എസ്‌സി-എസ്ടി അതിക്രമം തടയുന്നതില്‍ സര്‍ക്കാര്‍ പൂര്‍ണ പരാജയം: ഭരണപരിഷ്‌കാര കമ്മീഷന്‍

2018 അവസാനം വരെയുള്ള കണക്കനുസരിച്ച് പട്ടികജാതി വിഭാഗവുമായി ബന്ധപ്പെട്ട 2594 കേസുകളിലും ആദിവാസികളുടെ 448 കേസുകളിലും വിചാരണ പൂര്‍ത്തിയായില്ല.

Update: 2020-11-12 12:01 GMT

തിരുവനന്തപുരം: പട്ടികജാതി-പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്കെതിരായ അതിക്രമം തടയല്‍ നിയമം നടപ്പാക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പരാജയമാണെന്ന് ചൂണ്ടിക്കാട്ടി വിഎസ് അച്യുതാന്ദന്‍ ചെയര്‍മാനായ ഭരണപരിഷ്‌കാര കമീഷന്‍. കമീഷന്‍ സമര്‍പ്പിച്ച ആറാമത് റിപോര്‍ട്ടിലാണ് സര്‍ക്കാരിനെതിരെ വിമര്‍ശനങ്ങളുള്ളത്.

എസ്‌സി-എസ്ടി അതിക്രമം തടയല്‍ നിയമത്തിന് കീഴിലുള്ള കേസുകളുടെ ശിക്ഷാനിരക്ക് വളരെ കുറവാണ്. ഇക്കാര്യത്തില്‍ ഉചിതമായ നടപടി സ്വീകരിക്കണമെന്ന് കമ്മീഷന്‍ സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തു. പ്രതികള്‍ കുറ്റവിമുക്തരാവുന്നത് ഇരകളുടെ ആത്മവിശ്വാസം ഇല്ലാതാക്കും. അത് അതിക്രമങ്ങള്‍ ഇരട്ടിക്കുന്നതിലേക്ക് നയിക്കും. അന്വേഷണം മെച്ചപ്പെടുത്തുന്നതിന് പോലിസിന് പ്രത്യേക പരിശീലനം നല്‍കണമെന്നും കമ്മീഷന്‍ ശുപാര്‍ശ ചെയ്തു.

2018 അവസാനം വരെയുള്ള കണക്കനുസരിച്ച് പട്ടികജാതി വിഭാഗവുമായി ബന്ധപ്പെട്ട 2594 കേസുകളിലും ആദിവാസികളുടെ 448 കേസുകളിലും വിചാരണ പൂര്‍ത്തിയായില്ല. 2017ല്‍ ഇരകളില്‍ രണ്ടുപേര്‍ക്ക് മാത്രമാണ് നിശ്ചിത സമയത്തിനുള്ളില്‍ നഷ്ടപരിഹാരം ലഭിച്ചത്. പട്ടികജാതിക്കാര്‍ക്ക് നേരെയുള്ള അതിക്രമങ്ങളുമായി ബന്ധപ്പെട്ട് 2018ല്‍ 1583 കേസ് രജിസ്റ്റര്‍ ചെയ്തതില്‍ 608ല്‍ മാത്രമാണ് കുറ്റപത്രം സമര്‍പ്പിച്ചത്. പട്ടികവര്‍ഗക്കാരുടെ കാര്യത്തില്‍ ഇത് 283ല്‍ 175 കേസിലാണ് കുറ്റപത്രം നല്‍കിയത്. ഈ പ്രവണത അവസാനിപ്പിച്ച് സര്‍ക്കാരിന്റെ ഇടപെടല്‍ ഉണ്ടാവണമെന്നാണ് കമ്മീഷന്‍ റിപോര്‍ട്ടില്‍ നിര്‍ദ്ദേശിക്കുന്നത്.

കേസുകളില്‍ ശാസ്ത്രീയവും ശക്തവുമായ അന്വേഷണം നടക്കുന്നുവെന്ന് സര്‍ക്കാര്‍ ഉറപ്പ് വരുത്തണം. ശിക്ഷാനിരക്ക് മെച്ചപ്പെടുത്തുന്നതിന് കൂടുതല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍മാരെ നിയമിക്കണമെന്നും ഇരകള്‍ക്ക് നിയമസഹായം നല്‍കുന്നതിന് അഭിഭാഷകരുടെ പാനലുണ്ടാക്കണമെന്നും നിര്‍ദ്ദേശമുണ്ട്.