എറണാകുളം: ഷെയ്ന്‍ നിഗം നായകനായ ഹാല്‍ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നിഷേധിച്ചതിനെതിരെ നിര്‍മാതാക്കള്‍ നല്‍കിയ ഹരജിയില്‍ ഹൈക്കോടതി സെന്‍സര്‍ ബോര്‍ഡിന്റെ വിശദീകരണം തേടി. അടുത്ത ചൊവ്വാഴ്ചയ്ക്കകം (14.10.25) മറുപടി അറിയിക്കാന്‍ കോടതി നിര്‍ദേശം നല്‍കി. ബീഫ് ബിരിയാണി രംഗവും, ധ്വജ പ്രണാമം, സംഘം കാവലുണ്ട് എന്നീ പരാമര്‍ശങ്ങളും ഉള്‍പ്പെടെ ഒഴിവാക്കണമെന്നായിരുന്നു സെന്‍സര്‍ ബോര്‍ഡിന്റെ പ്രധാന നിര്‍ദേശങ്ങള്‍.
ഇതിനെതിരെയാണ് നിര്‍മാതാക്കള്‍ ഹൈക്കോടതിയെ സമീപിച്ചത്. സെന്‍സര്‍ ബോര്‍ഡ് ആവിഷ്‌കാര സ്വാതന്ത്ര്യം ലംഘിക്കുന്നുവെന്നാണ് നിര്‍മാതാക്കളുടെ ആക്ഷേപം. 15 സീനുകളില്‍ മാറ്റം വരുത്തിയാല്‍ മാത്രം സിനിമയ്ക്ക് പ്രദര്‍ശനം അനുമതി നല്‍കാം. സീനുകള്‍ മാറ്റി വീണ്ടും എഡിറ്റ് ചെയ്താല്‍ മുതിര്‍ന്നവര്‍ക്ക് മാത്രം കാണാനാകുന്ന 'എ' സര്‍ട്ടിഫിക്കറ്റ് തരാമെന്നായിരുന്നു സെന്‍സര്‍ ബോര്‍ഡ് മറുപടി. റിവൈസിങ് കമ്മിഷനും സമാനമായ നിലപാടായിരുന്നു എടുത്തിരുന്നത്.
തുടര്‍ന്നാണ് നിര്‍മാതാക്കള്‍ ഹരജിയുമായി ഹൈക്കോടതിയെ സമീപിച്ചത്. കുട്ടികള്‍ക്ക് കാണാന്‍ പാടില്ലാത്ത രംഗങ്ങളുണ്ടെന്നും അതിനാല്‍ പതിനഞ്ചോളം സീനുകള്‍ വെട്ടിമാറ്റണമെന്നുമാണ് നിര്‍മാതാക്കള്‍ക്ക് രേഖാമൂലം നല്‍കിയ മറുപടിയിലെ പ്രധാന ആവശ്യം. ചിത്രത്തിന് പ്രദര്‍ശനം അനുമതി നല്‍കുന്നതില്‍ സിബിഎഫ്‌സി കാലതാമസം വരുത്തിയതു മൂലം സിനിമ റിലീസ് ചെയ്യുന്നത് വൈകും. അത് കനത്ത സാമ്പത്തിക നഷ്ടത്തിലേക്ക് എത്തിക്കുമെന്നാണ് ഹരജിയില്‍ നിര്‍മാതാക്കളുടെ വാദം.
ഭരണഘടന ഉറപ്പുനല്‍കുന്ന ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ ലംഘനമാണ് സെന്‍സര്‍ ബോര്‍ഡിന്റെ നടപടിയെന്നും നിര്‍മാതാക്കള്‍ ഹരജിയിലൂടെ ഹൈക്കോടതിയെ അറിയിച്ചിരുന്നു. ഇത് സിനിമ മുന്നോട്ട് വയ്ക്കാന്‍ ശ്രമിക്കുന്ന സന്ദേശത്തെ സെന്‍സര്‍ ബോര്‍ഡ് ഭയപ്പെടുന്നു എന്നതിലേക്കാണ് വിരല്‍ ചൂണ്ടുന്നതെന്നാണ് സംവിധായകന്റെ പ്രതികരണം. ജെവിജെ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഒരുങ്ങുന്ന ഹാല്‍, ഷെയ്ന്‍ നിഗമിന്റെ കരിയറിലെ ഒരു ബിഗ് ബഡ്ജറ്റ് ചിത്രമായാണ് കണക്കാക്കപ്പെടുന്നത്. നവാഗതനായ വീര സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ നിഷാദ് കോയയുടേതാണ്; നായികയായി എത്തുന്നത് സാക്ഷി വൈദ്യയാണ്.
സിനിമ റിലീസ് പ്രഖ്യാപിച്ചിരുന്നത് സെപ്റ്റംബര്‍ 12നായിരുന്നുവെങ്കിലും സെന്‍സറിങ് വൈകിയതിനെ തുടര്‍ന്ന് റിലീസ് മാറ്റിവയ്‌ക്കേണ്ടി വന്നു. ഈ കാലതാമസം കോടിക്കണക്കിന് രൂപയുടെ സാമ്പത്തിക നഷ്ടം ഉണ്ടാക്കുമെന്നാണ് നിര്‍മാതാക്കളുടെ വാദം. കോടികള്‍ മുടക്കി എടുത്ത ചിത്രത്തിനുമേല്‍ സെന്‍സര്‍ ബോര്‍ഡ് കട്ടിങും ഷേവിങും നടത്തുന്നത് അഭിപ്രായ സ്വാതന്ത്ര്യത്തിനും ആവിഷ്‌കാര സ്വാതന്ത്ര്യത്തിനും മേലുള്ള കടന്നുകയറ്റമാണെന്ന് നിര്‍മാതാവ് സന്തോഷ് ടി കുരുവിള പ്രതികരിച്ചു. സിനിമ നല്‍കുന്ന സന്ദേശത്തെ സെന്‍സര്‍ ബോര്‍ഡ് ഭയപ്പെടുകയാണ്, പുതിയ തലമുറ സിനിമ കാണാതിരിക്കാനുള്ള നീക്കമാണിതെന്നും സംവിധായകന്‍ വ്യക്തമാക്കി.

