സര്‍ക്കാര്‍ ശുപാര്‍ശ ഗവര്‍ണര്‍ അംഗീകരിച്ചു; കണ്ണൂര്‍ വിസിക്ക് പുനര്‍നിയമനം

Update: 2021-11-23 15:54 GMT

കണ്ണൂര്‍: കണ്ണൂര്‍ വൈസ് ചാന്‍സിലര്‍ ഗോപിനാഥ് രവീന്ദ്രന് വീണ്ടും നിയമനം. സര്‍ക്കാരിന്റെ ശുപാര്‍ശ പരിഗണിച്ച് വിസി നിയമനത്തിനുള്ള സെര്‍ച്ച് കമ്മിറ്റി പിരിച്ചുവിട്ടാണ് ഗവര്‍ണര്‍ പുനര്‍നിയമനം അംഗീകരിച്ചത്. ഗോപിനാഥ് രവീന്ദ്രന്റെ കാലാവധി ഇന്ന് അവസാനിക്കാനിരിക്കെയാണ് നിര്‍ണായക തീരുമാനമുണ്ടായത്. ഇന്ന് (ചൊവ്വാഴ്ച) മുതല്‍ നാല് വര്‍ഷത്തേക്കാണ് കാലാവധി നീട്ടിനല്‍കിയിരിക്കുന്നത്. കേരളത്തിന്റെ ചരിത്രത്തില്‍തന്നെ ആദ്യമായാണ് ഒരു വിസിക്ക് പുനര്‍നിയമനം നല്‍കുന്നത്. കണ്ണൂര്‍ വിസി നിയമനത്തിനായി ആസൂത്രണ ബോര്‍ഡ് ഉപാധ്യക്ഷന്റെ നേതൃത്വത്തില്‍ സര്‍ക്കാര്‍ മൂന്നംഗ സെര്‍ച്ച് കമ്മിറ്റിയെ നിയോഗിച്ചിരുന്നു.

നിയമനത്തിനുള്ള അപേക്ഷ പരിഗണിക്കുന്നതിനിടെയാണ് കമ്മിറ്റി തന്നെ റദ്ദാക്കി വിസിക്കുള്ള പുനര്‍നിയമനം നല്‍കിയിരിക്കുന്നത്. ഗോപിനാഥ് രവീന്ദ്രന്‍ ആരോപണവിധേയനായ നിയമന വിവാദം കത്തി നില്‍ക്കവേയാണ് പുനര്‍നിയമനമെന്നതും ശ്രദ്ധേയമാണ്. കെ കെ രാഗേഷിന്റെ ഭാര്യ പ്രിയാ വര്‍ഗീസിനെ അസോസിയേറ്റ് പ്രഫസറാക്കി നിയമിക്കാന്‍ സര്‍വകലാശാലാ ചട്ടങ്ങള്‍ ലംഘിച്ച് അതിവേഗം നടപടി എടുത്തെന്ന പരാതി നിലനില്‍ക്കെ വിസിക്ക് പുനര്‍നിയമനത്തിന് പിന്നില്‍ രാഷ്ട്രീയ സമ്മര്‍ദ്ദമാണെന്നാണ് ആരോപണം.

അതേസമയം, 60 വയസ് കഴിഞ്ഞയാളെ വിസിയായി നിയമിക്കരുതെന്ന സര്‍വകലാശാല ചട്ടം മറികടന്നുള്ള നിയമനമെന്ന പരാതി ഉയര്‍ന്നിട്ടുണ്ട്. പുനര്‍നിയമനത്തിന് പ്രായപരിധി പ്രശ്‌നമല്ലെന്ന നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് വിസി നിയമനമെന്നാണ് ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ വിശദീകരണം. പുനര്‍നിയമനത്തിനെതിരേ കോടതിയെ സമീപിക്കുമെന്നാണ് സേവ് യൂനിവേഴ്‌സിറ്റി കാംപയിന്‍ കമ്മിറ്റി വ്യക്തമാക്കുന്നത്.

2017 നവംബറിലാണ് ഡല്‍ഹി ജാമിഅ മില്ലിയ സര്‍വകലാശാലയിലെ ചരിത്രവിഭാഗം പ്രഫസറായിരുന്ന ഗോപിനാഥ് രവീന്ദ്രന്‍ കണ്ണൂര്‍ വിസിയായി ചുമതലയേറ്റത്. ഡല്‍ഹി സെന്റ് സ്റ്റീഫന്‍സിലും ജെഎന്‍യുവിലുമായിരുന്നു പഠനം. സെന്റ് സ്റ്റീഫന്‍സിലും ജാമിഅ മില്ലിയയിലും അധ്യാപകനായി. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് ഹിസ്‌റ്റോറിക്കല്‍ റിസര്‍ച്ചിന്റെ മെംബര്‍ സെക്രട്ടറിയായിരുന്നു.

Tags: