ഇന്ത്യ പീഡനമേറ്റവരുടെ അഭയകേന്ദ്രമെന്ന് ഗവര്‍ണര്‍; മുഖ്യമന്ത്രിക്ക് വാനോളം പുകഴ്ത്തല്‍

ജാതിയുടെയും മതത്തിന്റെയും പേരില്‍ ആരെയും മാറ്റിനിര്‍ത്തുന്നതല്ല ഇന്ത്യയുടെ പാരമ്പര്യം. ഇന്ത്യ എന്നും വൈവിധ്യത്തെ ആദരിക്കുകയും അംഗീകരിക്കുകയും ചെയ്തിട്ടുണ്ട്. ഭരണഘടന അനുസരിക്കുന്നതിന് എല്ലാവര്‍ക്കും ഉത്തരവാദിത്വമുണ്ട്.

Update: 2020-01-26 05:30 GMT

തിരുവനന്തപുരം: സംസ്ഥാനത്തെ റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ക്ക് തുടക്കമായി. തിരുവനന്തപുരത്ത് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പതാക ഉയര്‍ത്തി. മുഖ്യമന്ത്രി പിണറായി വിജയന്‍, ജനപ്രതിനിധികള്‍, വിവിധ രാഷ്ട്രീയകക്ഷി നേതാക്കള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സന്നിഹിതരായി. പൗരത്വ നിയമ ഭേദഗതി വിഷയത്തില്‍ സര്‍ക്കാരും ഗവര്‍ണറും തമ്മില്‍ തര്‍ക്കം തുടരുന്നതിനിടെ ആദ്യമായാണ് മുഖ്യമന്ത്രിയും ഗവര്‍ണറും വേദി പങ്കിടുന്നത്. ഇന്ത്യ പീഡിപ്പിക്കപ്പെട്ടവരുടെയും അഭയാര്‍ഥികളുടെയും അഭയകേന്ദ്രമാണെന്ന് പൗരത്വ ഭേദഗതി നിയമത്തെ പരോക്ഷമായി ഉദ്ധരിച്ചുകൊണ്ട് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ റിപ്പബ്ലിക് ദിന സന്ദേശത്തില്‍ അഭിപ്രായപ്പെട്ടു.

ജാതിയുടെയും മതത്തിന്റെയും പേരില്‍ ആരെയും മാറ്റിനിര്‍ത്തുന്നതല്ല ഇന്ത്യയുടെ പാരമ്പര്യം. ഇന്ത്യ എന്നും വൈവിധ്യത്തെ ആദരിക്കുകയും അംഗീകരിക്കുകയും ചെയ്തിട്ടുണ്ട്. ഭരണഘടന അനുസരിക്കുന്നതിന് എല്ലാവര്‍ക്കും ഉത്തരവാദിത്വമുണ്ട്. എല്ലാവര്‍ക്കും ഗുണനിലവാരമുള്ള വിദ്യാഭ്യാസമെന്നതാണ് മോദി സര്‍ക്കാരിന്റെ നയം. വിദ്യാഭ്യാസമേഖലയില്‍ സമഗ്രമായ മാറ്റമാണ് ലക്ഷ്യം. വിദ്യാഭ്യാസമേഖലയെ ശാക്തീകരിക്കുന്നതിലൂടെ ഇന്ത്യ വന്‍ശക്തിയായി മാറും. കേരളത്തിലെ വിദ്യാഭ്യാസ മേഖലയില്‍ ഈ മുന്നേറ്റങ്ങളുണ്ടെന്നും ഗവര്‍ണര്‍ പറഞ്ഞു. വികസനനേട്ടങ്ങളുടെ പേരില്‍ കേരളത്തെയും സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയെന്ന നിലയില്‍ പിണറായി വിജയനെയും വാനോളം പുകഴ്ത്തിയാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സംസാരിച്ചത്.

രണ്ട് പ്രളയത്തെ അതിജീവിച്ച സംസ്ഥാനമാണ് കേരളം. ഒരുമിച്ചുനിന്നാണ് പ്രകൃതി ദുരന്തത്തെ കേരളം നേരിട്ടത്. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ നവകേരള നിര്‍മാണം പുരോഗമിക്കുകയാണെന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു. ലോക കേരള സഭയിലൂടെ നിക്ഷേപസാധ്യതകളും കേരളം പ്രയോജനപ്പെടുത്തുന്നുണ്ട്. വിദ്യാഭ്യാസ ആരോഗ്യമേഖലകളിലും ലിംഗസമത്വത്തിന്റെ കാര്യത്തിലും വലിയ നേട്ടങ്ങളാണ് കേരളം കൈവരിച്ചിട്ടുള്ളത്. സുസ്ഥിര വികസനത്തിനും നവീന ആശങ്ങള്‍ നടപ്പാക്കുന്ന കാര്യത്തിലും കേരളം മാതൃകയാണ്. പ്ലാസ്റ്റിക് നിരോധന, നിര്‍മാര്‍ജനപ്രവര്‍ത്തനങ്ങളെയും ഗവര്‍ണര്‍ പ്രസംഗത്തില്‍ പ്രശംസിച്ചു. കേരളത്തിലെ സ്റ്റാര്‍ട്ടപ്പ് മിഷനെയും വൈദ്യുത വാഹനങ്ങള്‍ക്ക് നല്‍കുന്ന പിന്തുണയെയും അദ്ദേഹം അഭിനന്ദിച്ചു.

പൗരത്വ നിയമ ഭേദഗതിക്കെതിരായി നിയമസഭയില്‍ പാസാക്കിയ പ്രമേയത്തിലും നിയമം ചോദ്യംചെയ്ത് സുപ്രിംകോടതിയെ സമീപിച്ച സംസ്ഥാന സര്‍ക്കാര്‍ നടപടിയിലും കടുത്ത അതൃപ്തി ഗവര്‍ണര്‍ പരസ്യമാക്കിയ സാഹചര്യത്തില്‍ മുന്‍പെങ്ങുമില്ലാത്ത വിധം ആകാംക്ഷയോടെയാണ് ഗവര്‍ണറുടെ റിപ്പബ്ലിക് ദിന പ്രസംഗത്തെ ഉറ്റുനോക്കിയിരുന്നത്. വിവാദങ്ങളെ നേരിട്ട് പരാമര്‍ശിക്കാതെ ഇന്ത്യയുടെ വൈവിധ്യത്തിലും സഹിഷ്ണുതയിലും അഭയാര്‍ഥികള്‍ക്ക് ഇടംനല്‍കുന്ന പാരമ്പര്യത്തിലും എല്ലാം ഊന്നിനിന്നായിരുന്നു ഗവര്‍ണറുടെ പ്രസംഗമെന്നതും ശ്രദ്ധേയമാണ്. മലയാളത്തില്‍ റിപ്പബ്ലിക് ദിനാശംസകള്‍ നേര്‍ന്നാണ് ഗവര്‍ണര്‍ റിപ്പബ്ലിക് ദിന പ്രസംഗം അവസാനിപ്പിച്ചത്. 

Tags:    

Similar News