പ്രതിപക്ഷത്തിന് ജനങ്ങളുടെ കരണത്തടി കിട്ടിയെന്ന് മുഖ്യമന്ത്രി; നിയമസഭയില്‍ ഭരണ- പ്രതിപക്ഷ വാക് പോര്

പ്രതിപക്ഷത്തിനെതിരേ ഒന്നിന് പിറകേ ഒന്നായി ഭരണപക്ഷം അഴിമതി ആരോപണങ്ങള്‍ ഉന്നയിച്ചതെടെയാണ് ഇരുപക്ഷവും തമ്മില്‍ രൂക്ഷമായ വാദപ്രതിവാദമുണ്ടായത്. തുടക്കത്തില്‍ ആരോപണങ്ങള്‍ പ്രതിപക്ഷം കേട്ടിരുന്നെങ്കിലും പിന്നീട് ഭരണപക്ഷത്തിന്റെ നീക്കങ്ങള്‍ക്കെതിരേ പ്രതിപക്ഷം ശബ്ദമുയര്‍ത്തുകയായിരുന്നു.

Update: 2021-01-12 05:36 GMT

തിരുവനന്തപുരം: നിയമസഭയില്‍ ഭരണപക്ഷവും പ്രതിപക്ഷവും തമ്മില്‍ രൂക്ഷമായ വാക്‌പോര്. ഗവര്‍ണറുടെ നയപ്രഖ്യാപനപ്രസംഗത്തിന്‍മേലുള്ള നന്ദിപ്രമേയ ചര്‍ച്ചയ്ക്കായി ചേര്‍ന്ന നിയമസഭയുടെ ചോദ്യോത്തരവേളയില്‍ അഴിമതി ആരോപണങ്ങളുമായി പ്രതിപക്ഷത്തിനെ ഭരണപക്ഷം കടന്നാക്രമിക്കുകയായിരുന്നു. പ്രതിപക്ഷത്തിനെതിരേ ഒന്നിന് പിറകേ ഒന്നായി ഭരണപക്ഷം അഴിമതി ആരോപണങ്ങള്‍ ഉന്നയിച്ചതെടെയാണ് ഇരുപക്ഷവും തമ്മില്‍ രൂക്ഷമായ വാദപ്രതിവാദമുണ്ടായത്. തുടക്കത്തില്‍ ആരോപണങ്ങള്‍ പ്രതിപക്ഷം കേട്ടിരുന്നെങ്കിലും പിന്നീട് ഭരണപക്ഷത്തിന്റെ നീക്കങ്ങള്‍ക്കെതിരേ പ്രതിപക്ഷം ശബ്ദമുയര്‍ത്തുകയായിരുന്നു.

വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് മുന്നില്‍കണ്ട് സംസ്ഥാന സര്‍ക്കാരിനെതിരേ വന്‍ പ്രക്ഷോഭത്തിന് ഒരുങ്ങുന്ന യുഡിഎഫിനെ സമ്മര്‍ദത്തിലാക്കുകയെന്നതായിരുന്നു ഭരണപക്ഷത്തിന്റെ തന്ത്രം. സഭ ചേര്‍ന്നത് മുതല്‍ പ്രതിപക്ഷത്തിനെതിരായ അഴിമതി ആരോപണങ്ങളില്‍ ചോദ്യമുന്നയിച്ച് ഭരണപക്ഷാംഗങ്ങള്‍ പ്രതിരോധം തീര്‍ത്തു. ബാര്‍കോഴ, സോളാര്‍, പാലാരിവട്ടം തുടങ്ങിയ വിഷയങ്ങളില്‍ സഭയില്‍ ആരോപണ- പ്രത്യാരോപണങ്ങളുണ്ടായി. എംഎല്‍എമാരുടെ ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രിയാണ് മറുപടി നല്‍കിക്കൊണ്ടിരുന്നത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, വിഡി സതീശന്‍, എംസി കമറുദ്ദീന്‍, ഉമ്മന്‍ ചാണ്ടി, അനൂപ് ജേക്കബ് തുടങ്ങി പ്രതിപക്ഷ നിരയിലെ നിരവധി പേര്‍ക്കെതിരെ ചോദ്യങ്ങളുയര്‍ന്നു. ബാര്‍ കോഴ കേസുമായി ബന്ധപ്പെട്ടായിരുന്നു പ്രതിപക്ഷ നേതാവിനെതിരായ ചോദ്യം. പ്രതിപക്ഷ നേതാവ് അദ്ദേഹത്തിനെതിരേ അന്വേഷണം പാടില്ലെന്നാവശ്യപ്പെട്ട് ഗവര്‍ണറെ സമീപിച്ചെന്ന് മുഖ്യമന്ത്രി പറഞ്ഞു.

കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ബാര്‍ ലൈസന്‍സ് ഫീസ് കൂട്ടാതിരിക്കാന്‍ കൈക്കൂലി കൊടുത്തെന്നാണ് ബാറുടമ ബിജു രമേശ് വെളിപ്പെടുത്തിയത്. ആ സംഭവത്തില്‍ ഒരു രഹസ്യാന്വേഷണം നടത്തി. പ്രാഥമികാന്വേഷണം നടത്തുന്ന കാര്യം സര്‍ക്കാര്‍ പരിഗണിച്ചുവരികയാണ്. അതിനിടെയാണ് പ്രതിപക്ഷ നേതാവ് അദ്ദേഹത്തിനെതിരേ അത്തരമൊരു അന്വേഷണം പാടില്ലെന്ന ആവശ്യവുമായി ഗവര്‍ണറെ സമീപിച്ചതെന്നും പിണറായി പറഞ്ഞു. പ്രതിപക്ഷ നേതാവിനെക്കുറിച്ചുള്ള ചോദ്യത്തിന് അനുമതി നല്‍കിയത് തെറ്റായ കീഴ്‌വഴക്കമെന്ന് കെ സി ജോസഫ് പ്രതികരിച്ചു. ചോദ്യം പരിശോധിക്കാന്‍ സംവിധാനങ്ങളുണ്ട്, പിഴവുണ്ടെങ്കില്‍ നോക്കാമെന്ന് സ്പീക്കര്‍ മറുപടി നല്‍കി.

വി ഡി സതീശനെതിരായ കേസ് വിദേശത്ത് പോയി അവിടെ നിന്ന് ഫണ്ട് സ്വീകരിച്ചെന്ന കേസാണെന്നും അക്കാര്യത്തില്‍ വിജിലന്‍സിന് അന്വേഷിക്കാന്‍ പരിമിതികളുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ടൈറ്റാനിയം കേസില്‍ മുന്‍ധാരണയുടെ അടിസ്ഥാനത്തിലാണ് കേസ് ഏറ്റെടുക്കില്ലെന്ന നിലപാടില്‍ സിബിഐ എത്തിയതെന്നും മുഖ്യമന്ത്രി പറഞ്ഞു. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് അഴിമതിയുടെ കൂത്തരങ്ങായിരുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ആരോപിച്ചു. ഈ സര്‍ക്കാര്‍ അഴിമതിയില്ലാത്ത നാടെന്ന പേര് ഉയര്‍ത്തി. വന്‍കിട കമ്പനികള്‍ കേരളത്തിലേക്ക് വരുന്നു. വലിയ വികസനം നടക്കുന്നു. അതില്‍ വിഷമമുണ്ടെങ്കില്‍ അത് മനസില്‍ വച്ചാല്‍ മതി. സര്‍ക്കാരിന് ഒന്നിനെയും ഭയപ്പെടേണ്ടതില്ല.

തിരഞ്ഞെടുപ്പില്‍ ജനങ്ങളുടെ കൈകൊണ്ട് കരണത്ത് അടികൊണ്ടവരാണ് പ്രതിപക്ഷം. ഉളുപ്പില്ലാത്തതുകൊണ്ടാണ് ഇപ്പോഴും പ്രതിപക്ഷത്തിന് ചിരിക്കാന്‍ പറ്റുന്നതെന്നും മുഖ്യമന്ത്രി പരിഹസിച്ചു. അഴിമതിയില്‍ മുങ്ങിക്കുളിച്ചവര്‍ അഴിമതി തൊട്ടുതീണ്ടാത്തവരെക്കുറിച്ച് അഴിമതി അഴിമതി എന്ന് ആവര്‍ത്തിക്കുകയാണെന്നും പിണറായി കുറ്റപ്പെടുത്തി. ബാര്‍ കോഴ രണ്ടുതവണ അന്വേഷിച്ചതാണെന്നും ഇതുമായി ബന്ധപ്പെട്ട ഒരു സിഡിയിലാണ് തന്റെ പേരുള്ളതെന്നും രമേശ് ചെന്നിത്തല പറഞ്ഞു. സിഡിയില്‍ കൃത്രിമം കണ്ടെത്തിയിട്ടുണ്ട്. താന്‍ കോഴ വാങ്ങിയിട്ടില്ല. ഏത് അന്വേഷണം നടന്നാലും പ്രതിപക്ഷത്തിന് ഒരു ചുക്കുമില്ലെന്നും ചെന്നിത്തല പറഞ്ഞു. സര്‍ക്കാരിനെതിരായ ആരോപണങ്ങളില്‍നിന്ന് ശ്രദ്ധതിരിക്കാനുള്ള പാഴ്‌വേലയാണിതെന്നും അദ്ദേഹം പറഞ്ഞു.

Tags:    

Similar News