ഖജനാവ് കാലി; മന്ത്രിമാർക്ക് ടൗവ്വൽ വാങ്ങാൻ തുക അനുവദിച്ചത് വിവാദത്തിൽ
കൈത്തറി വികസന കോർപറേഷനിൽ നിന്നും ടൗവ്വൽ വാങ്ങാനാണ് പൊതുഭരണ വകുപ്പ് അനുമതി നൽകിയത്.
തിരുവനന്തപുരം: സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയിൽ ബുദ്ധിമുട്ടുമ്പോൾ മന്ത്രിമാർക്കും ഉദ്യോഗസ്ഥർക്കും ടർക്കി ടൗവ്വലുകളും ഹാൻ്റ് ടൗവ്വലുകളും വാങ്ങാൻ പണം വിനിയോഗിക്കുന്നത് വിവാദത്തിൽ. കൈത്തറി വികസന കോർപറേഷനിൽ നിന്നും ടൗവ്വൽ വാങ്ങാനാണ് പൊതുഭരണ വകുപ്പ് അനുമതി നൽകിയത്.
കൊറോണ വ്യാപകമായതോടെ ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിനാൽ സർക്കാർ ഖജനാവിൽ അഞ്ചിന്റെ പൈസയില്ലെന്ന് ധനമന്ത്രി തന്നെ വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിൽ നാട്ടുകാരുടേയും സർക്കാർ ഉദ്യോഗസ്ഥരുടേയും സഹായത്തിനു കൈനീട്ടി നിൽക്കുകയാണ് സർക്കാർ. ഇതിനിടെയാണ് മന്ത്രിമാർക്കും ഉന്നത ഉദ്യോഗസ്‌ഥർക്കും 100 ടൗവ്വൽ വാങ്ങാനായി 75,000 രൂപ നൽകി ഉത്തരവിറക്കിയത്.
നിലവിലെ അസാധാരണ സാഹചര്യം കണക്കിലെടുത്ത് ഈ പണം കൂടി കൊറോണ പ്രവർത്തനത്തിനു ഉപയോഗിക്കരുതോ എന്നാണ് പൊതുവേയുള്ള വിമർശനം.