പ്രവാസി കമ്മീഷന്‍: മലബാര്‍ മേഖലയോട് സര്‍ക്കാരിന് ചിറ്റമ്മ നയം

പ്രവാസി മലയാളികളുടെ ക്ഷേമം ലക്ഷ്യമാക്കി പ്രവാസി കമ്മീഷന്‍ രൂപീകരിച്ചത് 2016 ഏപ്രിലിലാണ്. എന്നാല്‍, രൂപീകരിച്ച് മൂന്നുവര്‍ഷത്തോളമായിട്ടും മലബാര്‍ മേഖലയില്‍ ഓഫിസ് തുടങ്ങാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല എന്നതാണ് യാഥാര്‍ഥ്യം.

Update: 2019-01-02 13:02 GMT

കോഴിക്കോട്: പ്രവാസി മലയാളികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനും താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിനുമായി രൂപീകരിച്ച പ്രവാസി കമ്മീഷന് ഓഫിസ് പോലും അനുവദിക്കാതെ മലബാര്‍ മേഖലയെ സര്‍ക്കാര്‍ പൂര്‍ണമായും അവഗണിക്കുന്നു. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ പ്രവാസികളുള്ളത് മലബാര്‍ മേഖലയിലാണ്. അതുകൊണ്ടുതന്നെ പരാതികള്‍ സ്വീകരിക്കാന്‍ സംവിധാനമില്ലാത്തത് കമ്മീഷന്റെ പ്രവര്‍ത്തനങ്ങളെയും പ്രതിസന്ധിയിലാക്കുന്നുണ്ട്. നിലവില്‍ തിരുവനന്തപുരത്ത് ആസ്ഥാന ഓഫിസും എറണാകുളത്ത് ഒരു സബ് ഓഫിസും മാത്രമാണുള്ളത്. പ്രവാസികളില്‍നിന്നും പരാതി സ്വീകരിക്കുന്നതിനായി എറണാകുളത്തെ ഓഫിസില്‍ എല്ലാ മാസവും കമ്മീഷന്‍ സിറ്റിങ് നടത്താറുണ്ടെങ്കിലും മറ്റ് ജില്ലകളില്‍ മാസങ്ങള്‍ കഴിഞ്ഞാലെ സിറ്റിങ് നടത്താറുള്ളൂ. ഇതുമൂലം കമ്മീഷന് പരാതി സമര്‍പ്പിക്കാന്‍ ഏറെ നാള്‍ കാത്തിരിക്കേണ്ട അവസ്ഥയാണ്.

പ്രവാസി മലയാളികളുടെ ക്ഷേമം ലക്ഷ്യമാക്കി പ്രവാസി കമ്മീഷന്‍ രൂപീകരിച്ച് 2016 ഏപ്രിലിലാണ് സര്‍ക്കാര്‍ വിജ്ഞാപനം പുറത്തിറക്കിയത്. പ്രവാസികളെ സംബന്ധിച്ചിടത്തോളം കമ്മീഷന്റെ രൂപീകരണം ഏറെ ആശ്വാസകരമായിരുന്നു. ഒരുവര്‍ഷം കാത്തിരുന്നതിനുശേഷമാണ് കമ്മീഷന് അടിസ്ഥാനസൗകര്യങ്ങള്‍ ലഭ്യമായത്. എന്നാല്‍, രൂപീകരിച്ച് മൂന്നുവര്‍ഷത്തോളമായിട്ടും മലബാര്‍ മേഖലയില്‍ ഓഫിസ് തുടങ്ങാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല എന്നതാണ് യാഥാര്‍ഥ്യം. മലബാര്‍ മേഖലയില്‍ കമ്മീഷന് ഓഫിസും അനുബന്ധ സൗകര്യങ്ങളും അനുവദിക്കണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെട്ടെങ്കിലും അനുകൂല മറുപടി ലഭിച്ചിട്ടില്ലെന്ന് പ്രവാസി കമ്മീഷന്‍ ചെയര്‍മാന്‍ പി ഭവദാസന്‍ പറഞ്ഞു. വിവിധ സ്ഥലങ്ങളില്‍ നടന്ന സിറ്റിങ്ങുകളിലും ഇ മെയില്‍ വഴിയും പ്രവാസി കമ്മീഷന് കഴിഞ്ഞവര്‍ഷം ലഭിച്ചത് 320 പരാതികളാണ്. ഇതില്‍ 170 എണ്ണത്തിന് തീര്‍പ്പുകല്‍പ്പിച്ചിട്ടുണ്ട്.