ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്റർ: നടത്തിപ്പ് സംബന്ധിച്ച് സർക്കാർ ഉത്തരവായി

ആരോഗ്യ വകുപ്പിന്റെയും ദുരന്ത നിവാരണ അതോറിറ്റിയുടെയും വിദഗ്ധ സമിതിയുടെയും ശുപാർശ പ്രകാരമായിരിക്കും ഓരോ പ്രദേശത്തും ട്രീറ്റ്മെന്റ് സെന്ററുകൾ ആരംഭിക്കുക.

Update: 2020-07-17 09:15 GMT

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വ്യാപനം നേരിടുന്നതിനായി തദ്ദേശഭരണ സ്ഥാപനതലത്തിൽ ആരംഭിക്കുന്ന ജനകീയ ആരോഗ്യ പരിപാലന കേന്ദ്രങ്ങളായ ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററുകളുടെ നടത്തിപ്പ് സംബന്ധിച്ച് സർക്കാർ വിശദമായ ഉത്തരവ് പുറപ്പെടുവിച്ചു. ഇതു പ്രകാരം സെന്ററുകൾ സജ്ജീകരിക്കുന്നതിനായി നൂറു കിടക്കകൾ വരെയുള്ള സെന്ററുകൾ ആരംഭിക്കാൻ ഇരുപത്തിയഞ്ചു ലക്ഷം രൂപയും നൂറിനും ഇരുനൂറിനും ഇടയ്ക്കുള്ള സെന്ററുകൾക്ക് നാല്പതു ലക്ഷവും ഇരുന്നൂറു കിടക്കകൾക്ക് മുകളിലുള്ള സെന്ററുകൾക്ക് അറുപതു ലക്ഷം രൂപയും ജില്ലാ ദുരന്തനിവാരണ അതോറിറ്റിയിൽ നിന്ന് അനുവദിക്കും.

ആരോഗ്യ വകുപ്പിന്റെയും ദുരന്ത നിവാരണ അതോറിറ്റിയുടെയും വിദഗ്ധ സമിതിയുടെയും ശുപാർശ പ്രകാരമായിരിക്കും ഓരോ പ്രദേശത്തും ട്രീറ്റ്മെന്റ് സെന്ററുകൾ ആരംഭിക്കുക. സി എഫ് എൽ ടി സിയായി ഉപയോഗിക്കുന്ന കെട്ടിടം കണ്ടേത്തേണ്ട ചുമതല അതാത് തദ്ദേശഭരണ സ്ഥാപനത്തിനാണ്. ഇവിടേക്കാവശ്യമായ മെഡിക്കൽ സ്റ്റാഫിന്റെ സേവനം ആരോഗ്യ വകുപ്പ് ഉറപ്പാക്കും. ചികിത്സ, ചികിത്സയുമായി ബന്ധപ്പെട്ട ഉപാധികൾ, ഉപകരണങ്ങൾ, മരുന്നുകൾ, എന്നിവ ഒഴികെയുള്ള ഭൗതിക സൗകര്യങ്ങൾ ഒരുക്കുന്നതിന്റെയും ദൈനംദിന നടത്തിപ്പിന്റെയും ഭക്ഷണം ശുചിത്വം എന്നിവയുടെയും ചുമതല തദ്ദേശഭരണ സ്ഥാപനങ്ങൾക്കായിരിക്കും. സർക്കാർ നിർദ്ദേശാനുസരണം അടിയന്തിര ഘട്ടങ്ങളിൽ മരുന്നും തദ്ദേശഭരണ സ്ഥാപനങ്ങൾക്ക് വാങ്ങി നൽകാവുന്നതാണ്.

സി എഫ് എൽ ടി സിയുടെ നടത്തിപ്പിനായി തദ്ദേശഭരണ സ്ഥാപനത്തിന്റെ അധ്യക്ഷ/അധ്യക്ഷൻ ചെയർപേഴ്സനായ കമ്മിറ്റിയും ഉണ്ടാകും. ഈ കമ്മിറ്റിയായിരിക്കും സെന്ററിന്റെ ദൈനംദിന പ്രവർത്തനങ്ങൾ നടത്തുക. മനേജിംഗ് കമ്മിറ്റി തീരുമാനങ്ങൾ നടപ്പിലാക്കുന്നതിനും ഏകോപിപ്പിക്കുന്നതിനുമായി ഒരു നോഡൽ ഓഫീസറും ഉണ്ടാകും. നോഡൽ ഓഫീസറെ കൂടാതെ തദ്ദേശഭരണ സ്ഥാപനം നിശ്ചയിക്കുന്ന ഒരു ഉദ്യോഗസ്ഥൻ/ഉദ്യോഗസ്ഥ ചാർജ്ജ് ഓഫീസറായി എല്ലാ സമയത്തും സെന്ററിൽ ഉണ്ടാകും. കോവിഡ് പ്രോട്ടോക്കോൾ അനുസരിച്ചുള്ള സൗകര്യങ്ങളും പ്രവർത്തനങ്ങളും ഇത്തരം സെന്ററുകളിൽ ഉറപ്പാക്കും. സെന്ററുലളിലുണ്ടാകേണ്ട അടിസ്ഥാന സൗകര്യങ്ങൾ, ചികിത്സാ സൗകര്യങ്ങൾ, മാലിന്യ പരിപാലനം തുടങ്ങി എല്ലാ കാര്യങ്ങളും ഉത്തരവിൽ വിശദമാക്കിയിട്ടുണ്ട്.

Tags: