രമേശ് ചെന്നിത്തലയെ അധിക്ഷേപിച്ചുകൊണ്ട് ഹരിപ്പാട് എ ഐ വീഡിയോ: ബിജെപി സ്ഥാനാര്‍ത്ഥിക്കെതിരേ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി

Update: 2026-04-06 17:25 GMT

തിരുവനന്തപുരം: മുന്‍ പ്രതിപക്ഷ നേതാവും ഹരിപ്പാട് എംഎല്‍എയും നിലവില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയും ആയ രമേശ് ചെന്നിത്തലയെ അധിക്ഷേപിച്ചുകൊണ്ട് ബിജെപി സ്ഥാനാര്‍ത്ഥിക്ക് വേണ്ടി പുറത്തിറക്കിയ എഐ വീഡിയോയ്ക്ക് എതിരെ ചെന്നിത്തലയുടെ ഇലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ അനില്‍ ബി കളത്തില്‍ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി. മതവികാരത്തെ ദുരുപയോഗപ്പെടുത്തുന്ന തരത്തിലുള്ള സ്റ്റേറ്റ്മെന്റുകള്‍ ചേര്‍ത്ത ഈ വീഡിയോ രമേശ് ചെന്നിത്തലയുടെയും എതിര്‍ ബിജെപി സ്ഥാനാര്‍ത്ഥിയുടെയും എ ഐ വീഡിയോ ദൃശ്യങ്ങള്‍ ഉപയോഗിച്ചാണ് നിര്‍മ്മിച്ചിരിക്കുന്നത്.

ഇത് ഫേസ്ബുക്ക് ഇന്‍സ്റ്റഗ്രാം വാട്സ്ആപ്പ് യൂട്യൂബ് തുടങ്ങി എല്ലാ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെയും വന്‍തോതില്‍ ബിജെപി കേന്ദ്രങ്ങള്‍ പ്രചരിപ്പിക്കുകയാണ്. ഇത് ഉടന്‍തന്നെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ നിന്ന് നീക്കം ചെയ്യാന്‍ സൈബര്‍ സെല്‍ അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കണമെന്നും വര്‍ഗീയ ചേരിതിരിവും കലാപവുംസൃഷ്ടിക്കാന്‍ ശ്രമിച്ചതിനും ഒപ്പം അപകീര്‍ത്തിക്കും കേസെടുക്കണമെന്നും തെരഞ്ഞെടുപ്പ് പ്രക്രിയയെ മലിനപ്പെടുത്താന്‍ ശ്രമിച്ചതിന് എതിര്‍ സ്ഥാനാര്‍ത്ഥിക്ക് എതിരെ നോട്ടീസ് നല്‍കി വേണ്ട നടപടികള്‍ സ്വീകരിക്കണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.