സംസ്ഥാനത്ത് ശക്തമായ കാറ്റിലും മഴയിലും വ്യാപകനാശം; ഇടുക്കിയില്‍ കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു, ഇന്ന് ആറ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

അടുത്ത മൂന്നുമണിക്കൂറിനിടെ ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളില്‍ ചിലയിടങ്ങളില്‍ മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയിലുള്ള കാറ്റിനും മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പ് അറിയിച്ചു.

Update: 2020-08-05 06:43 GMT

കോഴിക്കോട്: സംസ്ഥാനത്ത് ശക്തമായ മഴയിലും കാറ്റിലും വ്യാപകനാശം. ചൊവ്വാഴ്ച രാത്രിയിലും ബുധനാഴ്ച പുലര്‍ച്ചെയുമുണ്ടായ കാറ്റും മഴയും വടക്കന്‍ കേരളത്തിലാണ് കൂടുതല്‍ നാശംവിതച്ചത്. കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ മരങ്ങള്‍ കടപുഴകി വീഴുകയും വൈദ്യുതി ബന്ധം തകരാറിലാവുകയും ചെയ്തു. ചൊവ്വാഴ്ച രാത്രി 11.30ഓടെയാണ് ശക്തമായ കാറ്റും മഴയുമെത്തിയത്. കോഴിക്കോട് നഗരപ്രദേശത്താണ് കൂടുതല്‍ നാശനഷ്ടമുണ്ടായത്. പുതിയങ്ങാടി, ഈസ്റ്റ്ഹില്‍ ഗസ്റ്റ് ഹൗസ്, കാമ്പുറം, കോവൂര്‍, മാളിക്കടവ്, കരുവിശ്ശേരി, ബൈപ്പാസ്, ഫാത്തിമ ഹോസ്പിറ്റലിന് സമീപം എന്നിവിടങ്ങളിലെല്ലാം മരംവീണു.

ഫാറൂഖ് കോളജ് വിമന്‍സ് ഹോസ്റ്റല്‍, പന്തീരങ്കാവ് വള്ളിക്കുന്ന്, കുടല്‍ നടക്കാവ്, കൂടത്തുംപാറ, പ്രൊവിഡന്‍സ് കോളജ്, പയ്യാനയ്ക്കല്‍, ബേപ്പൂര്‍ എന്നീ ഭാഗങ്ങളിലും വന്‍മരങ്ങള്‍ വീണ് ഗതാഗതതടസ്സമുണ്ടായി. ചിലയിടങ്ങളില്‍ റോഡുകളിലും വൈദ്യുതകമ്പികളിലും മരം വീണു. ഇതുകാരണം ഗതാഗതവും വൈദ്യുതിയും മുടങ്ങി. കനത്തമഴയെത്തുടര്‍ന്ന് നഗരത്തിലെ താഴ്ന്നപ്രദേശങ്ങളിലും റോഡുകളിലും വെള്ളംകയറി. തീരമേഖലകളില്‍ ശക്തമായ കടലാക്രമണവുമുണ്ടായി. വയനാട് തവിഞ്ഞാലില്‍ വീടിന് മുകളില്‍ മരം വീണ് ആറുവയസ്സുകാരി മരിച്ചു. വാളാട് തോളക്കര കോളനിയില്‍ ബാബുവിന്റെ മകള്‍ ജ്യോതികയാണ് മരിച്ചത്.

വാളാട്- കുഞ്ഞോം റോഡില്‍ റവന്യു കുന്നിനു സമീപനം താമസിക്കുന്ന ബാബുവിന്റെ വീടിനു മുകളിലേക്കാണ് മരം വീണത്. ഗുരുതരമായി പരിക്കേറ്റ ബാബുവിനെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. വീട്ടില്‍ ഉറങ്ങുകയായിരുന്ന കുട്ടിയാണ് മരിച്ചത്. കണ്ണൂരില്‍ ശക്തമായ കാറ്റിലും മഴയിലും മൂന്ന് വീടുകള്‍ മരം വീണ് തകര്‍ന്നു. അഞ്ചുപേര്‍ക്ക് പരിക്കേറ്റു. ഓടിക്കൊണ്ടിരുന്ന കാറിന് മുകളിലേക്ക് മരം വീണ് കാറിലുണ്ടായിരുന്ന യാത്രക്കാര്‍ക്കും പരിക്കേറ്റിട്ടുണ്ട്. വൈദ്യുതലൈന്‍ പൊട്ടിവീണും മറ്റും പലയിടങ്ങളിലും ഏറെനേരം വൈദ്യുതിബന്ധം തടസ്സപ്പെട്ടു. കണ്ണൂര്‍ അഗ്നിരക്ഷാനിലയത്തിന് സമീപത്തെ റോഡിലൂടെ പോവുകയായിരുന്ന കാറിന് മുകളിലേക്കാണ് മരം വീണത്. മരം മാറ്റി കാറിലുണ്ടായിരുന്നവരെ അഗ്നിരക്ഷാസേനാംഗങ്ങള്‍ ആസ്പത്രിയിലെത്തിച്ചു.

മേലെചൊവ്വ ദേശീയപാതയില്‍ കൂറ്റന്‍മരം റോഡിന് കുറുകെ കടപുഴകിയതിനാല്‍ മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. പോലിസെത്തി വാഹനങ്ങള്‍ തിരിച്ചുവിട്ടു. ലോറിക്ക് തൊട്ടുമുന്നിലായാണ് മരംവീണത്. കാറ്റിന്റെ ശക്തിയില്‍ കണ്ണൂര്‍ സിറ്റിയിലെ കടകളുടെ ഓടുകളും മേല്‍ക്കൂരയിലിട്ട ഷീറ്റുകളും പാറിപ്പോയി. കാസര്‍ഗോഡ് ചെറുവത്തൂര്‍, ബന്തടുക്ക തൃക്കരിപ്പൂര്‍, ചീമേനി, രാജപുരം എന്നവിടങ്ങളിലും ശക്തമായ കാറ്റിലും മഴയിലും നിരവധി മരങ്ങള്‍ കടപുഴകുകയും വീടുകള്‍ തകരുകയും ചെയ്തു. മഴ കനത്തതോടെ വയനാട് വൈത്തിരി താലൂക്കില്‍ ഇതുവരെ എട്ട് ദുരിതാശ്വാസ ക്യാംപുകള്‍ തുറന്നു. 60 വയസ്സിന് മുകളില്‍ ഉള്ളവര്‍ക്കും ക്വാറന്റൈനില്‍ കഴിയുന്നവര്‍ക്കും പ്രത്യേകം ക്യാംപുകള്‍ ഒരുക്കിയിട്ടുണ്ട്.

മലപ്പുറത്തും രാത്രി ശക്തമായ മഴയുണ്ടായിരുന്നു. ശക്തമായ കാറ്റില്‍ നിലമ്പൂര്‍ കരിമ്പുഴയില്‍ വീടിനു മുകളില്‍ മരം വീണു. അറഷഫ് എന്നയാളുടെ വീടിനു മുകളിലാണ് മരം കടപുഴകി വീണത്. വീട്ടുകാര്‍ നേരിയ പരിക്കുകളോടെ രക്ഷപ്പെട്ടു. രാവിലെയോടെ മഴയ്ക്ക് ശമനമുണ്ട്. പാലക്കാട് ജില്ലയിലും രാത്രി ശക്തമായ മഴയുണ്ടായി. ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് മംഗലം, കാഞ്ഞിരപ്പുഴ അണക്കെട്ടുകളുടെ ഷട്ടര്‍ ഉയര്‍ത്തിയിട്ടുണ്ട്. കനത്ത കാറ്റിലും മഴയിലും പാലക്കാട് തിരുവേഗപ്പുറത്ത് വീടിന് മുകളില്‍ മരംവീണു. വീടിന്റെ മേല്‍ക്കൂര ഭാഗികമായി തകര്‍ന്നു. ഭാരതപ്പുഴയ്ക്ക് കുറുകെയുള്ള വെള്ളിയാം കല്ല് റെഗുലേറ്റര്‍ ഷട്ടറുകളും തുറന്നു. പട്ടാമ്പി ഉള്‍പ്പെടെ നദീതീരത്തുള്ള പ്രദേശങ്ങളില്‍ ജാഗ്രതാനിര്‍ദേശം നല്‍കിയിട്ടുണ്ട്.

ഇടുക്കിയില്‍ കനത്ത മഴയില്‍ മണ്ണിടിച്ചില്‍ ഭീഷണിയുള്ളതിനാല്‍ മൂന്നാര്‍, ദേവികുളം എന്നിവിടങ്ങളിലെ എട്ട് കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. കന്നിയാറില്‍ നീരൊഴുക്ക് ശക്തമായതിനാല്‍ മൂന്നാര്‍ പെരിയവരയിലെ താല്‍കാലികപാലം അപകടവസ്ഥയിലായി. മൂന്നാര്‍ ഇക്കാനഗര്‍ സ്വദേശി മുത്തുക്കുട്ടിയുടെ വീടിന്റെ ചുറ്റുമതിലും അടുക്കളയും മരംവീണ് തകര്‍ന്നു. സുരക്ഷ മുന്‍കരുതലിന്റെ ഭാഗമായി മൂന്നാറില്‍ നാല് ദുരിതാശ്വാസ ക്യാംപുകള്‍ തുറന്നു. ജില്ലയില്‍ തുറന്ന മൂന്ന് അണക്കെട്ടുകളുടെയും ഷട്ടറുകള്‍ വീണ്ടും ഉയര്‍ത്തി.

ലോവര്‍ പെരിയാര്‍, കല്ലാര്‍കുട്ടി, മലങ്കര അണക്കെട്ടുകളുടെ ഷട്ടറുകള്‍ 50 സെന്റി മീറ്റര്‍ വരെയാണ് ഉയര്‍ത്തിയത്. പെരിയാറിന്റെ ഇരുകരകളിലുമുള്ളവര്‍ ജാഗ്രതപാലിക്കണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. കോട്ടയം ജില്ലയിലും പലയിടത്തും ശക്തമായ മഴയിലും കാറ്റിലും നാശനഷ്ടമുണ്ടായി. കഴിഞ്ഞ രണ്ടുദിവസങ്ങളിലായി കാറ്റില്‍ നിരവധി വീടുകള്‍ക്ക് മുകളിലേക്ക് മരം കടപുഴകി വീണത്. അതേസമയം, ശക്തമായ മഴയും കാറ്റും ഇന്നുമുണ്ടാവുമെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്.

അടുത്ത മൂന്നുമണിക്കൂറിനിടെ ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളില്‍ ചിലയിടങ്ങളില്‍ മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയിലുള്ള കാറ്റിനും മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പ് അറിയിച്ചു. ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് തുടങ്ങിയ ആറ് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ബാക്കിയുള്ള ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്. നാളെയും മറ്റന്നാളും ഒമ്പത് ജില്ലകളിലും ഓറഞ്ച് അലര്‍ട്ടാണ്.  

Tags: