കനത്ത മഴയും കാറ്റും; കോട്ടയം ജില്ലയില്‍ 43 വീടുകള്‍ക്ക് ഭാഗിക നാശനഷ്ടം, അഞ്ച് ദുരിതാശ്വാസ ക്യാംപുകളിലായി 65 പേര്‍

Update: 2021-05-15 16:55 GMT

കോട്ടയം: കനത്ത മഴയെത്തുടര്‍ന്ന് കോട്ടയം ജില്ലയില്‍ ഇന്ന് വൈകുന്നേരം ഏഴുവരെ അഞ്ച് ദുരിതാശ്വാസ ക്യാംപുകള്‍ തുറന്നു. 21 കുടുംബങ്ങളിലെ 65 പേരാണ് ക്യാംപുകളിലേക്ക് മാറിയത്. നാട്ടകം സര്‍ക്കാര്‍ യു.പി സ്‌കൂള്‍, സംക്രാന്തി എസ്.എന്‍ എല്‍.പി.എസ്, പരുത്തുംപാറ എന്‍.എസ്.എസ് എച്ച്.എസ്.എസ്, പരിപ്പ് ഹൈസ്‌കൂള്‍, പഴുക്കാക്കാനം വൃദ്ധസദനം എന്നിവിടങ്ങളിലാണ് ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നത്. കോട്ടയം117, മീനച്ചില്‍17, ചങ്ങനാശേരി17, കാഞ്ഞിരപ്പള്ളി19, വൈക്കം114 എന്നിങ്ങനെയാണ് വിവിധ താലൂക്കുകളില്‍ സജ്ജമാക്കിയിട്ടുള്ള ദുരിതാശ്വാസ ക്യാമ്പുകളുടെ എണ്ണം. ശക്തമായ കാറ്റിലും മഴയിലും ജില്ലയില്‍ ഇതുവരെ 43 വീടുകള്‍ക്ക് ഭാഗിക നാശനഷ്ടമുണ്ടായി. മരങ്ങള്‍ കടപുഴകിയും ചില്ലകള്‍ ഒടിഞ്ഞുമാണ് ഭൂരിഭാഗം വീടുകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചത്.

നദികളിലെ ജലനിരപ്പ് ഇന്നലെ രാവിലെ മുതല്‍ ഉയരുന്നുണ്ടെങ്കിലും അപകടസാധ്യത നിലവിലില്ല. ജലനിരപ്പ് ഗണ്യമായി ഉയര്‍ന്ന മേഖലകളില്‍ ഡെപ്യൂട്ടി കലക്ടര്‍മാരുടെ നേതൃത്വത്തില്‍ പ്രത്യേക നിരീക്ഷണം നടത്തിവരുന്നു. വെള്ളം കയറാന്‍ ഇടയുള്ള സ്ഥലങ്ങളില്‍ ജാഗ്രത പുലര്‍ത്തണമെന്നും അടിയന്തര സാഹചര്യത്തില്‍ താമസം കൂടാതെ ആളുകളെ ക്യാമ്പുകളിലേക്ക് മാറ്റണമെന്നും ജില്ലാ കലക്ടര്‍ എം അഞ്ജന ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി.

Tags: