ആരോഗ്യ മന്ത്രിയുടെ വസതിക്ക് മുന്നില്‍ സമരം തുടങ്ങി ഹര്‍ഷിന; 'വീണാ ജോര്‍ജ് പറ്റിച്ചു, കെട്ടിപ്പിടിച്ച് ഉമ്മ വച്ചതല്ലാതെ നീതി ലഭിച്ചില്ലെന്ന് ഹര്‍ഷിന

Update: 2026-01-28 09:30 GMT

കോഴിക്കോട്: പ്രസവ ശസ്ത്രക്രിയക്കിടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവത്തില്‍ ആരോഗ്യ മന്ത്രി വീണ ജോര്‍ജിന്റെ തിരുവന്തപുരത്തെ ഔദ്യോഗിക വസതിക്ക് മുന്‍പില്‍ സത്യഗ്രഹം തുടങ്ങി കെ കെ ഹര്‍ഷിന. സംഭവം നടന്ന് നാലര വര്‍ഷം കഴിഞ്ഞിട്ടും സര്‍ക്കാരില്‍ നിന്ന് നീതി ലഭിച്ചില്ലെന്ന് ആരോപിച്ചാണ് ഏകദിന സമരം.

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ വച്ച് നടന്ന പ്രസവ ശസ്ത്രക്രിയക്കിടെയാണ് ഹര്‍ഷിനയുടെ വയറ്റില്‍ കത്രിക കുടുങ്ങിയത്. ഇക്കാര്യം അന്വേഷണങ്ങളില്‍ വ്യക്തമായിട്ടും നഷ്ടപരിഹാരം നല്‍കാന്‍ സര്‍ക്കാര്‍ തയാറാകുന്നില്ല. ഡോക്ടര്‍മാര്‍ക്കെതിരായ കേസിന് ഹൈക്കോടതി സ്റ്റേ നല്‍കുകയും ചെയ്തു. ഇത് പ്രോസിക്യൂഷന്റെ ഭാഗത്ത് നിന്നുണ്ടായ ഗുരുതര വീഴ്ചയാണ്. ഇക്കാര്യങ്ങള്‍ ഉന്നയിച്ചാണ് വീണ്ടും സമരത്തിനിറങ്ങാനുള്ള തീരുമാനം. നേരത്തെ 104 ദിവസം തുടര്‍ച്ചയായി കോഴിക്കോട് മെഡിക്കല്‍ കോളജിന് മുന്നിലും ഹര്‍ഷിന സമരം നടത്തിയിരുന്നു.

ഹര്‍ഷിനയുടെ സത്യഗ്രഹം കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു. മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു പറ്റിച്ചെന്നും സമരപ്പന്തലില്‍ എത്തി കെട്ടിപ്പിടിച്ച് ഉമ്മ വച്ചതല്ലാതെ നീതി ലഭിച്ചില്ലെന്നും ഹര്‍ഷിന പറഞ്ഞു. 24 മണിക്കൂറും ഒപ്പം എന്ന് പറഞ്ഞിട്ട് കാര്യമില്ല . പ്രതിപക്ഷ നേതാവ് തന്ന ഒരു ലക്ഷം രൂപ കൊണ്ടാണ് ചികില്‍സ നടത്തുന്നത്. ഇപ്പോള്‍ ആ പണവും തീര്‍ന്നെന്നും ജീവിക്കാന്‍ നിര്‍വാഹമില്ലെന്നും ഹര്‍ഷിന പറഞ്ഞു.

Tags: