്.
തെക്കന്‍ ഒഡിഷ- ആന്ധ്രപ്രദേശ് തീരങ്ങള്‍ക്കു മുകളിലായി ന്യൂനമര്‍ദവും തെക്കന്‍ ഗുജറാത്ത് തീരം മുതല്‍ വടക്കന്‍ കേരള തീരം വരെ ന്യൂനമര്‍ദ പാത്തിയും നിലനില്‍ക്കുന്നതിനാല്‍ അറബിക്കടലില്‍ കാലവര്‍ഷക്കാറ്റ് ശക്തമാകുന്നതിനാലാണു മഴ കനക്കുന്നത്. കേരളം, ഛത്തിസ്ഗഡ്, മധ്യപ്രദേശ്, ഒഡിഷ, മഹാരാഷ്ട്ര, ഗുജറാത്ത്, ആന്ധ്രപ്രദേശ് എന്നിവിടങ്ങളില്‍ അടുത്ത അഞ്ച് ദിവസം മഴ കനക്കുമെന്നാണു പ്രവചനം.
