ഹര്‍ഷിനയുടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവം, താനൂര്‍ കസ്റ്റഡി മരണം; റിപ്പോര്‍ട്ട് തേടി മനുഷ്യാവകാശ കമ്മീഷന്‍

താനൂര്‍ എസ് ഐ കൃഷ്ണ ലാലടക്കമുള്ളവരുടെ മൊഴിയാണ് ക്രൈംബ്രാഞ്ച് രേഖപ്പെടുത്തിയിട്ടുള്ളത്.

Update: 2023-08-21 02:05 GMT

കോഴിക്കോട്: ഹര്‍ഷീനയുടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവത്തിലും താനൂര്‍ കസ്റ്റഡി മരണത്തിലും ഇടപെട്ട് മനുഷ്യാവകാശ കമ്മീഷന്‍. ഹര്‍ഷീനയുടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവത്തില്‍ പോലിസില്‍ നിന്ന് വീണ്ടും റിപ്പോര്‍ട്ട് തേടിയതായി മനുഷ്യവകാശ കമ്മീഷന്‍ ആക്ടിംഗ് ചെയര്‍മാന്‍ കെ ബൈജുനാഥ് അറിയിച്ചു. മെഡിക്കല്‍ ബോര്‍ഡ് റിപ്പോര്‍ട്ടും പോലിസിന്റെ കണ്ടെത്തലും പരിശോധിക്കുമെന്നും മനുഷ്യവകാശ കമ്മീഷന്‍ വ്യക്തമാക്കി. നടപടിക്രമങ്ങള്‍ വൈകുന്നതിനാലാണ് നീതി വൈകുന്നതെന്നും കെ ബൈജുനാഥ് ചൂണ്ടികാട്ടി. ഹര്‍ഷീന മനുഷ്യാവകാശ കമ്മീഷനെ സമീപിച്ചതിനെ തുടര്‍ന്നാണ് നടപടി.

താനൂര്‍ കസ്റ്റഡി മരണത്തിലും റിപ്പോര്‍ട്ട് തേടിയിട്ടുണ്ടെന്നും മനുഷ്യവകാശ കമ്മീഷന്‍ വ്യക്തമാക്കി. താനൂര്‍ കസ്റ്റഡി മരണക്കേസ് അട്ടിമറിക്കാന്‍ ശ്രമമെന്ന് മരിച്ച താമിര്‍ ജിഫ്രിയുടെ കുടുംബത്തിന്റെ ആരോപണം ഉയര്‍ന്നതോടെയാണ് കമ്മീഷന്റെ ഇടപെടല്‍. താമിര്‍ ജിഫ്രിയുടെ പോസ്റ്റ്‌മോര്‍ട്ടം ഫലം ചോദ്യം ചെയ്തുള്ള പോലിസ് വാദം കേസ് അന്വേഷണത്തെ ബാധിക്കുമെന്നും കുടുംബം അഭിപ്രായപ്പെട്ടു. കേസ് അട്ടിമറിക്കാനുള്ള നീക്കങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. എത്രയും പെട്ടെന്ന് സി ബി ഐ കേസ് ഏറ്റെടുക്കണം എന്നും ഇതിനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കണമെന്നും സഹോദരന്‍ ഹാരിസ് ജിഫ്രി ആവശ്യപ്പെട്ടു.

അതേസമയം താനൂര്‍ കസ്റ്റഡി മരണക്കേസില്‍ നിഷ്പക്ഷ അന്വേഷണം ആവശ്യപ്പെട്ട് ആക്ഷന്‍ കൗണ്‍സില്‍ മലപ്പുറം കലക്ടറേറ്റ് മുന്നില്‍ ഏകദിന ഉപവാസമരം നടത്തിയിരുന്നു. കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട അന്വേഷണം സി ബി ഐക്ക് കൈമാറണമെന്നതാണ് ആക്ഷന്‍ കൗണ്‍സിലിന്റെ പ്രധാന ആവശ്യം. അതേസമയം കേസിലെ ക്രൈംബ്രാഞ്ച് അന്വേഷണം പുരോഗമിക്കുകയാണ്. കേസുമായി ബന്ധപ്പെട്ട് സസ്‌പെന്‍ഷന്‍ നടപടി നേരിടുന്ന എട്ടു പോലിസുകാരില്‍ മൂന്ന് പോലിസുകാരുടെ മൊഴി ക്രൈംബ്രാഞ്ച് രേഖപ്പെടുത്തിയിരുന്നു. താനൂര്‍ എസ് ഐ കൃഷ്ണ ലാലടക്കമുള്ളവരുടെ മൊഴിയാണ് ക്രൈംബ്രാഞ്ച് രേഖപ്പെടുത്തിയിട്ടുള്ളത്.





Tags: