മാധ്യമപ്രവര്‍ത്തകയ്ക്കു നേരെ അതിക്രമം; തിരുവനന്തപുരം പ്രസ്‌ക്ലബ് സെക്രട്ടറി റിമാന്റില്‍

അറസ്റ്റിന് പിന്നാലെ രാധാക്യഷ്ണനെ കേരള കൗമുദി അനിശ്ചിതകാലത്തേക്ക് സസ്‌പെന്റ് ചെയ്തു. വനിതാ മാധ്യമപ്രവര്‍ത്തക നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ 24 മണിക്കൂറിനകം വിശദീകരണം നല്‍കണമെന്നാവശ്യപ്പെട്ട് കേരള കൗമുദി മാനേജ്‌മെന്റ് രാധാകൃഷ്ണന് കാരണംകാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു.

Update: 2019-12-05 18:41 GMT

തിരുവനന്തപുരം: വനിതാ മാധ്യമപ്രവര്‍ത്തകയുടെ വീട്ടില്‍ അതിക്രമിച്ചുകയറി ആക്രമിച്ചെന്ന കേസില്‍ അറസ്റ്റിലായ തിരുവനന്തപുരം പ്രസ്‌ക്ലബ്ബ് സെക്രട്ടറി എം രാധാകൃഷ്ണനെ കോടതി റിമാന്റ് ചെയ്തു. 14 ദിവസത്തേക്കാണ് റിമാന്റ് ചെയ്തത്. ഒരു പകല്‍ മുഴുവന്‍ വനിതാ മാധ്യമപ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധത്തിനൊടുവില്‍ വ്യാഴാഴ്ച വൈകീട്ട് പ്രസ്‌ക്ലബ്ബില്‍നിന്നാണ് പേട്ട പോലിസ് രാധാകൃഷ്ണനെ അറസ്റ്റ് ചെയ്തത്. വനിതാമാധ്യമപ്രവര്‍ത്തകരുടെ കൂട്ടായ്മയായ നെറ്റ്‌വര്‍ക്ക് ഓഫ് വിമന്‍ ഇന്‍ മീഡിയ, ഇന്ത്യ (എന്‍ഡബ്ല്യുഎംഐ) യുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. വനിതാ മാധ്യമക്കൂട്ടായ്മയുടെ പ്രതിഷേധം ശക്തമായതോടെ, പ്രസ്‌ക്ലബ് ഭാരവാഹികള്‍ യോഗം ചേര്‍ന്ന് പരാതിയെക്കുറിച്ച് അന്വേഷിക്കാന്‍ പ്രത്യേക സമിതിയെ നിയോഗിച്ചിരുന്നു. അന്വേഷണം പൂര്‍ത്തിയാവുംവരെ രാധാകൃഷ്ണനെ പ്രസ്‌ക്ലബ് സെക്രട്ടറി സ്ഥാനത്തുനിന്നും മാറ്റിനിര്‍ത്താനും തീരുമാനിച്ചു.

എന്നാല്‍, അന്വേഷണ കമ്മീഷനില്‍ വിശ്വാസമില്ലെന്ന് അറിയിച്ച് വനിതാ മാധ്യമപ്രവര്‍ത്തകര്‍ പ്രതിഷേധം തുടര്‍ന്നു. വീട്ടില്‍ അതിക്രമിച്ചുകയറല്‍, ഭീഷണിപ്പെടുത്തല്‍, തടഞ്ഞുവയ്ക്കല്‍ തുടങ്ങിയ ജാമ്യമില്ലാ വകുപ്പുകളാണ് ഇദ്ദേഹത്തിനെതിരേ ചുമത്തിയിരിക്കുന്നത്. ശനിയാഴ്ചയാണ് വനിതാമാധ്യമപ്രവര്‍ത്തക പേട്ട പോലിസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയത്. അറസ്റ്റിന് പിന്നാലെ രാധാക്യഷ്ണനെ കേരള കൗമുദി അനിശ്ചിതകാലത്തേക്ക് സസ്‌പെന്റ് ചെയ്തു. വനിതാ മാധ്യമപ്രവര്‍ത്തക നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ 24 മണിക്കൂറിനകം വിശദീകരണം നല്‍കണമെന്നാവശ്യപ്പെട്ട് കേരള കൗമുദി മാനേജ്‌മെന്റ് രാധാകൃഷ്ണന് കാരണംകാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍, നിശ്ചിതസമയത്തിനകം വിഷയത്തില്‍ വ്യക്തമായ വിശദീകരണം നല്‍കാത്ത പശ്ചാത്തലത്തിലാണ് സ്ഥാപനത്തിലെ പ്രൂഫ് റീഡര്‍കൂടിയായ രാധാകൃഷ്ണനെ സസ്‌പെന്റ് ചെയ്യാന്‍ മാനേജ്‌മെന്റ് തീരുമാനിച്ചത്. ഇതുസംബന്ധിച്ച് മറ്റൊരു നോട്ടീസ് പുറത്തിറങ്ങുംവരെ സസ്‌പെന്‍ഷന്‍ തുടരുമെന്നും മാനേജ്‌മെന്റ് വ്യക്തമാക്കിയിട്ടുണ്ട്. 

Tags:    

Similar News