സംസ്ഥാനത്ത് തിങ്കളാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ കനത്ത മഴയ്ക്ക് സാധ്യത; മലപ്പുറം, ഇടുക്കി ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്

അരുവിക്കര ഡാമിന്റെ വൃഷ്ടിപ്രദേശത്ത് ശക്തമായ മഴ പെയ്തതിനാല്‍ നീരൊഴുക്ക് വര്‍ധിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ രാവിലെ അഞ്ചുമണിയോടെ മൂന്നാമത്തെ ഷട്ടര്‍ 30 സെമീ ഉയര്‍ത്തിയതായി തിരുവനന്തപുരം ജില്ലാ കലക്ടര്‍ അറിയിച്ചു.

Update: 2020-10-09 01:01 GMT

തിരുവനന്തപുരം: കേരളത്തില്‍ തിങ്കളാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. തെക്കന്‍ കേരളത്തില്‍ ശക്തമായ മഴ തുടരുകയാണ്. ഇന്ന് ഇടുക്കി, മലപ്പുറം ജില്ലകളില്‍ ശക്തമായ മഴ പെയ്യുമെന്നാണ് പ്രവചനം. ഇതിന്റെ അടിസ്ഥാനത്തില്‍ ഈ ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

അരുവിക്കര ഡാമിന്റെ വൃഷ്ടിപ്രദേശത്ത് ശക്തമായ മഴ പെയ്തതിനാല്‍ നീരൊഴുക്ക് വര്‍ധിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ രാവിലെ അഞ്ചുമണിയോടെ മൂന്നാമത്തെ ഷട്ടര്‍ 30 സെമീ ഉയര്‍ത്തിയതായി തിരുവനന്തപുരം ജില്ലാ കലക്ടര്‍ അറിയിച്ചു. ഏഴുമണിക്ക് മൂന്നാമത്തെ ഷട്ടര്‍ 30 സെമീ കൂടി ഉയര്‍ത്തി 60 സെമീ അളവില്‍ വെള്ളം ഒഴുക്കിവിടും. തീരദേശവാസികള്‍ ജാഗ്രത പാലിക്കണം.

ഉച്ചയ്ക്ക് രണ്ടുമണി മുതല്‍ രാത്രി 10 മണിവരെയുള്ള സമയത്ത് ഇടിമിന്നലിനുള്ള സാധ്യത കൂടുതലാണ്. മലയോര മേഖലയിലുളളവര്‍ കൂടുതല്‍ ജാഗ്രതപാലിക്കണമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇത്തരം ഇടിമിന്നല്‍ അപകടകാരികളാണ്. അവ മനുഷ്യജീവനും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങള്‍ക്കും വലിയ നാശനഷ്ടം സൃഷ്ടിക്കുന്നുണ്ട്.

ഉച്ചയ്ക്ക് രണ്ടുമണി മുതല്‍ രാത്രി 10 മണി വരെ അന്തരീക്ഷം മേഘാവൃതമാണെങ്കില്‍, തുറസായ സ്ഥലത്തും, ടെറസ്സിലും കുട്ടികള്‍ കളിക്കുന്നില്ലെന്ന് രക്ഷിതാക്കള്‍ ഉറപ്പാക്കണമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കി.

Tags: