പെരും നുണകളില്‍ വിദ്വേഷത്തിന്റെ വിഷം പുരട്ടുന്നവര്‍- 2; ഇടതുസര്‍ക്കാരുകളുടെ ദുരൂഹ ഇടപെടലുകളും മുസ്‌ലിംകളുടെ അവകാശ നിഷേധങ്ങളും

സച്ചാര്‍ കമ്മിറ്റിയുടെ പരിഗണനയിലും പഠനങ്ങളിലും ശുപാര്‍ശകളിലും ക്രിസ്ത്യന്‍ ന്യൂനപക്ഷമോ ഇന്ത്യയിലെ നാല് ഇതര ന്യൂനപക്ഷ വിഭാഗങ്ങളോ ഇടംനേടിയിട്ടില്ല. അതുകൊണ്ടുതന്നെ ആ വിഭാഗങ്ങള്‍ക്ക് സച്ചാര്‍ ശുപാര്‍ശയുടെ ആനുകൂല്യങ്ങള്‍ക്ക് അര്‍ഹതയുമില്ല.

Update: 2021-01-18 05:24 GMT

പി സി അബ്ദുല്ല

കോഴിക്കോട്: പിണറായി സര്‍ക്കാര്‍ നടപ്പാക്കിയ സവര്‍ണ സംവരണം വഴി മുസ്‌ലിംകളടക്കമുള്ള യഥാര്‍ഥ സംവരണ സമുദായങ്ങളുടെ അവകാശങ്ങള്‍ പല തലങ്ങളിലും അട്ടിമറിക്കപ്പെടുന്നതിന്റെ കണക്കുകള്‍ പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. സംവരണ അട്ടിമറിക്കെതിരേ മുസ്‌ലിം ലീഗും സമസ്തയുമൊക്കെ പ്രഖ്യാപിച്ച പ്രക്ഷോഭങ്ങള്‍ ചായക്കോപ്പയിലൊതുങ്ങിയെങ്കിലും പിണറായി സര്‍ക്കാരിന്റെ സവര്‍ണ പ്രീണനം ന്യൂനപക്ഷ, പിന്നാക്ക അവകാശങ്ങള്‍ കവര്‍ന്നെടുക്കുന്നതു സംബന്ധിച്ച ആശങ്കകള്‍ കെട്ടടങ്ങിയിട്ടില്ല.

സവര്‍ണ സംവരണം ജാഗ്രതയില്ലാതെ നടപ്പാക്കിയെന്നതുപോലെ, ന്യൂനപക്ഷക്ഷേമ കാര്യങ്ങളിലുള്ള മാര്‍ക്‌സിസ്റ്റ് സര്‍ക്കാരുകളുടെ ചില ദുരൂഹ ഇടപെടലുകളും മുസ്‌ലിംകള്‍ക്ക് ന്യായമായ അവകാശങ്ങള്‍ നിഷേധിക്കപ്പെടാന്‍ അവസരമൊരുക്കുകയാണ്. ഭരണഘടനാപരമായി അസമത്വവും അവഗണനയും വിവേചനവും നേരിടുന്ന ഇന്ത്യയിലെ മുസ്‌ലിം ന്യൂനപക്ഷത്തിന്റെ സാമൂഹിക, സാമ്പത്തിക വിദ്യാഭ്യാസ സ്ഥിതി പഠിക്കാനാണ് സച്ചാര്‍ കമ്മിറ്റിയെ നിശ്ചയിച്ചത്. സച്ചാര്‍ കമ്മിറ്റിയുടെ പരിഗണനയിലും പഠനങ്ങളിലും ശുപാര്‍ശകളിലും ക്രിസ്ത്യന്‍ ന്യൂനപക്ഷമോ ഇന്ത്യയിലെ നാല് ഇതര ന്യൂനപക്ഷ വിഭാഗങ്ങളോ ഇടംനേടിയിട്ടില്ല. അതുകൊണ്ടുതന്നെ ആ വിഭാഗങ്ങള്‍ക്ക് സച്ചാര്‍ ശുപാര്‍ശയുടെ ആനുകൂല്യങ്ങള്‍ക്ക് അര്‍ഹതയുമില്ല.

എന്നാല്‍, സച്ചാര്‍ കമ്മിറ്റിയുടെ ശുപാര്‍ശകള്‍ പഠിക്കാനും നടപടി നിര്‍ദേശിക്കാനുമായി നിലവില്‍ വന്ന പാലൊളി മുഹമ്മദ് കുട്ടി കമ്മിറ്റി, സച്ചാര്‍ കമ്മിറ്റി പരിഗണിക്കാത്ത വിഭാഗങ്ങളെക്കൂടി ന്യൂനപക്ഷ ആനുകൂല്യങ്ങളുടെ പരിഗണനയില്‍ ഉള്‍പ്പെടുത്തി അതിന്റെ അന്തസ്സത്തയില്‍ വെള്ളം ചേര്‍ക്കുകയാണ് ചെയ്തത്. മുസ്‌ലിം ഇതര ന്യൂനപക്ഷങ്ങള്‍ക്കുകൂടി 20 ശതമാനം അനുവദിക്കുക വഴി അച്യുതാനന്ദന്‍ സര്‍ക്കാര്‍ സച്ചാര്‍ നിര്‍ ദേശങ്ങള്‍ അട്ടിമറിച്ചു. പിന്നാക്ക ക്രൈസ്തവരടക്കമുള്ള വിഭാഗങ്ങള്‍ക്ക് സംവരണവും മറ്റ് ആനുകൂല്യങ്ങളും അനുവദിക്കുന്നത് എതിര്‍ക്കപ്പെടേണ്ട കാര്യമല്ല. എന്നാല്‍, മുസ്‌ലിം സമുദായത്തിന്റെ പിന്നാക്കാവസ്ഥ പരിഹരിക്കാന്‍ മാത്രം ലക്ഷ്യമിട്ടുള്ള പ്രത്യേക സംരംഭങ്ങളില്‍ ഇതരവിഭാഗങ്ങളെ കൂടി ഉള്‍പ്പെടുത്തിയ ഇടതുസര്‍ക്കാരുകളുടെ നടപടി തീര്‍ത്തും ദുരൂഹവും തൃപ്തികരമായി വിശദീകരിക്കപ്പെടാത്തതുമാണ്.

2006 മുതല്‍ മുസ്‌ലിം, നാടാര്‍ പെണ്‍കുട്ടികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പുകള്‍ ക്രിസ്ത്യാനികള്‍ ഉള്‍പ്പെടെ മുന്നാക്ക- പിന്നാക്ക ഭേദമെന്യേ എല്ലാവര്‍ക്കും സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചു. ഇതിന് പുറമെയാണ് സച്ചാര്‍ കമ്മിറ്റിയുടെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തില്‍ മുസ്‌ലിംകള്‍ക്കുമാത്രമായി ആവിഷ്‌കരിക്കപ്പെട്ട കോച്ചിങ്, ഗൈഡന്‍സ് സെന്ററുകള്‍ പിണറായി സര്‍ക്കാര്‍ പൊതുകേന്ദ്രങ്ങളും സംരംഭങ്ങളുമാക്കി മാറ്റിയത്. അതോടെ മുസ്‌ലിം സമുദായത്തിന് സച്ചാര്‍ കമ്മിറ്റി നിര്‍ദേശങ്ങളുടെ പരിരക്ഷ ലഭിക്കുന്നത് നഷ്ടമാവുകയും സാമൂഹിക സന്തുലനവും ഭരണഘടനാവകാശങ്ങളും സംരക്ഷിക്കാന്‍ മുസ്‌ലിംകള്‍ക്ക് മാത്രമായുള്ള സംരംഭങ്ങളിലേക്ക് അഞ്ച് ഇതര ന്യൂനപക്ഷ വിഭാഗങ്ങള്‍കൂടി തള്ളിക്കയറുന്ന അവസ്ഥ സംജാതമാവുകയും ചെയ്തു.

ക്രൈസ്തവ വിഭാഗങ്ങള്‍ക്ക് മുന്നാക്ക, പിന്നാക്ക വ്യത്യാസമില്ലാതെ ഫീസ് ആനുകുല്യങ്ങളും മറ്റും ലഭ്യമാക്കാന്‍ സംവിധാനങ്ങളുണ്ട്. കുമാരപിള്ള കമ്മീഷന്‍ ശുപാര്‍ശപ്രകാരമുള്ള ഫീസാനുല്യം മുന്നാക്ക, പിന്നാക്ക ഭേദമെന്യേ ക്രിസ്ത്യന്‍ ന്യൂനപക്ഷത്തിനും ലഭിക്കുന്നുമുണ്ട്. മുന്നാക്ക ക്രിസ്ത്യാനികള്‍ക്ക് പിന്നാക്ക ന്യൂനപക്ഷങ്ങള്‍ക്ക് ലഭിക്കുന്നതിനേക്കാള്‍ ഇരട്ടിയിലധികവും സ്‌കോളര്‍ഷിപ്പും ആധുകൂല്യങ്ങളുമാണ് ലഭിക്കുന്നത്. സിവില്‍ സര്‍വീസ്, പ്രൊഫഷനല്‍ ടെല്‍നിക്കല്‍ കോഴ്‌സുകള്‍ക്കും 35 വയസുവരെ ധനസഹായവും മുന്നാക്ക സമുദായവികസന കോര്‍പറേഷന്‍ വഴി ലഭിക്കുകയും ചെയ്യുന്നു.

എന്നാല്‍, മുസ്‌ലിംകള്‍ക്ക് ഫീസ് ഇളവിനും പരിശീലനത്തിനും സാമ്പത്തികക്ഷേമ കാര്യങ്ങള്‍ക്കും സച്ചാര്‍, പാലൊളി കമ്മിറ്റി ശുപാര്‍ശകള്‍ പ്രകാരം ആരംഭിച്ച സംവിധാനങ്ങള്‍ മാത്രമാണ് സംസ്ഥാനത്ത് നിലവിലുള്ളത്. ന്യൂനപക്ഷ ആനുകൂല്യങ്ങളുടെ പേരില്‍ വസ്തുതകളെല്ലാം മറച്ചുവച്ചും പുതിയ നുണകള്‍ ഉല്‍പ്പാദിപ്പിച്ചുമാണ് ക്രൈസ്തവ സഭകളും സംഘപരിവാരവും ഇപ്പോള്‍ മുസ്‌ലിംകള്‍ക്കെതിരേ തെറ്റിദ്ധാരണ പരത്തുന്നത്.

സര്‍ക്കാരിന് ചില്ലിക്കാശ് ചെലവില്ലാത്ത മദ്‌റസാ അധ്യാപകരുടെ ശമ്പളത്തിന്റെ പേരില്‍ പൊതുഖജനാവിലെ കോടികളുടെ ഗീബല്‍സിയന്‍ നുണകള്‍, ജനം ടിവിയും ടി പി സെന്‍കുമാറും ഹിന്ദുത്വ വിദ്വേഷ ഗ്രൂപ്പുകളും ഛര്‍ദിച്ച മുസ്‌ലിം വിരുദ്ധ പ്രചാരണങ്ങള്‍ തൊണ്ട തൊടാതെ വിഴുങ്ങിയാണ് ക്രൈസ്തവ സഭകളും അല്‍മായ ഗ്രൂപ്പുകളും കേരളത്തില്‍ ഇസ്‌ലാമോ ഫോബിയയ്ക്ക് പുതിയ മാനങ്ങള്‍ തീര്‍ക്കുന്നത്. ഇത് കേരളീയ സമൂഹത്തിലുണ്ടാക്കിയേക്കാവുന്ന ഗുരുതരമായ പ്രത്യാഘാതങ്ങളെക്കുറിച്ച് ബന്ധപ്പെട്ടവരും അധികാരികളും ചിന്തിക്കുന്നതേയില്ല. 

(തുടരും)

Tags:    

Similar News