ഗോവിന്ദച്ചാമിയുടെ ജയില്‍ച്ചാട്ടം: സസ്‌പെന്‍ഷനിലായിരുന്ന ഉദ്യോഗസ്ഥരെ തിരിച്ചെടുത്തു
കണ്ണൂര്‍: ഗോവിന്ദച്ചാമിയുടെ ജയില്‍ച്ചാട്ടത്തെ തുടര്‍ന്ന് നടപടിക്ക് വിധേയരായ നാല് ഉദ്യോഗസ്ഥരുടെ സസ്‌പെന്‍ഷന്‍ കാലാവധി കഴിഞ്ഞദിവസം അവസാനിച്ചു. സസ്‌പെന്‍ഷനിലായിരുന്ന നാല് ഉദ്യോഗസ്ഥരെയും തിരിച്ചെടുത്തു. ഡെപ്യൂട്ടി പ്രിസണ്‍ ഓഫീസര്‍ രജീഷ്, അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസര്‍മാരായ സഞ്ജയ്, അഖില്‍, നൈറ്റ് ഓഫീസര്‍ റിജോ എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തിരുന്നത്. കോഴിക്കോട് ജില്ലാ ജയിലിലേക്കും തവന്നൂര്‍ സെന്‍ട്രല്‍ ജയിലിലേക്കും ഇവരെ സ്ഥലംമാറ്റി. ഇക്കാര്യത്തില്‍ വകുപ്പുതല അന്വേഷണം ഏതാണ്ട് നിലച്ചു. തുടര്‍നടപടികളോ ജയിലില്‍ പ്രത്യേക പരിശോധനയോ നടക്കുന്നില്ല.
ജയില്‍ച്ചാട്ടം അന്വേഷിക്കാന്‍ നിയോഗിച്ച കമ്മിഷന് റിപോര്‍ട്ട് നല്‍കാന്‍ അനുവദിച്ച സമയപരിധി അവസാനിച്ചിട്ടും ജയില്‍ച്ചാട്ടത്തെക്കുറിച്ച് ഇപ്പോഴും ഇരുട്ടില്‍ത്തപ്പുകയാണ്. ടൗണ്‍ പോലിസ് തുടങ്ങിയ അന്വേഷണം പിന്നീട് ക്രൈംബ്രാഞ്ച് ഏറ്റെടുത്തു. വിയ്യൂരിലെ അതിസുരക്ഷാ ജയിലില്‍ കഴിയുന്ന ഗോവിന്ദച്ചാമിയുടെ മൊഴി ക്രൈംബ്രാഞ്ച് എസ്.പി. പി. ബാലകൃഷ്ണന്‍ നായരുടെ നേതൃത്വത്തില്‍ രേഖപ്പെടുത്തിയിരുന്നു. സംഭവത്തിലെ ഗൂഢാലോചനയാണ് ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നത്. അന്വേഷണം അന്തിമഘട്ടത്തിലാണെന്നും ഒരുമാസത്തിനുള്ളില്‍ കുറ്റപത്രം സമര്‍പ്പിക്കാനാകുമെന്നും അന്വേഷണസംഘം വ്യക്തമാക്കി. പരോളും നല്ല ഭക്ഷണവുമില്ലെന്നതാണ് ജയില്‍ച്ചാട്ടത്തിന് കാരണമായി ഗോവിന്ദച്ചാമി പറഞ്ഞത്.
വ്യക്തമായ ആസൂത്രണത്തോടെയാണ് ഗോവിന്ദച്ചാമി ജയില്‍ ചാടിയതെന്നും ജയില്‍ ഉദ്യോഗസ്ഥരുടെ ഭാഗത്ത് വീഴ്ചസംഭവിച്ചിട്ടുണ്ടെന്നും ജയില്‍ ഡി.ജി.പി. ബല്‍റാം കുമാര്‍ ഉപാധ്യായ വ്യക്തമാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നാല് ജയില്‍ ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തത്.
മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരമാണ് പ്രത്യേകസംഘം രൂപവത്കരിച്ച് അന്വേഷണം ആരംഭിച്ചത്. റിപോര്‍ട്ട് നല്‍കാന്‍ സര്‍ക്കാര്‍ മൂന്ന് മാസമാണ് അനുവദിച്ചതെങ്കിലും എല്ലാ സെന്‍ട്രല്‍ ജയിലിലും പരിശോധന നടത്തി റിപോര്‍ട്ട് നല്‍കാന്‍ സമയം ആവശ്യമാണെന്നും ആറുമാസം അനുവദിക്കണമെന്നും അന്വേഷണസംഘം ആവശ്യപ്പെട്ടു. ഇതിന്റെ അടിസ്ഥാനത്തില്‍ സമയം നീട്ടിനല്‍കിയെങ്കിലും ആറരമാസം പിന്നിട്ടിട്ടും റിപോര്‍ട്ട് നല്‍കാന്‍ സാധിച്ചില്ല. റിട്ട. ജസ്റ്റിസ് സി.എന്‍. രാമചന്ദ്രന്‍ നായര്‍, മുന്‍ ഡി.ജി.പി. ജേക്കബ് പുന്നൂസ് എന്നിവരാണ് അന്വേഷിക്കുന്നത്. ജൂലായ്-24ന് പുലര്‍ച്ചെയാണ് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍നിന്ന് ഗോവിന്ദച്ചാമി രക്ഷപ്പെട്ടത്.

