നിയമസഭയ്ക്ക് പുറത്തും പ്രതിഷേധവുമായി പ്രതിപക്ഷം; ഗവര്‍ണര്‍ ആര്‍എസ്എസ്സിന്റെ ഏജന്റെന്ന് ചെന്നിത്തല

സര്‍ക്കാരും ഗവര്‍ണറും തമ്മിലുള്ള അന്തര്‍ധാര സജീവമാണെന്ന് വ്യക്തമായി. ചങ്ങല പിടിച്ചതെല്ലം മുഖ്യമന്ത്രിയുടെ നാടകമാണെന്ന് തെളിഞ്ഞു. മുഖ്യമന്ത്രിയുടെ ഇരട്ടത്താപ്പ് നയം ജനങ്ങള്‍ക്ക് ബോധ്യമായി.

Update: 2020-01-29 05:29 GMT

തിരുവനന്തപുരം: സര്‍ക്കാരിനും ഗവര്‍ണര്‍ക്കുമെതിരേ നിയമസഭയ്ക്ക് പുറത്തും പ്രതിഷേധം ശക്തമാക്കി പ്രതിപക്ഷം. നിയമസഭ ബഹിഷ്‌കരിച്ച് പുറത്തിറങ്ങിയ പ്രതിപക്ഷം ഗവര്‍ണര്‍ക്കും മുഖ്യമന്ത്രിക്കുമെതിരേ രൂക്ഷവിമര്‍ശനങ്ങളാണ് നടത്തിയത്. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ആര്‍എസ്എസ്സിന്റെയും അമിത്ഷായുടെയും ഏജന്റാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. കേന്ദ്രസര്‍ക്കാരുമായി സംസ്ഥാന സര്‍ക്കാരിന്റെ പാലമാണ് ഗവര്‍ണര്‍. മുഖ്യമന്ത്രി പിണറായി വിജയന്റേത് ഇരട്ടത്താപ്പാണ്.

സര്‍ക്കാരും ഗവര്‍ണറും തമ്മിലുള്ള അന്തര്‍ധാര സജീവമാണെന്ന് വ്യക്തമായി. ചങ്ങല പിടിച്ചതെല്ലം മുഖ്യമന്ത്രിയുടെ നാടകമാണെന്ന് തെളിഞ്ഞു. മുഖ്യമന്ത്രിയുടെ ഇരട്ടത്താപ്പ് നയം ജനങ്ങള്‍ക്ക് ബോധ്യമായി. ഗവര്‍ണറുടെ കാലുപിടിക്കേണ്ട ഗതികേട് മുഖ്യമന്ത്രിക്കുണ്ടായി. കേരളത്തെ അപമാനിച്ച ഗവര്‍ണര്‍ക്കെതിരേ എന്തുകൊണ്ട് മുഖ്യമന്ത്രി മൗനം പാലിക്കുന്നു. ലാവ്‌ലിന്‍ കേസില്‍നിന്ന് രക്ഷപ്പെടാനുള്ള മുഖ്യമന്ത്രിയുടെ നീക്കമാണിത്. മുഖ്യമന്ത്രി ഗവര്‍ണര്‍ക്കെതിരെയുള്ള പ്രതിപക്ഷത്തിന്റെ പ്രമേയം പിന്തുണയ്ക്കണമെന്നാണ് ഞങ്ങള്‍ ആവശ്യപ്പെടുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു. പ്രതിഷേധത്തിനിടെ വാച്ച് ആന്റ് വാര്‍ഡുമാര്‍ യുഡിഎഫ് എംഎല്‍എമാരെ ശരീരികമായി നേരിട്ടു. എംഎല്‍എമാരെ വാച്ച് ആന്റ് വാര്‍ഡുമാരെ ഉപയോഗിച്ച് മര്‍ദിച്ചതിനെ അപലപിക്കുന്നു.

സഭയിലേക്ക് വാച്ച് ആന്റ് വാര്‍ഡുമാരെ വിളിക്കേണ്ടെന്ന് തീരുമാനിച്ചത് മുന്‍ സ്പീക്കര്‍ ജി കാര്‍ത്തികേയനാണ്. ആ രീതിയാണ് ഇപ്പോള്‍ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ തെറ്റിച്ചത്. വാച്ച് ആന്റ് വാര്‍ഡുമാരെ മര്‍ദിക്കുകയും സ്പീക്കറുടെ ഡയസ് അക്രമിക്കുകയും ചെയ്ത ചരിത്രം ഞങ്ങള്‍ക്കില്ല. ഞങ്ങള്‍ വളരെ മാന്യമായി പ്രതിഷേധിക്കുന്നവരാണ്. എന്നാല്‍, വാച്ച് ആന്റ് വാര്‍ഡുമാരെ ഉപയോഗിച്ച് ഞങ്ങളെ നേരിടുകയാണ് ചെയ്തത്. കേരള നിയമസഭയുടെ അന്തസ് ഉയര്‍ത്തിപ്പിടിക്കാന്‍ എന്തുകൊണ്ട് സ്പീക്കറും മുഖ്യമന്ത്രിയും ശ്രമിക്കുന്നില്ല. അടുത്തയാഴ്ച ലാവ്‌ലിന്‍ കേസ് സുപ്രിംകോടതി പരിണിഗിക്കുമ്പോള്‍ ഗവര്‍ണറും മുഖ്യമന്ത്രിയും തമ്മിലുള്ള അന്തര്‍ധാരയുടെ പൊരുള്‍ മനസ്സിലാവും.

കേരളത്തിലെ നിയമസഭയെയും ജനങ്ങളെയും അപമാനിച്ച ഗവര്‍ണര്‍ക്കെതിരേ പ്രതികരിക്കേണ്ടതുണ്ട്. കഴിഞ്ഞ അഞ്ചുവര്‍ഷം ഇവിടെ ഒരു ഗവര്‍ണറുണ്ടായിരുന്നു. ജസ്റ്റിസ് പി എസ് സദാശിവം. മാതൃകപരമായ പെരുമാറ്റമാവട്ടെ, മാന്യതയാവട്ടെ ഒരു ചീത്തപ്പേരും കേള്‍പ്പിക്കാതെയാണ് അദ്ദേഹം തന്റെ കാലാവധി പൂര്‍ത്തിയാക്കിയത്. അദ്ദേഹം ഗവര്‍ണറായിരുന്ന കാലത്ത് ഒരുരീതിയിലുള്ള പ്രതിഷേധവും ഞങ്ങള്‍ക്ക് അദ്ദേഹത്തിന് നേരെ സംഘടിക്കേണ്ടിവന്നിട്ടില്ല. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെയുള്ള പ്രതിഷേധം യുഡിഎഫ് ശക്തമാക്കുമെന്നും ചെന്നിത്തല വ്യക്തമാക്കി. 

Tags:    

Similar News