മുസ്ലീം ശിരോവസ്ത്രത്തിനെതിരായ ഫാഷിസ്റ്റ് നടപടികൾ അവസാനിപ്പിക്കണം: ഇമാംസ് കൗൺസിൽ

തിരുവനന്തപുരം മേനംകുളത്തെ ജ്യോതിനിലയം പബ്ലിക് സ്കൂളിൽ വിദ്യാർഥിനിയെ തട്ടമിട്ടതിന്റെ പേരിൽ സ്കൂളിൽ നിന്ന് പുറത്താക്കിയ നടപടി കടുത്ത ഫാഷിസമാണ്.

Update: 2019-06-14 08:55 GMT

തിരുവനന്തപുരം: മുസ്ലീം പെൺകുട്ടികളുടെ ശിരോവസ്ത്രം ധരിക്കാനുള്ള അവകാശത്തെ വർഗീയവും അസഹിഷ്ണുതാപരവുമായ നടപടികളിലൂടെ സമീപിക്കുന്ന ചില സ്കൂൾ അധികാരികളുടെ ധാർഷ്ട്യം നിറഞ്ഞ നിലപാടുകൾ അപകടകരമാണെന്ന് ഓൾ ഇന്ത്യ ഇമാംസ് കൗൺസിൽ സംസ്ഥാന പ്രസിഡന്റ് ടി അബ്ദുറഹ്മാൻ ബാഖവി. വ്യക്തിയുടെ വിശ്വാസ സ്വാതന്ത്ര്യം നിഷേധിക്കപ്പെടുന്ന ഇത്തരം വിഷയങ്ങളിൽ ഇടപെടാൻ സർക്കാരിന് ഉത്തരവാദിത്തമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

തിരുവനന്തപുരം മേനംകുളത്തെ ജ്യോതിനിലയം പബ്ലിക് സ്കൂൾ വിദ്യാർഥിനി ഷഹാന ഷാജഹാനെ തട്ടമിട്ടതിന്റെ പേരിൽ സ്കൂളിൽ നിന്ന് പുറത്താക്കിയ നടപടി കടുത്ത ഫാഷിസമാണ്. ഇഷ്ടമുള്ള മതവും ആചാരവും സംസ്കാരവും സ്വീകരിക്കുന്നത് ഏതൊരു പൗരന്റെയും മൗലികാവകാശമാണെന്ന് പഠിപ്പിക്കുന്ന ക്ലാസ്സ് മുറികളിൽ കന്യാസ്ത്രീകളായ അധ്യാപികമാർ പോലും തട്ടമിട്ടും ളോഹ ധരിച്ചും പഠിപ്പിക്കുമ്പോഴാണ് മുസ്ലീം പെൺകുട്ടികളുടെ തട്ടത്തിനു നേരെ ഹാലിളക്കമുണ്ടാകുന്നത് എന്നത് മുസ്ലീം സമുദായത്തോടുള്ള കടുത്ത വിവേചനത്തെയാണ് വ്യക്തമാക്കുന്നത്.

പുതിയ അധ്യായന വർഷങ്ങളിൽ ചില സ്കൂൾ അധികൃതർ ആവർത്തിക്കാറുള്ള മുസ്ലീം പെൺകുട്ടികളുടെ വസ്ത്രധാരണത്തിനെതിരെയുള്ള വർഗീയ നിലപാടുകൾ തിരുത്തിക്കാൻ ബന്ധപ്പെട്ടവർ തയാറാവുന്നില്ലെങ്കിൽ മതാധ്യക്ഷന്മാർ ജനകീയ പ്രക്ഷോഭങ്ങളും നിയമ നടപടികളുമായി മുന്നോട്ടു പോകുമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

Tags:    

Similar News