സര്‍ക്കാര്‍ ശമ്പളം വാങ്ങുന്നവര്‍ സ്വകാര്യ പിഎസ്‌സി, ട്യൂട്ടോറിയല്‍ കേന്ദ്രങ്ങളില്‍ ക്ലാസെടുക്കുന്നതിന് നിരോധനം

മേല്‍പ്പറഞ്ഞവ ഗുരുതരമായ അച്ചടക്കലംഘനമായതിനാല്‍ ഇത്തരം പ്രവൃത്തികളില്‍ ഏര്‍പ്പെടുന്നവര്‍ക്കെതിരേ വകുപ്പധ്യക്ഷന്‍മാര്‍/നിയമനാധികാരികള്‍ കര്‍ശന ശിക്ഷണനടപടികള്‍ സ്വീകരിക്കണം.

Update: 2020-03-16 18:23 GMT

തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാര്‍, സര്‍ക്കാര്‍/എയ്ഡഡ് സ്‌കൂള്‍-കോളജുകളിലെ അധ്യാപകര്‍ സ്വകാര്യ പിഎസ്‌സി പരിശീലന കേന്ദ്രങ്ങള്‍, സ്വകാര്യ ട്യൂട്ടോറിയല്‍ സ്ഥാപനങ്ങള്‍ എന്നിവ നടത്തുന്നതും അത്തരം സ്ഥാപനങ്ങളില്‍ അധ്യാപനം നടത്തുന്നതും നിരോധിച്ച് സര്‍ക്കാര്‍ ഉത്തരവായി. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഇത്തരം നടപടികളില്‍ ഏര്‍പ്പെടുന്നതായും സര്‍ക്കാര്‍ ജീവനക്കാര്‍, സര്‍ക്കാര്‍/എയ്ഡഡ് സ്‌കൂള്‍- കോളജുകളിലെ അധ്യാപകര്‍ മേല്‍പ്പറഞ്ഞ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് പുസ്തകങ്ങളും ഗൈഡുകളും പ്രസിദ്ധീകരിക്കുന്നതായും അത്തരം പ്രവര്‍ത്തനങ്ങള്‍ പ്രത്യക്ഷമായും പരോക്ഷമായും കൂട്ടുനില്‍ക്കുന്നതായും സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്ന് ഉദ്യോഗസ്ഥ ഭരണപരിഷ്‌കാര വകുപ്പ് സെക്രട്ടറി കെ ഗോപാലകൃഷ്ണ ഭട്ട് പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു.

വിഷയം സര്‍ക്കാര്‍ അതീവഗൗരവത്തോടെയാണ് കാണുന്നത്. മേല്‍പ്പറഞ്ഞവ ഗുരുതരമായ അച്ചടക്കലംഘനമായതിനാല്‍ ഇത്തരം പ്രവൃത്തികളില്‍ ഏര്‍പ്പെടുന്നവര്‍ക്കെതിരേ വകുപ്പധ്യക്ഷന്‍മാര്‍/നിയമനാധികാരികള്‍ കര്‍ശന ശിക്ഷണനടപടികള്‍ സ്വീകരിക്കണം. അധികാരികള്‍ ഈ നിര്‍ദേശം ലംഘിച്ചാല്‍ അത് ഗൗരവമായി കണക്കാക്കും. ഇക്കാര്യത്തില്‍ വീഴ്ചവരുത്തുന്നവര്‍ക്കെതിരേ സെക്രട്ടേറിയറ്റിലെ ബന്ധപ്പെട്ട ഭരണവകുപ്പ് സെക്രട്ടറിമാര്‍ കര്‍ശന നടപടി സ്വീകരിക്കേണ്ടതാണെന്ന് ഉത്തരവില്‍ വ്യക്തമാക്കുന്നു. ഉത്തരവിന്റെ പകര്‍പ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറിമാര്‍, പ്രിന്‍സിപ്പല്‍ സെക്രട്ടറിമാര്‍, സെക്രട്ടറിമാര്‍, സ്‌പെഷ്യല്‍ സെക്രട്ടറിമാര്‍ എന്നിവര്‍ക്ക് അയച്ചുകൊടുത്തിട്ടുണ്ട്. 

Tags: