ഹാമര്‍ തലയില്‍ വീണ് പരിക്കേറ്റ വിദ്യാര്‍ഥിയുടെ മരണം; സംഘാടകര്‍ക്കെതിരേ പരാതിയുമായി കുടുംബം

Update: 2019-10-27 11:08 GMT

കോട്ടയം: പാലായില്‍ സംസ്ഥാന ജൂനിയര്‍ അത്‌ലറ്റിക് മീറ്റിനിടയില്‍ ഹാമര്‍ തലയില്‍ വീണ് വിദ്യാര്‍ഥി മരിച്ച സംഭവത്തില്‍ സംഘാടകര്‍ക്കെതിരേ പരാതിയുമായി കുടുബം. കായികമേളയുടെ സംഘാടകര്‍ സ്‌കൂളില്‍ നിന്നു ആവശ്യപ്പെട്ടത് കൊണ്ടാണ് അഫീല്‍ വളണ്ടിയറായി പോയത്. അപകടം നടന്നതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്തം സംഘാടകര്‍ക്കാണെന്നും അഫീലിന്റെ പിതാവ് പറഞ്ഞു.

സ്വന്തം ഇഷ്ടപ്രകാരമാണ് അഫീല്‍ വളണ്ടിയറായി പോയതെന്ന സംഘാടകരുടെ വാദം തെറ്റാണന്നും അദ്ദേഹം പറഞ്ഞു. അഫീലിന്റെ മരണത്തിന് ഉത്തരവാദികളായവരെ കണ്ടെത്തി ശിക്ഷിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി നല്‍കാനൊരുങ്ങുകയാണെന്നും അദ്ദേഹം പറഞ്ഞു.

ഒക്ടോബര്‍ നാലിനായിരുന്നു പാലാ സെന്റ് തോമസ് സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിയായ അഫീലിന് ഗുരുതരമായി പരിക്കേറ്റത്. ഗ്രൗണ്ടില്‍ ജാവലിനും ഹാമറും മല്‍സരം അടുത്തടുത്തായിരുന്നു നടന്നത്. ഗ്രൗണ്ടില്‍ നിന്ന് ജാവലിനുകള്‍ നീക്കം ചെയ്യുന്നതിനിടെ അഫീലിന്റെ തലയില്‍ ഹാമര്‍ വന്ന് വീഴുകയായിരുന്നു.

Tags:    

Similar News