195 കായിക താരങ്ങൾക്ക് കൂടി സർക്കാർ ജോലി; ഉത്തരവ് നാളെ

2010-14 കാലയളവിലെ സ്പോർട്സ് ക്വാട്ട നിയമനത്തിനായി പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയിൽ നിന്നാണ് ഇപ്പോൾ നിയമനം.

Update: 2020-02-19 11:00 GMT

തിരുവനന്തപുരം: സംസ്ഥാനത്ത് 195 കായിക താരങ്ങൾക്ക് കൂടി സർക്കാർ ജോലി. വ്യാഴാഴ്ച തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഇവർക്കുള്ള നിയമന ഉത്തരവ് കൈമാറും. ചരിത്രത്തിൽ ആദ്യമായാണ് ഇത്രയധികം പേർക്ക് ഒന്നിച്ച് സ്പോർട്സ് ക്വാട്ടയിൽ നിയമനം ലഭിക്കുന്നത്.

2010-14 കാലയളവിലെ സ്പോർട്സ് ക്വാട്ട നിയമനത്തിനായി പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയിൽ നിന്നാണ് ഇപ്പോൾ നിയമനം. സ്പോർട്സ് ക്വാട്ടയിൽ, ഒരു വർഷം 50 പേരെ വീതം അഞ്ചു വർഷം കൊണ്ട് 250 പേർക്ക് നിയമനം നൽകണം എന്നാണ് വ്യവസ്ഥ. യുഡിഎഫ്‌ സർക്കാരിന്റെ കാലത്ത് ഇത്‌ മുടങ്ങിയിരുന്നു.

അടുത്തിടെ, കേരളത്തിനായി സന്തോഷ് ട്രോഫി കിരീടം നേടിയ ടീമിലുണ്ടായിരുന്ന 11 പേർ പൊതുവിദ്യാഭ്യാസ വകുപ്പിൽ എൽഡി ക്ലർക്ക് സൂപ്പർ ന്യൂമററി തസ്തികയിൽ ജോലിയിൽ പ്രവേശിച്ചിരുന്നു. സന്തോഷ് ട്രോഫി ടീമില്‍ അംഗങ്ങളായിരുന്ന മുഹമ്മദ് ഷെറീഫ് വൈ പി, ജിയാദ് ഹസന്‍ കെ ഒ, ജസ്റ്റിന്‍ ജോര്‍ജ്, രാഹുല്‍ കെ പി, ശ്രീക്കുട്ടന്‍ വി എസ്, ജിതിന്‍ എം എസ്, ജിതിന്‍ ജി, ഷംനാസ് ബി എല്‍, സജിത്ത് പൗലോസ്, അഫ്ഡാല്‍ വി കെ, അനുരാഗ് പി സി എന്നീ 11 താരങ്ങളാണ് ജോലിയില്‍ പ്രവേശിച്ചത്. 58 കായികതാരങ്ങൾക്ക്‌ കേരള പോലിസിലും അടുത്തിടെ നിയമനം നൽകി.

Tags:    

Similar News