ഹൈക്കോടതി വിധി: പിഎസ് സി ചെയര്‍മാന്‍ രാജിവയ്ക്കണം-കാംപസ് ഫ്രണ്ട്

പരീക്ഷാതട്ടിപ്പ് വിവാദമായപ്പോള്‍ സര്‍ക്കാരിനൊപ്പം ന്യായീകരണവുമായാണ് പിഎസ് സി ചെയര്‍മാന്‍ ആദ്യം രംഗത്തുവന്നത്

Update: 2019-08-31 16:46 GMT

കോഴിക്കോട്: പിഎസ് സി പരീക്ഷാതട്ടിപ്പ് സ്വതന്ത്ര ഏജന്‍സി അന്വേഷിക്കണമെന്ന ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തില്‍ സംഭവത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് പിഎസ്‌സി ചെയര്‍മാന്‍ സ്ഥാനം ഒഴിയണമെന്ന് കാംപസ് ഫ്രണ്ട് സംസ്ഥാന സെക്രട്ടറി ഫായിസ് കണിച്ചേരി ആവശ്യപ്പെട്ടു. പരീക്ഷാതട്ടിപ്പ് വിവാദമായപ്പോള്‍ സര്‍ക്കാരിനൊപ്പം ന്യായീകരണവുമായാണ് പിഎസ് സി ചെയര്‍മാന്‍ ആദ്യം രംഗത്തുവന്നത്. എന്നാല്‍ പിന്നീട് തട്ടിപ്പ് നടന്നതായി തെളിഞ്ഞതോടെ നിരവധി പരീക്ഷാര്‍ത്ഥികളുടെ പ്രതീക്ഷയും വിശ്വാസവുമാണ് തകര്‍ത്തത്. ഹൈക്കോടതി വിധി സര്‍ക്കാരിന്റെ പക്ഷപാതിത്വപരമായ നിലപാടിനുള്ള അടിയാണ്. വിധിയെ സ്വാഗതം ചെയ്യുന്നു. തുടക്കത്തില്‍ പ്രതികളെ സംരക്ഷിക്കുന്ന നിലപാടാണ് ഈ വിഷയത്തില്‍ മുഖ്യമന്ത്രി ഉള്‍പ്പെടെ സ്വീകരിച്ചത്. പിഎസ് സി യെ ന്യായീകരിക്കുന്ന വികലമായ ശ്രമങ്ങളും സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായിരുന്നു. വിഷയത്തില്‍ ആദ്യഘട്ടം മുതല്‍ കാംപസ് ഫ്രണ്ട് ഇടപെട്ടിരുന്നു. പിഎസ്‌സി ചെയര്‍മാനെ വഴിയില്‍ തടയുകയും ഉന്നത വിദ്യാഭ്യാസവകുപ്പ് മന്ത്രിയെ കരിങ്കൊടി കാണിക്കുകയും സെക്രട്ടേറിയറ്റിലേക്ക് മാര്‍ച്ച് നടത്തിയതുമടക്കം നിരവധി പ്രതിഷേധ പരിപാടികളാണ് കാംപസ് ഫ്രണ്ട് നടത്തിയത്. ഈ വിധിയുടെ പശ്ചാത്തലത്തില്‍ സിപിഎം ഭരണത്തില്‍ നടന്നിട്ടുള്ള മുഴുവന്‍ നിയമനങ്ങളും അന്വേഷിക്കണമെന്നും ഫായിസ് ആവശ്യപ്പെട്ടു.


Tags: