ഹരിപ്പാട് ജ്വല്ലറി കുത്തിത്തുറന്ന് 16 പവന്‍ സ്വര്‍ണം കവര്‍ന്നു

Update: 2021-02-19 02:26 GMT

ഹരിപ്പാട്: ജ്വല്ലറി കുത്തിത്തുറന്ന് മോഷണം പതിനാറ് പവന്‍ സ്വര്‍ണ്ണം അപഹരിച്ചു. ദേശീയപാതയില്‍ കരുവാറ്റ കടുവന്‍ കുളങ്ങര ജങ്ഷന് സമീപം ബ്രദേഴ്‌സ് ജ്വല്ലറിയിലാണ് ഇന്ന് പുലര്‍ച്ചെ 3.30 മോഷണം നടന്നത് ലോക്കറിന്റെ സുരക്ഷയ്ക്കായി വച്ചിരുന്ന സെന്‍സറില്‍ നിന്ന് ഉടമയുടെ മൊബൈലിലേക്ക് സന്ദേശം ലഭിച്ചപ്പോഴാണ് മോഷണവിവരം ഉടമ പുരുഷന്‍ അറിഞ്ഞത്.

ഉടന്‍ തന്നെ സ്ഥലത്ത് എത്തിയെങ്കിലും കടയ്ക്ക് സമീപത്ത് നിര്‍ത്തിയിട്ടിരുന്ന ഒരു പിക്ക് അപ്പ് വാന്‍ വേഗതയില്‍ പോകുന്നതായി കണ്ടതായി ഉടമ പറയുന്നു. ജ്വല്ലറിയില്‍ ഡിസ്‌പ്ലേക്കായി സൂക്ഷിച്ചിരുന്ന ഗോള്‍ഡ് കവറിംഗ് ആഭരണങ്ങള്‍ സമീപത്തെ കടയ്ക്ക് മുന്‍പിലും കടുവന്‍ കുളങ്ങര അമ്പലക്കുളത്തിന് സമീപവും ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി.

കടയും ലോക്കറും കുത്തിത്തുറക്കാന്‍ ഉപയോഗിച്ചതെന്ന് സംശയിക്കുന്ന പിക്കാസും കടക്കുള്ളില്‍ ഇരുന്ന കമ്പ്യൂട്ടര്‍ മോണിറ്ററും കടയ്ക്ക് സമീപം ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. മോഷ്ടാവ് മങ്കി ക്യാപ്പും ഓവര്‍ക്കോട്ടും ധരിച്ചിരുന്നതായി സിസിടിവി ദൃശ്യത്തില്‍ വ്യക്തമാണ്. ആറ് മാസം മുന്‍പ് സമീപത്തുള്ള സര്‍വ്വീസ് സഹകരണ ബാങ്കില്‍ നിന്ന് നാലര കിലോ സ്വര്‍ണ്ണവും അഞ്ച് ലക്ഷം രൂപയും മോഷണം പോയിരുന്നു. ഈ കേസിലെ പ്രതികളെയെല്ലാം പോലിസ് പിടികൂടിയിരുന്നു.

കായംകുളം ഡിവൈഎസ്പി അലക്‌സ് ബേബി, ഹരിപ്പാട് സിഐ ആര്‍ ഫയാസ് എന്നിവരുടെ നേതൃത്വത്തില്‍ പൊലീസ് തെളിവെടുപ്പ് നടത്തി. വിരലടയാള വിദഗ്ധര്‍, ഡോഗ് സ്‌ക്വാഡ്, സയന്റിഫിക് വിദഗ്ധര്‍ എന്നിവരും പരിശോധന നടത്തി.

Tags: