സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ അനിശ്ചിതകാല നില്‍പ്പുസമരം ഇന്ന് മുതല്‍

Update: 2021-12-08 04:51 GMT

തിരുവനന്തപുരം: ശമ്പളവും മറ്റ് ആനുകൂല്യങ്ങളും വെട്ടിക്കുറച്ചതിനെതിരേ സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ ഇന്ന് സെക്രട്ടേറിയറ്റിനു മുന്നില്‍ അനിശ്ചിതകാല നില്‍പ്പുസമരം ആരംഭിക്കും. കേരള ഗവണ്‍മെന്റ് മെഡിക്കല്‍ ഓഫിസേഴ്‌സ് അസോസിയേഷന്റെ (കെജിഎംഒഎ) നേതൃത്വത്തിലാണു ഡോക്ടര്‍മാര്‍ സമരം പുനരാരംഭിക്കുന്നത്. രോഗികള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കാതെയായിരിക്കും സമരമെന്ന് കെജിഎംഒഎ അറിയിച്ചു.

ട്രെയിനിങ്ങുകള്‍, മീറ്റിങ്ങുകള്‍, വിഐപി ഡ്യൂട്ടി തുടങ്ങിയ സേവനങ്ങളില്‍നിന്നും വിട്ടുനില്‍ക്കും. നവംബര്‍ ഒന്ന് മുതല്‍ കെജിഎംഒഎയുടെ നേതൃത്വത്തില്‍ സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ സെക്രട്ടേറിയറ്റ് പടിക്കല്‍ നടത്തിവന്നിരുന്ന നില്‍പ്പുസമരം സര്‍ക്കാര്‍ നല്‍കിയ ഉറപ്പിനെത്തുടര്‍ന്ന് ഒരുമാസത്തേക്ക് മാറ്റിവച്ചിരുന്നു. ഈ ഉറപ്പ് സര്‍ക്കാര്‍ പാലിക്കാത്തതിനെ തുടര്‍ന്നാണു സമരം പുനരാരംഭിക്കാന്‍ തീരുമാനിച്ചത്.

സമരത്തിന്റെ ഉദ്ഘാടനം സംസ്ഥാന പ്രസിഡന്റ് ഡോ. ജി എസ് വിജയകൃഷ്ണന്‍ നിര്‍വഹിക്കും. ശമ്പള പരിഷ്‌കരണത്തില്‍ വന്ന അപാകതകള്‍ പരിഹരിക്കണമെന്നാണ് ഡോക്ടര്‍മാരുടെ ആവശ്യം. കൊവിഡ് കാലത്ത് ന്യായമായി ലഭിക്കേണ്ട റിസ്‌ക് അലവന്‍സ് നല്‍കിയില്ലെന്നും ശമ്പളപരിഷ്‌കരണം നടപ്പാക്കിയപ്പോള്‍ ആനുപാതിക വര്‍ധനവിന് പകരം ആനുകൂല്യങ്ങള്‍ വെട്ടിക്കുറച്ചെന്നുമാണ് കെജിഎംഒഎ ആരോപിച്ചു. വിഷയത്തില്‍ ഒക്ടോബര്‍ നാല് മുതല്‍ നിസ്സഹകരണ സമരം ഡോക്ടേഴ്‌സ് ആരംഭിച്ചിരുന്നു.

Tags: