കൊച്ചി: ഹൃദയം മാറ്റിവെക്കല്‍ ശസ്ത്രക്രിയയില്‍ ചരിത്രം കുറിച്ച് എറണാകുളം ജനറല്‍ ആശുപത്രി. രാജ്യത്ത് ആദ്യമായാണ് സര്‍ക്കാര്‍ ജനറല്‍ ആശുപത്രിയില്‍ ഹൃദയമാറ്റ ശസ്ത്രക്രിയ നടത്തി. വൈകീട്ട് നടത്തിയ ശസ്ത്രക്രിയ വിജയകരമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. ബൈക്കപകടത്തില്‍ മസ്തിഷ്‌ക മരണം സംഭവിച്ച കൊല്ലം സ്വദേശി ഷിബുവിന്റെ ഹൃദയമാണ് 21കാരിയായ നേപ്പാള്‍ സ്വദേശിനിയില്‍ മാറ്റിവെക്കുന്നത്. ദുര്‍ഗയെ തീവ്രപരിചരണവിഭാഗത്തിലേക്ക് മാറ്റി. അടുത്ത 48 മണിക്കൂര്‍ നിരീക്ഷണം തുടരും.
ചിറക്കര സ്വദേശി ആര്‍. ഷിബുവിന്റെ അവയവങ്ങള്‍ ഇനി ഏഴുപേര്‍ക്ക് പുതുജീവനേകും. അപൂര്‍വ്വ ജനിതകരോഗം ബാധിച്ച നേപ്പാള്‍ സ്വദേശിനി ദുര്‍ഗയില്‍ ഷിബുവിന്റെ ഹൃദയമിടിക്കും. ഒരു വര്‍ഷമായി എറണാകുളം ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു യുവതി. അവയവമാറ്റത്തിന് രാജ്യത്തെ പൗരന്മാര്‍ക്ക് മുന്‍ഗണന നല്‍കണമെന്ന കേന്ദ്ര നിയമം ദുര്‍ഗയ്ക്ക് വെല്ലുവിളിയായി. രോഗം മൂര്‍ച്ഛിച്ച സാഹചര്യത്തില്‍ ദുര്‍ഗ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. മലയാളിയായ ഡോക്ടര്‍ മുഖേനയാണ് ദുര്‍ഗ കേരളത്തിലേക്ക് എത്തിയത്.
ഇതേ രോഗത്തെ തുടര്‍ന്ന്, ദുര്‍ഗയുടെ അമ്മയും മൂത്ത സഹോദരിയും മരിച്ചിരുന്നു. ദുര്‍ഗയുടെ സഹോദരന്‍ കേരളത്തോട് നന്ദി പറഞ്ഞു. 47കാരനായ ഷിബുവിന്റെ വൃക്കകളും കരളും നേത്രപടലവും ത്വക്കും ദാനം ചെയ്തിട്ടുണ്ട്.