ശമ്പള വിതരണം; കെഎസ്ആർടിസിക്ക് സർക്കാർ 69 കോടി അനുവദിച്ചു
ജൂൺ മാസത്തെ ശമ്പള വിതരണത്തിനാണ് പണം അനുവദിച്ചത്.
തിരുവനന്തപുരം: കെഎസ്ആർടിസിക്ക് സംസ്ഥാന സർക്കാർ 69 കോടി അനുവദിച്ചു. ജൂൺ മാസത്തെ ശമ്പള വിതരണത്തിനാണ് പണം അനുവദിച്ചത്. കൊവിഡിൻ്റെ പശ്ചാത്തലത്തിൽ സർവീസ് കുറഞ്ഞതോടെ കോർപറേഷൻ വരുമാന നഷ്ടത്തിലാണ്. ശമ്പളം നൽകാൻ പോലും കഴിയാതെ വന്നതോടെ ജീവനക്കാരും പ്രയാസത്തിലായി. തുടർന്നാണ് സർക്കാർ സഹായമെത്തിയത്.
അതേസമയം, കൊവിഡ് കാലയളവില്‍ ശമ്പളം നല്‍കാന്‍ കെഎസ്ആര്‍ടിസി നിബന്ധന വച്ചത് പ്രതിഷേധത്തിന് കാരണമായി. 50 ശതമാനം പേര്‍ ഹാജരാകണമെന്ന് നിര്‍ദേശിച്ച മേയ് 20 നും ജൂണ്‍ എട്ടിനും ഇടയില്‍ എട്ടുദിവസമെങ്കിലും ഡ്യൂട്ടി ചെയ്യാത്തവരുടെ ശമ്പളം കുറയ്ക്കും. അതേസമയം നിബന്ധന പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് തൊഴിലാളി യൂണിയനുകള്‍ എംഡിക്ക് കത്ത് നല്‍കി. മേയ് 16 മുതല്‍ ജൂണ്‍ പതിനഞ്ച് വരെയുള്ള ഡ്യൂട്ടി കണക്കിലെടുത്താണ് ജൂലൈയിലെ ശമ്പളം. ലോക്ക് ഡൗണ്‍ കാരണം മേയ് 19 വരെ കെഎസ്ആര്‍ടിസി സര്‍വീസില്ലായിരുന്നു. അതുകൊണ്ടുതന്നെ ആ നാല് ദിവസത്തെ ശമ്പളം എല്ലാവര്‍ക്കും കിട്ടും.
മറ്റ് ജില്ലകളില്‍ താമസിച്ച് ഡ്യൂട്ടി ചെയ്തിരുന്നവര്‍ക്ക് കൊവിഡ് കാരണം ജോലിക്കെത്താന്‍ കഴിയാതെ സാഹചര്യമുണ്ട്. ഇതിന് പരിഹാരമായി പരമാവധി ജീവനക്കാര്‍ക്കും അവരവരുടെ ജില്ലയിലേക്ക് സ്ഥലം മാറ്റം നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഇതിനായി അപേക്ഷയും ക്ഷണിച്ചു.